ബാർസയ്ക്ക് ഇനി തീക്കളികൾ; കൂമാൻ അതിജീവിക്കുമോ, ‘ഒക്ടോബർ വിപ്ലവം’?
‘ലിയോ മെസ്സി എവിടെ?’ സ്പാനിഷ് ലാലിഗയിൽ വിരലിലെണ്ണാവുന്ന സീസൺ മാത്രം കളിച്ച കാഡിസ് എഫ്സിയുടെ ആരാധകർ കഴിഞ്ഞ ദിവസം സ്വന്തം മൈതാനത്ത് ബാർസിലോന താരങ്ങളെയും ആരാധകരെയും വരവേറ്റത് ഈ ചോദ്യത്തോടെയാണ്. കാഡിസിന്റെ നുയെവോ മിറാൻഡില്ല സ്റ്റേഡിയത്തിലെ ഞെട്ടിക്കുന്ന മത്സരഫലത്തെക്കാൾ ബാർസിലോനയെ അലട്ടിയ ഒന്നാകും ആ
‘ലിയോ മെസ്സി എവിടെ?’ സ്പാനിഷ് ലാലിഗയിൽ വിരലിലെണ്ണാവുന്ന സീസൺ മാത്രം കളിച്ച കാഡിസ് എഫ്സിയുടെ ആരാധകർ കഴിഞ്ഞ ദിവസം സ്വന്തം മൈതാനത്ത് ബാർസിലോന താരങ്ങളെയും ആരാധകരെയും വരവേറ്റത് ഈ ചോദ്യത്തോടെയാണ്. കാഡിസിന്റെ നുയെവോ മിറാൻഡില്ല സ്റ്റേഡിയത്തിലെ ഞെട്ടിക്കുന്ന മത്സരഫലത്തെക്കാൾ ബാർസിലോനയെ അലട്ടിയ ഒന്നാകും ആ
‘ലിയോ മെസ്സി എവിടെ?’ സ്പാനിഷ് ലാലിഗയിൽ വിരലിലെണ്ണാവുന്ന സീസൺ മാത്രം കളിച്ച കാഡിസ് എഫ്സിയുടെ ആരാധകർ കഴിഞ്ഞ ദിവസം സ്വന്തം മൈതാനത്ത് ബാർസിലോന താരങ്ങളെയും ആരാധകരെയും വരവേറ്റത് ഈ ചോദ്യത്തോടെയാണ്. കാഡിസിന്റെ നുയെവോ മിറാൻഡില്ല സ്റ്റേഡിയത്തിലെ ഞെട്ടിക്കുന്ന മത്സരഫലത്തെക്കാൾ ബാർസിലോനയെ അലട്ടിയ ഒന്നാകും ആ
‘ലിയോ മെസ്സി എവിടെ?’ സ്പാനിഷ് ലാലിഗയിൽ വിരലിലെണ്ണാവുന്ന സീസൺ മാത്രം കളിച്ച കാഡിസ് എഫ്സിയുടെ ആരാധകർ കഴിഞ്ഞ ദിവസം സ്വന്തം മൈതാനത്ത് ബാർസിലോന താരങ്ങളെയും ആരാധകരെയും വരവേറ്റത് ഈ ചോദ്യത്തോടെയാണ്. കാഡിസിന്റെ നുയെവോ മിറാൻഡില്ല സ്റ്റേഡിയത്തിലെ ഞെട്ടിക്കുന്ന മത്സരഫലത്തെക്കാൾ ബാർസിലോനയെ അലട്ടിയ ഒന്നാകും ആ ഒന്നൊന്നര ചോദ്യം. ഇറ്റലിയിലെ എസി മിലാനെപ്പോലെ, ഇംഗ്ലണ്ടിലെ ആർസനലിനെപ്പോലെ, തിരിച്ചുവരവില്ലെന്നു തോന്നിപ്പിക്കുന്നൊരു ദുരിതപ്രയാണത്തിന്റെ നടവഴിയിലാണോ ക്ലബ്ബെന്ന ആശങ്കയിലാണു ബാർസയുടെ ആരാധകസമൂഹം. ആ നോവിന്റെ എരിതീയിലേക്കാണു സ്പാനിഷ് ലീഗിലെ ഇത്തിരിക്കുഞ്ഞൻ ടീമിന്റെ ആരാധകർ ലയണൽ മെസ്സിയെ കൈവിട്ട ഓർമകളുടെ എണ്ണയൊഴിച്ചത്.
കളത്തിനു പുറത്തു കാഡിസിന്റെ ആരാധകരും അകത്തു കാഡിസിന്റെ കളിക്കാരും ചേർന്ന് എഫ്സി ബാർസിലോനയ്ക്കു നൽകിയതു കറ്റാലൻ ആരാധകർ ഒരുകാലത്തും ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അനുഭവങ്ങളാണ്. അത്യാവശ്യമെന്നുതന്നെ വിശേഷിപ്പിക്കേണ്ട മൂന്നു പോയിന്റ് ലക്ഷ്യമിട്ടെത്തിയ ബാർസയ്ക്കു മത്സരത്തിനു മുൻപേ തന്നെ കല്ലുകടികളാണു ‘കാഡിസ് വിസിറ്റ്’ സമ്മാനിച്ചത്. മത്സരത്തിനു മുന്നോടിയായി നടന്ന പ്രസ് കോൺഫറൻസായിരുന്നു ആദ്യവേദി. മാധ്യമങ്ങൾക്കു മുന്നിൽ, എഴുതി തയാറാക്കിയ കുറിപ്പുമായെത്തി വായിച്ചു മടങ്ങിയ ബാർസിലോന കോച്ച് റൊണാൾഡ് കൂമാന്റെ നടപടി ബാർസ അധികൃതരെപ്പോലും അമ്പരപ്പിച്ചിരിക്കും. കയർത്തും ചൂടായും മറുപടി നൽകാറുള്ള കൂമാന്റെ ശൈലീമാറ്റം ബാർസയുടെ അണിയറയിൽ ഒരുങ്ങുന്ന പൊളിച്ചെഴുത്തിന്റെ മുന്നോടിയാണെന്നാണു സൂചനകൾ.
ചാംപ്യൻസ് ലീഗിൽ ബയൺ മ്യൂണിക്കിനെതിരായ വൻതോൽവിയുടെയും ലാലിഗയിൽ ദുർബലരായ ഗ്രനഡയ്ക്കെതിരായ സമനിലയുടെയും പരുക്കിലുള്ള കൂമാൻ ചോദ്യങ്ങളിൽ നിന്ന് അക്ഷരാർഥത്തിൽ ഓടിരക്ഷപ്പെടുകയാണു ചെയ്തത്. പിറ്റേന്നു കാഡിസിനെ കീഴടക്കി കളത്തിൽ നിന്നുതന്നെ മറുപടി പറയാമെന്നും മുൻ ഡച്ച് താരം കരുതിയിരിക്കും. പക്ഷേ, പതിഞ്ഞ തുടക്കവുമായി നനഞ്ഞ പ്രകടനമാണു ബാർസ താരങ്ങളിൽ നിന്നുണ്ടായത്. രണ്ടാം പകുതിയിൽ കാഡിസ് താരങ്ങൾ സ്വന്തം ഹാഫിൽതന്നെ നിലയുറപ്പിച്ചതോടെ സന്ദർശകരുടെ പദ്ധതികൾ പാളി. ഫലം ഗോൾരഹിത സമനില.
കാഡിസിന് അതു ജയത്തിനു തുല്യമാകാം. പക്ഷേ ബാർസയ്ക്കും കൂമാനും അതു തോൽവി തന്നെയാണ്. ലീഗ് പ്രതീക്ഷകൾക്കേറ്റ തിരിച്ചടിയാണ്. നിലവിലെ ടീമിന്റെ നിലനിൽപ്പിനുതന്നെ അപായമാണ്. അഞ്ചാം മത്സരം പൂർത്തിയാക്കുമ്പോൾ സ്പാനിഷ് ലീഗ് കിരീടമെന്ന ലക്ഷ്യത്തിൽ നിന്ന് ഏറെ അകലെയാണ് കൂമാന്റെ സംഘം. ലാലിഗയിൽ അഞ്ചു മത്സരങ്ങളിൽ നിന്നു 9 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ടീം ഇപ്പോൾ. ചെറുടീമുകൾക്കെതിരായ അഞ്ചു മത്സരങ്ങളിൽ നിന്നു വെറും 8 ഗോളുകളാണു (ഇതിൽ നാലും ഒരു മത്സരത്തിൽ നിന്ന്) ബാർസയുടെ സമ്പാദ്യം. 2003 സീസണിനു ശേഷമുള്ള ബാർസയുടെ ഏറ്റവും മോശം നിലയാണിത്.
ഇതിഹാസതാരം ലയണൽ മെസ്സിക്കു പകരം നിൽക്കാനൊരു താരത്തെ കണ്ടെത്തുകയെന്നത് അസാധ്യമായിരുന്നെങ്കിലും ബാർസയുടെ മുന്നേറ്റനിരയിലായിരുന്നു റൊണാൾഡ് കൂമാൻ ഏറ്റവും കൂടുതൽ സമയവും ശ്രദ്ധയും സമ്മർദവും ചെലുത്തിയത്. ഡച്ച് സ്ട്രൈക്കർമാരായ മെംഫിസ് ഡിപായും ലൂക് ഡി യോങ്ങും കൂമാന്റെ നിർബന്ധത്തിന്റെയും പദ്ധതികളുടെയും അടിസ്ഥാനത്തിൽ നൂകാംപിലെത്തിയവരാണ്. ബാർസയുടെ വിജയമുഖങ്ങളിലൊന്നായിരുന്ന യുറഗ്വായ് താരം ലൂയി സ്വാരസിനും ഫ്രഞ്ച് സ്ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മനും പകരമാണു ഡച്ച് പരിശീലകൻ ഡച്ച് മുന്നേറ്റജോടികളെ ഒപ്പംകൂട്ടിയത്. ആ കണക്കുകൂട്ടലുകളെല്ലാം പാടെ പിഴച്ചെന്നു തോന്നിപ്പിക്കുന്ന ഫലങ്ങളാണു കൂമാന്റെ ടീം കളത്തിൽ നിന്നു നൽകുന്നത്.
ദുർബലരായ കാഡിസിനെതിരെ ഗോൾ ലക്ഷ്യമിട്ടു ബാർസ താരങ്ങൾ തൊടുത്തതു വെറും 6 ഷോട്ടുകൾ. അതിൽതന്നെ കൃത്യം ഗോൾമുഖത്തെന്നു പറയാവുന്നതു രണ്ടേ രണ്ടു ഷോട്ടുകളും. യുവേഫ ചാംപ്യൻസ് ലീഗിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബയൺ മ്യൂണിക്കിനെതിരായ പരാജയത്തെക്കാളും ടീമിനെ ‘തോൽപ്പിച്ചത്’ ഫൈനൽ തേഡിലെ തകർച്ചയും തളർച്ചയുമാകും. തൊണ്ണൂറു മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഒരു ‘ഷോട്ട് ഓൺ ടാർഗറ്റ്’ പോലും സൃഷ്ടിക്കാനാകാതെ നാണം കെട്ടാണു മെംഫിസ് ഡിപായ് നയിച്ച ബാർസ ആക്രമണനിര മടങ്ങിയത്.
ചാംപ്യൻസ് ലീഗിലെ ആദ്യ മത്സരങ്ങളിലെ രണ്ടു ദശകത്തിലേറെ നീണ്ട അപരാജിത റെക്കോർഡ് കൂടി കൈവിട്ടാണു ടീം അന്നു നൂകാംപ് വിട്ടത്. കൂമാന്റെ കീഴിലെ ബാർസയുടെ വിജയക്കണക്കുകളും പരിശീലകന്റെ ഭാവി തുലാസിലെന്നു വ്യക്തമാക്കുന്നതാണ്. ലാലിഗ ഉൾപ്പെടെ എല്ലാ മത്സരങ്ങളിലുമായി 60 % മാത്രമാണു കൂമാന്റെ വിജയശതമാനം. 2008ലെ ഫ്രാങ്ക് റൈക്കാർഡിന്റെ കാലഘട്ടത്തിനു ശേഷം ആദ്യമായാണു ബാർസിലോനയുടെ പ്രകടനം ഇത്രയും ദയനീയമാകുന്നത്. സമീപകാലത്തു ബാർസയ്ക്കു സംഭവിച്ച അബദ്ധങ്ങളിലൊന്നായി ആരാധകർ കരുതുന്ന ക്വിക്കെ സെറ്റിയനു പോലും (ഒറ്റയ്ക്കു മത്സരങ്ങൾ പിടിച്ചെടുത്തിട്ടുള്ള മെസ്സി പ്രഭാവം മറക്കുന്നില്ല) ഇതിലും മികച്ച ഫലം സൃഷ്ടിക്കാനായിട്ടുണ്ട്.
റൊണാൾഡ് കൂമാൻ എന്ന ബാർസ മുൻ മിഡ്ഫീൽഡറുടെ പരിശീലക ദൗത്യത്തിന് ഏതു സമയവും ‘ഫൈനൽ വിസിൽ’ ഉയരാമെന്ന നിലയിലാണു നൂകാംപിൽ നിന്നുള്ള വാർത്തകൾ. കഴിഞ്ഞ മത്സരത്തിൽ അച്ചടക്കലംഘനത്തിന്റെ ചുവപ്പു കാർഡ് വാങ്ങി മടങ്ങിയ റൊണാൾഡ് കൂമാന് ഇനി രണ്ടു മത്സരങ്ങൾ കഴിഞ്ഞേ ലാലിഗയുടെ മൈതാനത്ത് ഇറങ്ങാനാകൂ. സൈഡ് ബെഞ്ചിൽ നിന്നുള്ള ഈ ഇടവേളയിൽ ഇടതടവില്ലാതെയാണു ബാർസയിൽ ഡച്ചുകാരന്റെ പകരക്കാരുടെ പേരുകൾ നിറയുന്നത്.
ഏറെ നാളുകളായി ബാർസയുടെ ഹെഡ് കോച്ച് നോമിനിയായി പറയപ്പെടുന്ന മുൻ മിഡ് ഫീൽഡർ ചാവി ഹെർണാണ്ടസിന്റെ േപരു തന്നെയാണ് ആദ്യം ഉയർന്നുവന്നത്. ക്ലബ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു സാധ്യതയുണ്ടായിരുന്ന വിക്ടർ ഫോണ്ട് പരസ്യമായി ചാവിയുടെ വരവ് വ്യക്തമാക്കിയെങ്കിലും ഇപ്പോഴത്തെ പ്രസിഡന്റ് ജൊവാൻ ലപോർട്ടയുടെ പട്ടികയിൽ മുൻതാരത്തിന് അത്ര മുൻഗണനയില്ല. ഖത്തർ ക്ലബ് അൽ സാദ് എഫ്സിയുടെ പരിശീലകനായ ചാവി ഒരുവട്ടം ബാർസയുടെ ഓഫർ നിരസിക്കുകയും ചെയ്തിരുന്നു. കറ്റാലൻ ക്ലബ്ബിന്റെ ചുമതലയേറ്റെടുക്കാൻ പറ്റിയ സമയം ഇതല്ലെന്നു വ്യക്തമാക്കിയായിരുന്നു അന്നു ചാവിയുടെ ഒഴിഞ്ഞുമാറൽ. സഹതാരമായിരുന്ന മെസ്സിയുടെ കൂടി അഭാവത്തിൽ ചാവി ഇനി ആ വെല്ലുവിളി ഏറ്റെടുക്കുമോയെന്ന കാര്യവും സംശയമാണ്.
നിലവിൽ ഒരു ക്ലബ്ബിന്റെയും ചുമതല ഏറ്റെടുക്കാത്ത ഇറ്റാലിയൻ ബോസ് അന്റോണിയോ കോന്റെയും ബാർസ റഡാറിലുണ്ട്. താരത്തിളക്കമുള്ളൊരു ഹെവിവെയ്റ്റ് കോച്ചിനെ സ്വന്തമാക്കാനാണു ബാർസ മാനേജ്മെന്റിന്റെ പദ്ധതിയെങ്കിൽ ആ സ്ഥാനത്തിന് യോജിച്ച ഒരാൾ അന്റോണിയോ കോന്റെയാണ്. യുവെന്റസിനും ചെൽസിക്കും ഒടുവിൽ ഇന്ററിനും കിരീടം സമ്മാനിച്ച കോന്റെ ക്ലബിനെ വിജയത്തിലേയ്ക്കു നയിക്കാൻ വേണ്ട ‘തല’യെടുപ്പുള്ള കക്ഷിയാണ്. ബാർസയുടെ തനതു ശൈലിയിലല്ല കോന്റെയുടെ തന്ത്രങ്ങളെന്നതു മാത്രമാകും എതിർഘടകം. ലാമാസിയയിൽ നിന്നുള്ള വരവ് ഏറെക്കുറെ നിലച്ച നിലയ്ക്കു പെദ്രിയെയും ഡെമീറിനെയും ഗാർസിയയെയും ഗാവിയെയും പോലുള്ള യുവതാരങ്ങളുമായി ബാർസയൊരു ‘മെയ്ക്ക് ഓവർ’ ശ്രമം നടത്തിയാൽ അതിന്റെ ചുക്കാൻ പിടിക്കാൻ ഏറ്റവും യോഗ്യൻ കോന്റെയാകും.
ബെൽജിയം ദേശീയ ടീമിനെ ലോക ഒന്നാം നമ്പറാക്കി മാറ്റിയ റോബർട്ടോ മാർട്ടിനെസാണു സാധ്യതകളിൽ സജീവമായ മറ്റൊരു പരിശീലകൻ. അടുത്ത വർഷം വരെ ബെൽജിയവുമായി കരാറുള്ള കോച്ചിനെ ആകർഷിക്കുന്ന വമ്പനൊരു പദ്ധതി ബാർസ നീട്ടിയാൽ കൂമാന്റെ പിൻഗാമിയായി സ്വന്തം നാട്ടിലെത്തിയേക്കും സ്പെയിൻകാരൻ. ജർമനിയുടെ മുൻ പരിശീലകൻ യൊക്കിം ലോയും യുവെന്റസിൽ പരിശീലകക്കുപ്പായം പരീക്ഷിച്ചു പരാജയപ്പെട്ട ആന്ദ്രേ പിർലോയും ബാർസ ‘ബി’ ടീമിന്റെ ചുമതലയുള്ള സെർജിയും കറ്റാലൻ ക്ലബുമായി മികച്ച ബന്ധമുള്ള അയാക്സ് ആംസ്റ്റർഡാമിന്റെ കോച്ച് എറിക് ടെൻ ഹാഗുമെല്ലാം കൂമാന്റെ സ്ഥാനചലനവുമായി ബന്ധപ്പെട്ട് ഉയരുന്ന പേരുകളാണ്.
മുൻ ബാർസ താരവും ജൂനിയർ ടീം പരിശീലകനുമായിരുന്ന ഓസ്കർ ഗാർസിയയുടെ തിരിച്ചുവരവും ചൂടേറിയ വാർത്തകളായി കാറ്റലൂനിയയിൽ പരക്കുന്നുണ്ട്. ഫ്രഞ്ച് ലീഗ് വണ്ണിലെ റിംസിന്റെ ചുമതലയിലാണു സ്പാനിഷ് കോച്ച് ഇപ്പോഴുള്ളത്. ഏറ്റവുമൊടുവിൽ പറഞ്ഞുകേൾക്കുന്ന പേരുകളിലൊന്നു ബാർസയുടെ തന്നെ മുൻതാരമായ ഫിലിപ് കോക്കുവിന്റേതാണ്. പരിശീലകനായി പിഎസ്‌വി ഐന്തോവനെ മൂന്നുവട്ടം ഡച്ച് കിരീടമണിയിച്ച മുൻ മധ്യനിരതാരത്തിന് അനുകൂലമായൊരു ഘടകം ഡച്ച് കണക്ഷൻ തന്നെ. ഫ്രെങ്കി ഡി യോങ്ങും മെംഫിസ് ഡിപായും പോലുള്ള ഡച്ച് താരങ്ങളുടെ സാന്നിധ്യമുള്ള ബാർസയിൽ തിളങ്ങാൻ നിലവിൽ ഒരു ടീമിന്റെയും ഭാഗമല്ലാത്ത കോക്കുവിനാകുമെന്നാണു പ്രതീക്ഷകൾ.
ബാർസയിൽ ഇതു പരിണാമകാലമാണെന്നും നന്നാകാൻ സമയമെടുക്കുമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണു കാഡിസിനെതിരായ മത്സരത്തിനു മുന്നേ മാധ്യമങ്ങൾക്കു മുന്നിലെത്തി കൂമാൻ ‘വായിച്ച’ വാക്കുകൾ. മുന്നിൽ മാധ്യമനിരയായിരുന്നുവെങ്കിലും കൂമാൻ ഇങ്ങനെ പറഞ്ഞുവച്ചതു ക്ലബ് മാനേജ്മെന്റിനുള്ള സന്ദേശം എന്ന നിലയ്ക്കു കൂടിയാണ്. ക്ലബ്ബുമായുള്ള ഊഷ്മള ബന്ധവും മുൻതാരമെന്ന വിലാസവും കണക്കിലെടുത്തു ലപോർട്ടയും സംഘവും തൽക്കാലം ആ വാക്കുകൾക്കു വില കൽപ്പിച്ചാലും കൂമാനു കടുത്ത വെല്ലുവിളിയാകും ഇനിയുള്ള നാളുകൾ. കടുകട്ടിയാണ് ഒക്ടോബറിൽ കറ്റാലൻ ടീമിനെ കാത്തിരക്കുന്ന മത്സരങ്ങൾ. യുവേഫ ചാംപ്യൻസ് ലീഗ് ആയാലും ലാലിഗ ആയാലും ജീവൻമരണപോരാട്ടങ്ങളുടെ പരീക്ഷണങ്ങളാണു യുവതാരങ്ങളും വെറ്ററൻമാരും നിറഞ്ഞ ടീമിനെ കാത്തിരിക്കുന്നത്.
യൂറോപ്യൻ വൻകരയുടെ പോരാട്ടത്തിൽ ഗ്രൂപ്പ് ‘ഇ’ കടക്കാനുള്ള ഊർജം ബാർസയ്ക്കുണ്ടോയെന്നു സംശയിക്കുന്നവരുടെ എണ്ണത്തിനാകും മൃഗീയഭൂരിപക്ഷം. നൂകാംപിൽ മൂന്നു ഗോളടിച്ചു മടങ്ങിയ ബയണിനെതിരായ എവേ മാച്ച് ഇനിയും ബാക്കി. ഗ്രൂപ്പിൽ ഇനി ബാക്കിയുള്ളവർ, പോർചുഗലിൽ നിന്നുള്ള ബെൻഫിക്കയും യുക്രെയ്ൻ ക്ലബ് ഡൈനാമോ കീവും, കടലാസിൽ അത്ര കരുത്തരല്ലെന്നു തോന്നിപ്പിച്ചേക്കാം. പക്ഷേ, കളത്തിൽ അങ്ങനെയാവില്ല കാര്യങ്ങൾ. മികച്ചൊരു സ്ക്വാഡ് അവകാശപ്പെടാവുന്നവരാണു ബെൻഫിക്ക. സ്വന്തം ഗ്രൗണ്ടിൽ ഏതു ടീമിനെയും വീഴ്ത്താൻ പോന്നവരാണ് അവർ. കളിക്കാരുടെ പേരും പെരുമയും എന്തുമാകട്ടെ, പക്ഷേ, കീവിൽ ഡൈനാമോയെ നേരിടുന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. ഇന്നത്തെ നിലയിൽ എഫ്സി ബാർസിലോനയെ സംബന്ധിച്ച് ‘മോർ ദാൻ എ ചാലഞ്ച്’ തന്നെയാകും ചാംപ്യൻസ് ലീഗിലെ ഗ്രൂപ്പ് കടമ്പകൾ.
എന്നാൽ, അത്രത്തോളം പോകുമോ കൂമാന്റെ യാത്ര എന്നു സംശയിക്കുന്നവരും ഏറെയുണ്ടാകും. പുറത്തേയ്ക്കുള്ള വഴി തെളിയാൻ ലാലിഗ തന്നെ പോരേ എന്നാകും അവരുടെ പക്ഷം. തെല്ലും തെറ്റ് പറയാനാകുന്നതല്ല ആ കണക്കുകൂട്ടൽ. യുവേഫ ഗ്രൂപ്പിന്റെ പരീക്ഷകൾ തീരുംമുൻപേ കൂമാന്റെ ഫലം അറിയാവുന്ന നിലയ്ക്കാണു ലാലിഗയുടെ ഫിക്സ്ചർ. ഗ്രനഡയോടും കാഡിസിനോടും ജയിക്കാനാകാത്ത ബാർസയുടെ മുന്നിലേക്കു ലെവാന്തെയാണ് അടുത്ത എതിരാളികളായെത്തുക. ലീഗിലെ വമ്പൻ ടീമുകളോടു മല്ലിട്ടു നിൽക്കുന്ന ശീലക്കാരാണു പോയിന്റ് നിലയിൽ ഗ്രനഡയ്ക്കും മേലെ നിൽക്കുന്ന ലെവാന്തെ. ലെവാന്തെ കടന്നാൽ പിന്നെ വരുന്നത് അത്‌ലറ്റിക്കോ മഡ്രിഡിനെതിരായ തീക്കളിയാണ്. മഡ്രിഡിലെ കോട്ടകളിലൊന്നായ വാന്ദാ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാണ് ആ കളി.
അതു കഴിഞ്ഞെത്തുന്നവരും മോശക്കാരല്ല, ലീഗിലെ ടോപ് ഫോർ റേസിലുള്ള വലൻസിയ. അതും പിന്നിട്ടാൽ ലാലിഗയിലെ മാസ്റ്റർപീസായ ‘എൽ ക്ലാസിക്കോ’ തെളിയും. ലയണൽ മെസ്സി യുഗത്തിനു ശേഷമുള്ള ആദ്യ എൽ ക്ലാസിക്കോ. സീസണിലെ ആദ്യ കണ്ടുമുട്ടലിൽ റയൽ മഡ്രിഡ് നൂകാംപിലേക്കാണ് എത്തുന്നത്. ലിയോ മെസ്സി ഇല്ലാത്ത നൂകാംപിൽ റയലിന്റെ തീരാപ്പകയ്ക്കു മുന്നിൽ പകരം വയ്ക്കാൻ എന്താകും ബാർസ കരുതുക? റൊണാൾഡ് കൂമാൻ അല്ല, ഇനി ക്ലബ്ബിന്റെ എല്ലാമെല്ലാമായ സാക്ഷാൽ പെപ് ഗ്വാർഡിയോള തിരികെ വന്നാലും ഈ ചോദ്യത്തിന് ഉത്തരം അത്ര എളുപ്പമല്ല.
English Summary: Barcelona Coach Ronald Koeman in Deep Crisis