ബാർസിലോന ആരാധകരോട് ഒരു വാക്ക്: ‘ക്ഷമ വേണം, സമയം എടുക്കും’ !
സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ്സി ബാർസിലോന ആരാധകർ ഇപ്പോൾ ദൃശ്യം–2 സിനിമ കാണുന്നത് എന്തു കൊണ്ടും നന്നാകും. അതിലെ പ്രശസ്തമായ ഒരു ഡയലോഗ് അവർക്ക് ഒരു മോട്ടിവേഷനൽ ക്വോട്ട് പോലെ ഉപകാരപ്പെടും: ‘ക്ഷമ വേണം, സമയം എടുക്കും’. ടീമിന്റെ കോച്ച് റൊണാൾഡ് കൂമാൻ കഴിഞ്ഞയാഴ്ച ലാ ലിഗയിൽ ഗ്രനഡയ്ക്കെതിരെ 1–1 സമനില വഴങ്ങിയതിനു
സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ്സി ബാർസിലോന ആരാധകർ ഇപ്പോൾ ദൃശ്യം–2 സിനിമ കാണുന്നത് എന്തു കൊണ്ടും നന്നാകും. അതിലെ പ്രശസ്തമായ ഒരു ഡയലോഗ് അവർക്ക് ഒരു മോട്ടിവേഷനൽ ക്വോട്ട് പോലെ ഉപകാരപ്പെടും: ‘ക്ഷമ വേണം, സമയം എടുക്കും’. ടീമിന്റെ കോച്ച് റൊണാൾഡ് കൂമാൻ കഴിഞ്ഞയാഴ്ച ലാ ലിഗയിൽ ഗ്രനഡയ്ക്കെതിരെ 1–1 സമനില വഴങ്ങിയതിനു
സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ്സി ബാർസിലോന ആരാധകർ ഇപ്പോൾ ദൃശ്യം–2 സിനിമ കാണുന്നത് എന്തു കൊണ്ടും നന്നാകും. അതിലെ പ്രശസ്തമായ ഒരു ഡയലോഗ് അവർക്ക് ഒരു മോട്ടിവേഷനൽ ക്വോട്ട് പോലെ ഉപകാരപ്പെടും: ‘ക്ഷമ വേണം, സമയം എടുക്കും’. ടീമിന്റെ കോച്ച് റൊണാൾഡ് കൂമാൻ കഴിഞ്ഞയാഴ്ച ലാ ലിഗയിൽ ഗ്രനഡയ്ക്കെതിരെ 1–1 സമനില വഴങ്ങിയതിനു
സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ്സി ബാർസിലോന ആരാധകർ ഇപ്പോൾ ദൃശ്യം–2 സിനിമ കാണുന്നത് എന്തു കൊണ്ടും നന്നാകും. അതിലെ പ്രശസ്തമായ ഒരു ഡയലോഗ് അവർക്ക് ഒരു മോട്ടിവേഷനൽ ക്വോട്ട് പോലെ ഉപകാരപ്പെടും: ‘ക്ഷമ വേണം, സമയം എടുക്കും’. ടീമിന്റെ കോച്ച് റൊണാൾഡ് കൂമാൻ കഴിഞ്ഞയാഴ്ച ലാ ലിഗയിൽ ഗ്രനഡയ്ക്കെതിരെ 1–1 സമനില വഴങ്ങിയതിനു ശേഷം അവരോടു പറഞ്ഞതും അതാണ്. അതിനു ശേഷം കഴിഞ്ഞ ദിവസം കഡിസിനെതിരെയും ബാർസ രക്ഷപ്പെട്ടില്ല– ഗോളില്ലാ സമനില! 26 തവണ സ്പാനിഷ് ലീഗ് കിരീടം ചൂടിയ ക്ലബ് ഈ സീസണിൽ 7–ാം സ്ഥാനത്താണ്. 5 കളിയിൽ 2 ജയം, 3 സമനില!
കൂമാനെ മാത്രം പഴിച്ചിട്ടു കാര്യമില്ല. ചരിത്രത്തിലെ ഏറ്റവും ‘നിർഭാഗ്യവാനായ’ ബാർസിലോന പരിശീലകനാണ് ഡച്ചുകാരൻ. കാരണം ലയണൽ മെസ്സി ഇല്ലാത്ത ബാർസിലോനയെയാണ് കൂമാനു കിട്ടിയിരിക്കുന്നത്. കൂനിൻമേൽ കുരു പോലെ മറ്റു പ്രധാന താരങ്ങൾക്കു പരുക്കും. ഗ്രനഡയ്ക്കെതിരെ സീനിയർ താരം ജോർഡി ആൽബ, യുവതാരം പെദ്രി, പുതിയ താരം സെർജിയോ അഗ്യൂറോ എന്നിവരൊന്നുമില്ലാതെയാണ് ബാർസ ഇറങ്ങിയത്. കളിയുടെ അവസാനം വെറ്ററൻ ഡിഫൻഡർ ജെറാർദ് പീക്കെയെ സ്ട്രൈക്കറായി വരെ കൂമാനു പരീക്ഷിക്കേണ്ടി വന്നു. ‘ബാർസ വീണ്ടും ടോട്ടൽ ഫുട്ബോളിലേക്ക്’ എന്നായിരുന്നു അതിനു പരിഹാസം. ക്ലബ്ബിന്റെ സ്വതസിദ്ധമായ പാസിങ് ശൈലിയൊക്കെ വിട്ട് ക്രോസുകൾ കൊണ്ട് എതിർ ഗോൾമുഖം ലക്ഷ്യമാക്കുന്ന ‘ഡയറക്ട് ഫുട്ബോൾ’ കളിച്ചതും ആരാധകരെ ചൊടിപ്പിച്ചു. ബാർസ പ്രസിഡന്റ് ജോവാൻ ലപോർട്ട തന്നെ പരോക്ഷമായി പറഞ്ഞു: ടീം കുറച്ചു കൂടി നല്ല ഫുട്ബോൾ കളിക്കണം!
എങ്കിലും ലപോർട്ട കൂമാനെ പുറത്താക്കുക എന്ന കടുംകൈയ്ക്കു പെട്ടെന്നു തുനിയാൻ സാധ്യതയില്ല. കാരണം ഒന്ന് സാമ്പത്തികം തന്നെ. കരാർ കാലാവധി കഴിയാതെ കൂമാനെ പുറത്താക്കിയാൽ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. മാത്രമല്ല മറ്റൊരു കോച്ചിനെ കണ്ടെത്താനുള്ള തുകയും വേണം. മുൻ താരം കൂടിയായ ചാവി ഹെർണാണ്ടസാണ് ആരാധകരുടെ മനസ്സിലുള്ളത്. പക്ഷേ ഈയൊരു അവസ്ഥയിൽ അതൊട്ടും പ്രായോഗികമല്ല. ഇപ്പോൾ വരുന്നില്ല എന്ന നിലപാടോടെ ഖത്തർ ക്ലബ് അൽ സാദുമായി ചാവി 2023 വരെ കരാർ പുതുക്കിക്കഴിഞ്ഞു.
കൂമാനും ലപോർട്ടയും ‘ഒരേ തൂവൽ പക്ഷികളാണെന്നും’ പറയാം. മെസ്സിയെ ബാർസയിൽ തന്നെ നിലനിർത്തും എന്നു പറഞ്ഞാണ് ലപോർട്ട അധികാരത്തിലേറിയത്. ആ വാഗ്ദാനം നിറവേറ്റാനായില്ല. ക്ലബ്ബിന്റെ ഭാവി, സാമ്പത്തിക ബാധ്യത എന്നതെല്ലാം ലപോർട്ടയ്ക്കു ന്യായം പറയാമെങ്കിലും അതൊന്നും ഒരു പരിഹാരമല്ലല്ലോ. അനുകൂല മത്സരഫലങ്ങളാണ് വേണ്ടത്. അതു കിട്ടുന്നില്ല. ലാ ലിഗയിലെ കഷ്ടകാലത്തിനു പുറമെ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബാർസ ജർമൻ ക്ലബ്ബായ ബയൺ മ്യൂണിക്കിനോട് 0–3നു തകർന്നു. പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക, യുക്രെയ്ൻ ക്ലബ് ഡൈനമോ കീവ് എന്നിവർ കൂടിയുള്ള ഇ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് എന്നത് ബാർസയ്ക്ക് അത്ര ഉറപ്പൊന്നുമില്ല.
മെസ്സി പോയതാണ് തകർച്ചയുടെ കാരണം എന്നു പറയുന്നത് ‘അവസാനം ഇരുന്നവൻ കട്ടിൽ പൊട്ടിച്ചു’ എന്നു പറയുന്ന പോലെയാണ്. ബാർസയുടെ ശോഷണം അതിനു മുൻപേ തുടങ്ങിയതാണ്. കൃത്യമായ ഒരു സമയം പറയുകയാണെങ്കിൽ 2017ൽ നെയ്മർ പിഎസ്ജിയിലേക്കു പോയതു മുതൽ. ചാവി–ഇനിയേസ്റ്റ യുഗത്തിനു ശേഷം വലിയ തട്ടുകേടില്ലാതെ ബാർസയെ മുന്നോട്ടു കൊണ്ടു പോയത് മെസ്സി–നെയ്മർ–സ്വാരസ് (എംഎൻഎസ്) ത്രയമാണ്. 2015ൽ അവർ ചാംപ്യൻസ് ലീഗ് കിരീടവും ചൂടി.
എന്നാൽ അതിനു ശേഷം ബാർസ ‘അഴിച്ചുപണി’ തുടങ്ങണമായിരുന്നു. എന്നാൽ നെയ്മർ പോയിട്ടും മുൻ പ്രസിഡന്റ് ജോസപ് മരിയോ ബർത്തോമ്യുവിന്റെ നേതൃത്വത്തിലുള്ള ബാർസ മാനേജ്മെന്റ് അതിനു തയാറായില്ല. 2020ൽ ഒരു കൊടുംകുറ്റവും അവർ ചെയ്തു. മെസ്സിക്കൊപ്പം ഒത്തിണങ്ങി കളിക്കുകയായിരുന്ന ലൂയി സ്വാരസിനെ അത്‌ലറ്റിക്കോ മഡ്രിഡിനു വിറ്റു. അതോടെ ബാർസ എന്ന കളിക്കൂട്ടത്തിലെ ഏകാകിയായി മെസ്സി. അത്‌ലറ്റിക്കോയിൽ നിന്നു വന്ന അന്റോയ്ൻ ഗ്രീസ്മാനൊന്നും ബാർസയുമായി ഒത്തിണങ്ങാനായില്ല. ഒടുവിൽ ഈ സീസണിൽ ഗ്രീസ്മാനും അത്‌ലറ്റിക്കോയിലേക്കു തിരിച്ചു പോയി.
ബാർസയ്ക്ക് ഇനി എല്ലാം ഒന്നിൽ നിന്നല്ല, പൂജ്യത്തിൽ നിന്നു തന്നെ തുടങ്ങണം. യൂറോപ്പിലെ എല്ലാ വമ്പൻമാരും ഇതു പോലുള്ള തകർച്ചകളെ അതിജീവിച്ചിട്ടുണ്ട് എന്ന ചരിത്രപാഠം അവർക്ക് ആശ്വാസമാണ്. ഇറ്റാലിയൻ ക്ലബ്ബായ എസി മിലാൻ തന്നെ ഉദാഹരണം. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും യൂറോപ്പ് ഭരിച്ച മിലാൻ പിന്നീട് ഇറ്റാലിയൻ സീരി എയിൽ വരെ പിന്നാക്കക്കാരായി. 2014–15 സീസണിൽ 10–ാം സ്ഥാനത്തേക്കു വരെ പതിച്ചു. ഒടുക്കം കഴിഞ്ഞ സീസണിലാണ് അവർ ഉയിർത്തെഴുന്നേറ്റത്. ലീഗിൽ രണ്ടാമതെത്തിയ ടീം ഈ സീസണിലും കിരീടപ്പോരിൽ മുന്നിലുണ്ട്.
വിജയതൃഷ്ണ തുടിച്ചു നിൽക്കുന്ന ഒരു മനോഭാവത്തിലേക്ക് അവർ തിരിച്ചു വന്നു എന്നതാണ് സത്യം. ബാർസയ്ക്ക് നഷ്ടമായതും അതാണ്. ചാവി പോയി, ഇനിയേസ്റ്റ പോയി, മെസ്സി പോയി എന്ന പരിദേവനങ്ങളല്ല വേണ്ടത്. അവർക്കു പകരം നിൽക്കാൻ വരുന്ന താരങ്ങൾ വരും എന്നതൊരു കളിനീതിയാണ്. സ്പാനിഷ് യുവതാരം പെദ്രിയൊക്കെ വലിയ പ്രതീക്ഷ നൽകുന്ന താരമാണ്. ആ തലമുറയൊന്നു പാകപ്പെട്ടു വരുന്നതു വരെ ബാർസ കാത്തു നിൽക്കണം. ആരാധകരും..!
English Summary: Barcelona Fans Will Have To Wait For The Team To Return To Winning Track