ADVERTISEMENT

കൊച്ചി∙ ‘നമ്മുടെ സിരകളിലൊഴുകുന്നതു മഷിയും തീയും ’ – കലാസ്വാദകരെ കൊച്ചി - മുസിരിസ് ബിനാലെയിലേക്കു മാടിവിളിക്കുന്ന ഈ വരികൾ തെല്ലെന്നു മാറ്റിപ്പിടിച്ചാൽ കളിയാസ്വാദകരും നെഞ്ചിലേറ്റും –‘നമ്മുടെ സിരകളിലൊഴുകുന്നതു പന്തും തീയും !’ ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസിന്റെയും ബ്ലാസ്റ്റേഴ്സിന്റെ ഹൗസായ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെയും ‘ഇടക്കൊച്ചി’യായി മാറിയ നഗരം ഇന്നലത്തെ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ ആ തീയുടെ ചൂടറിഞ്ഞു. ലീഗ് ടേബിളിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നവരെന്ന ആത്മവിശ്വാസത്തിലിറങ്ങിയ ഒഡീഷ എഫ്സിയുടെ വലയിൽ തലയിൽ നിന്നുയർന്നൊരു വെടിത്തീ ഗോൾ പായിച്ചു ബ്ലാസ്റ്റേഴ്സ് നെഞ്ചുവിരിച്ചു കയറി. ആദ്യ പകുതിയിൽ കളി മറന്നും രണ്ടാം പകുതിയിൽ പറന്നു കളിച്ചുമാണു ഇവാൻ വുക്കൊമനോവിച്ച് ക്രിയേറ്റർ ആകുന്ന ഫുട്ബോളിന്റെ ബിനാലെയിൽ ബ്ലാസ്റ്റേഴ്സിന്റെ ‘വിന്നിങ് ഇൻസ്റ്റലേഷൻ’.

അവധിക്കാലത്തിന്റെ ആലസ്യം കളിക്കു പിടിച്ചോ? ഒഡീഷ എഫ്സിക്കെതിരായ തുടക്കം കണ്ടു ഗാലറികളിൽ ഇന്നലെ ബ്ലാസ്റ്റേഴ്സ് ആരാധകർ പരസ്പരം ചോദിച്ചിരിക്കും ഈ ചോദ്യം. ക്രിസ്മസിന്റെയും പുതുവർഷത്തിന്റെയും സമദൂരത്തിൽ വന്ന കളി ആവേശത്തിന്റെ കാര്യത്തിലും സമ്മിശ്രമായതോടെ സമനില കൊണ്ടു തൃപ്തിപ്പെടുമെന്ന തോന്നിച്ച മത്സരത്തിലാണു ബ്ലാസ്റ്റേഴ്സിന്റെ ക്ലൈമാക്സ് ട്വിസ്റ്റ്.

കൊച്ചിയിൽ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് – ഒഡീഷ എഫ്സി മത്സരത്തിൽ നിന്ന്.  ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചിയിൽ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് – ഒഡീഷ എഫ്സി മത്സരത്തിൽ നിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിലേക്കു ചുവടു വയ്ക്കുന്നതിന്റെ ‘കരുതൽ തടങ്കലിൽ’ ആയിരുന്നു ഇരുടീമുകളും നെഹ്റു സ്റ്റേഡിയത്തിലെ ആദ്യപകുതിയിൽ പന്തു തട്ടിയത്.  10 മത്സരങ്ങളിൽ നിന്നു 19 പോയിന്റ് നേടി ഒപ്പത്തിനൊപ്പം നിൽക്കുന്ന ടീമുകൾ എന്ന നിലയ്ക്കുള്ള ഭയബഹുമാനങ്ങൾ കൊണ്ടും കൊടുത്തും തുടങ്ങിയ മത്സരം ആദ്യം ഒഡീഷയുടെ നിയന്ത്രണത്തിലായിരുന്നു. മധ്യനിരയിൽ പതിവുള്ള ശൗര്യം കൈമോശം വന്ന നിലയിൽ നീങ്ങിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഗാലറിയിൽ ആശങ്കയുടെ വിത്തുകൾ പാകി. പക്ഷേ, അതിൽ നിന്നു വിളവെടുപ്പിനുള്ള സന്ദർശകർക്കു അവസരം കിട്ടിയില്ല.  

കിക്കോഫ് മുതൽക്കേ ആതിഥേയരുടെ ബോക്സിൽ കാൽ കുത്തിയ ഒഡീഷക്കാർക്കു മുന്നിൽ ബ്ലാസ്റ്റേഴ്സ്  ഭദ്രമായി കോട്ടയടച്ചിട്ടു. പലപ്പോഴും പരുക്കൻ അടവുകളുടെ സഹായത്തിലായിരുന്നു ആസൂത്രിത മികവ് കാട്ടിയ ഒഡീഷാ നീക്കങ്ങളുടെ വഴിയടച്ചത്. ഗാലറിയിലെ മഞ്ഞക്കൂട്ടത്തിൽ അലിഞ്ഞു റഫറിക്കും ഉയർത്തേണ്ടിവന്നു മഞ്ഞക്കാർഡുകൾ പലവട്ടം. ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ സ്വന്തം മൈതാനത്തു വിരിയാൻ ഇടവും അവസരവും കൊടുക്കാതെയായിരുന്നു ഒഡീഷയുടെ കടിഞ്ഞാൺ.

കൊച്ചിയിൽ ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിക്കെതിരെ ഗോൾ നേടിയശേഷം കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദീപ് സിങ് പ്രാർഥിക്കുന്നതു നോക്കിനിൽക്കുന്ന സഹതാരങ്ങളായ ബ്രൈസ് മിറാൻഡയും കെ.പി. രാഹുലും. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചിയിൽ ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിക്കെതിരെ ഗോൾ നേടിയശേഷം കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദീപ് സിങ് പ്രാർഥിക്കുന്നതു നോക്കിനിൽക്കുന്ന സഹതാരങ്ങളായ ബ്രൈസ് മിറാൻഡയും കെ.പി. രാഹുലും. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ഗോളിന്റെ അക്കൗണ്ട് തുറക്കാതെ ഇടവേള. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം പകുതിയിലെ ‘പതിവു’ തിരിച്ചുവരവിനായി ഗാലറി അലറി കാത്ത നിമിഷങ്ങൾ. ഈ കളി ഞങ്ങളുടേതാണെന്നു ഉറപ്പിച്ചു ലൂണയും സംഘവും ഒഡീഷ ഗോൾ മുഖം വിറപ്പിച്ചു തുടങ്ങി. ഗോൾ ഭാഗ്യം ഇല്ലേയെന്നു ഗാലറികൾ തലയിൽ കൈവച്ച് ഓർത്ത നിമിഷങ്ങൾ. ബ്ലാസ്റ്റേഴ്സിന്റെ മടയിൽ നിന്നു നിഹാൽ സുധീഷും ബ്രൈസ് മിറാൻഡയും പോലുള്ള പുതിയ പോരാളികളെ ഇറക്കി വുക്കൊമനോവിച്ച് കളിയുടെ ഒഴുക്കിനെതിരെ നീന്താൻ ശ്രമം തുടങ്ങി. ഇവാനു തെറ്റിയില്ല.കളി തീരാൻ മിനിറ്റുകൾക്ക് അകലെ സന്ദീപ് സിങ് എന്ന പ്രതിരോധനിരക്കാരൻ ഗോളിന്റെ അവകാശിയായി ഒഡീഷ ബോക്സിൽ പ്രത്യക്ഷപ്പെട്ടു. കളത്തിൽ വന്നു പന്തിനെയൊന്നു പരിചയപ്പെടും

മുൻപേ ഗോവക്കാരൻ ബ്രൈസ് മിറാൻഡയുടെ അസിസ്റ്റ്. ഗോൾകീപ്പർ അമരീന്ദറിനെ വെട്ടിയൊഴിഞ്ഞു പന്ത് ഓടിക്കയറിയ സന്ദീപിന് മുന്നിൽ ആദ്യം കുമ്പിട്ടു, പിന്നെ ഉയർന്നു. സന്ദീപിന് അതിനു തല വയ്ക്കേണ്ടി മാത്രമേ വന്നുള്ളൂ. ബ്ലാസ്റ്റേഴ്സിന് ഗോൾ, വിജയം, മൂന്നാം സ്ഥാനം. ഇനി പുതുവർഷപ്പിറവിയുടെ ആവേശങ്ങൾക്കു പിന്നാലെ ജംഷഡ്പുരിനായി കാത്തിരിക്കാം. ജനുവരി മൂന്നിനാണു മൂന്നാം സ്ഥാനത്തു നിന്ന് ഉയരാൻ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് ഇനി കൊച്ചിയിൽ ഇറങ്ങുക.

കൊച്ചിയിൽ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് – ഒഡീഷ എഫ്സി മത്സരത്തിൽ നിന്ന്.  ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചിയിൽ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് – ഒഡീഷ എഫ്സി മത്സരത്തിൽ നിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

English Summary: Sandeep Singh's Late Strike Helps Kerala Blasters Beat Odisha FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com