‘ബ്രസീലിലെ ആ പടുകൂറ്റൻ വീട്; ദുർഗാപൂജ വേദിയിൽ വേച്ചുവീഴാതെ പെലെ മുറുകെ പിടിച്ചപ്പോൾ’
2014ൽ ബ്രസീലിലെ ഗരൂഷയിലെ പെലെയുടെ വീടിന്റെ വാതിൽ മുട്ടിയിട്ടും ആരും വാതിൽ തുറന്നില്ല; പക്ഷേ, പിറ്റേവർഷം പെലെ ഇന്ത്യയിലേക്കു വന്നു; ഇതിഹാസവും രാജാവും ദൈവവും എല്ലാമായ മനുഷ്യൻ ഈ കൈകൾ പിടിച്ചു, ചോദിക്കാനായ ഒരേയൊരു ചോദ്യത്തിന് ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു; 2014 ലോകകപ്പിനിടെ ബ്രസീലിൽ പെലെയുടെ വീടിനു മുന്നിലെത്തിയ അനുഭവം, ഒടുവിൽ കൊൽക്കത്തയിൽവച്ച് പെലെയെ നേരിൽ കണ്ടപ്പോൾ... മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ്് തോമസ് എഴുതുന്നു.
2014ൽ ബ്രസീലിലെ ഗരൂഷയിലെ പെലെയുടെ വീടിന്റെ വാതിൽ മുട്ടിയിട്ടും ആരും വാതിൽ തുറന്നില്ല; പക്ഷേ, പിറ്റേവർഷം പെലെ ഇന്ത്യയിലേക്കു വന്നു; ഇതിഹാസവും രാജാവും ദൈവവും എല്ലാമായ മനുഷ്യൻ ഈ കൈകൾ പിടിച്ചു, ചോദിക്കാനായ ഒരേയൊരു ചോദ്യത്തിന് ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു; 2014 ലോകകപ്പിനിടെ ബ്രസീലിൽ പെലെയുടെ വീടിനു മുന്നിലെത്തിയ അനുഭവം, ഒടുവിൽ കൊൽക്കത്തയിൽവച്ച് പെലെയെ നേരിൽ കണ്ടപ്പോൾ... മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ്് തോമസ് എഴുതുന്നു.
2014ൽ ബ്രസീലിലെ ഗരൂഷയിലെ പെലെയുടെ വീടിന്റെ വാതിൽ മുട്ടിയിട്ടും ആരും വാതിൽ തുറന്നില്ല; പക്ഷേ, പിറ്റേവർഷം പെലെ ഇന്ത്യയിലേക്കു വന്നു; ഇതിഹാസവും രാജാവും ദൈവവും എല്ലാമായ മനുഷ്യൻ ഈ കൈകൾ പിടിച്ചു, ചോദിക്കാനായ ഒരേയൊരു ചോദ്യത്തിന് ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു; 2014 ലോകകപ്പിനിടെ ബ്രസീലിൽ പെലെയുടെ വീടിനു മുന്നിലെത്തിയ അനുഭവം, ഒടുവിൽ കൊൽക്കത്തയിൽവച്ച് പെലെയെ നേരിൽ കണ്ടപ്പോൾ... മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ്് തോമസ് എഴുതുന്നു.
ധ്യാനത്തിലെന്ന പോലെ കുറെ നിമിഷങ്ങൾ നിന്നു. കണ്ടിട്ടും കണ്ടിട്ടും മതിയായില്ലെന്നു മനസ്സു പറഞ്ഞു. നിൽക്കുന്നതു പെലെയുടെ വീടിനു മുന്നിലാണ്. ഫുട്‌ബോളിന്റെ ശ്രീകോവിലിനു മുന്നിൽ. എഡ്‌സൺ അരാന്റസ് ദോ നാസിമെന്റോ എന്ന പെലെയുടെ വീട്. ഗേറ്റിനു മുന്നിൽ 50 എന്ന വീട്ടുനമ്പർ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. രണ്ടാളുയരത്തിലുള്ള മതിലിനു പിന്നിലാണ് വീട്. മതിലിനു പുറത്ത് മറ്റ് അടയാളങ്ങളൊന്നുമില്ല. വലിയൊരു ഗേറ്റ്. പിന്നെ, ആളുകൾക്ക് ഇറങ്ങിവരാൻ മാത്രം വലിപ്പമുള്ള ചെറിയൊരു വാതിലും. അവിടെ കുറച്ചു നേരം നിന്നു. പക്ഷേ, തുറന്നില്ല. മുട്ടുവിൻ തുറക്കപ്പെടും എന്നുണ്ടല്ലോ. മുട്ടി, ഒന്നല്ല പല തവണ. പക്ഷേ, ആരും വന്നില്ല. ശബ്‌ദം കേട്ടിട്ടാവും, എതിർവശത്തെ വീടിന്റെ ഗേറ്റ് തുറന്ന് ഒരാൾ പുറത്തേക്കിറങ്ങി. മാന്യമായ ഭാഷയിൽ അദ്ദേഹം കാര്യം പറഞ്ഞു. മുട്ടിയിട്ടു കാര്യമില്ല, ആരും തുറക്കില്ല. തുറന്നാലും കാര്യമില്ല, നിങ്ങളുദ്ദേശിക്കുന്ന ആൾ ഇപ്പോൾ അവിടെയില്ല!
2014ൽ ബ്രസീലിൽ ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫിന് ഏതാനും ദിവസം മുൻപായിരുന്നു ഈ സംഭവം. ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യാനായി ബ്രസീലിൽ പറന്നിറങ്ങി ആദ്യം ചെയ്തത് പെലെയുടെ വീട് എവിടെ എന്ന് അന്വേഷിക്കുകയാണ്. അങ്ങനെയാണ് പെലെയുടെ ആദ്യ ക്ലബ്ബുള്ള സാന്റോസ് നഗരത്തിൽനിന്ന് എറെ അകലെയല്ലാതെയുള്ള ഗരൂഷയിലെ വസതിയെക്കുറിച്ച് അറിയുന്നത്.
∙ ഗൂഗിൾ മാപ്പിനു നന്ദി
സാവോപോളോയിൽനിന്ന് നൂറിലേറെ കിലോമീറ്റർ സഞ്ചരിച്ച്, ഗൂഗിൾ മാപ്പു വഴി സ്‌ഥലം കണ്ടുപിടിച്ചാണ് അവിടെയെത്തിയത്. ആരും വാതിൽ തുറക്കില്ലെന്നു മനസ്സിലായെങ്കിലും വരവു വെറുതെയായി എന്ന് തോന്നിയില്ല. ഈ ഗേറ്റിനപ്പുറത്ത് ലോകഫുട്‌ബോളിന്റെ ദേവഭൂമിയാണല്ലോ. ഈ വീട്ടിൽ ഇപ്പോൾ ആരൊക്കെയുണ്ടെന്ന് അയൽക്കാരനോടു തന്നെ ചോദിച്ചു. അറിയില്ല എന്ന് ഒറ്റവാക്കിൽ മറുപടി.പവിത്രഭൂമി. ശാന്തമായ അന്തരീക്ഷം. നഗരത്തിന്റെ ബഹളങ്ങളൊന്നുമില്ലാത്ത ഒഴിഞ്ഞമൂല. ലോകം മുഴുവൻ ആരാധിക്കുന്ന ഫുട്‌ബോൾ ഇതിഹാസം തിരക്കുകളിൽ നിന്ന് അകന്ന് ഇടയ്ക്കൊക്കെ താമസിക്കാൻ വരുന്നത് ഈ വീട്ടിലേക്കാണ്.
അറ്റ്‌ലാന്റിക്കിലെ പവിഴം എന്നാണു സാന്റോസിലെ സാന്റോ അമാര ദ്വീപിന്റെ ഭാഗമായ ഗരൂഷയുടെ വിളിപ്പേര്. ഫുട്‌ബോളിലെ പവിഴമായ പെലെയ്‌ക്കു വീടു വയ്‌ക്കാൻ ഇതിനെക്കാൾ പറ്റിയ സ്‌ഥലം ബ്രസീലിലുണ്ടാവില്ല. സാധാരണക്കാർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള മേഖലയാണിവിടം. പെലെയുടെ വീട് എന്ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയപ്പോൾ സഹായിക്കാനെത്തിയത് സാന്റോസിൽ സേവനമനുഷ്‌ഠിക്കുന്ന ഒരു മലയാളി വൈദികനാണ്. പാലാ സ്വദേശിയായ ഫാ. ജോസഫ് പുഴക്കര. അച്ചന്റെ പരിചയക്കാരനായ മോയിസെസ് ഗോമസ് എന്ന മാധ്യമപ്രവർത്തകനെ വഴികാട്ടിയായി ചുമതലപ്പെടുത്തി. പൊലീസ് ഉദ്യോഗം ഉപേക്ഷിച്ചു ടിവി ജേണലിസ്‌റ്റായ മോയിസെസിന് പൊലീസിൽ നല്ല പിടിയുണ്ട്. അതായിരുന്നു ഏക പിടിവള്ളി. ഗൂഗിൾ മാപ്പിൽ പെലെയുടെ ഗരൂഷയിലെ വീട് സെർച്ച് ചെയ്‌തു കണ്ടെത്തി. യാത്ര തുടങ്ങി.
∙ സാന്റോ അമാരയിലേക്ക്
ബ്രസീലിന്റെ ഫുട്‌ബോൾ സംസ്‌കാരത്തിന് അടിത്തറ പാകിയ സാന്റോസിലെ തെരുവുകൾ പിന്നിട്ട് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ചെറിയൊരു ദ്വീപിനു മുന്നിൽ വണ്ടി നിർത്തി. അവിടെനിന്നു ജങ്കാറിലാണ് സാന്റോ അമാര ദ്വീപിലേക്കുള്ള യാത്ര. ജങ്കാറിൽ അഞ്ചുമിനിറ്റ്. അക്കരെ കടന്നപ്പോൾ വലിയ കുന്നുകളും കാടുകളും നിറഞ്ഞ മേഖല.
ഗരൂഷ എന്ന വാക്ക് ബ്രസീലിലെ അടിസ്‌ഥാന വർഗമായ റെഡ് ഇന്ത്യൻസിന്റെ സംസാരഭാഷയിലേതാണ്. മൂങ്ങ എന്നാണർഥം. പോർച്ചുഗീസുകാരുടെ ആധിപത്യമുണ്ടാവാതെ നിന്ന മേഖലകളിലൊന്നായിരുന്നു ഇവിടം. ഇപ്പോഴും ഗരൂഷയിൽ റെഡ് ഇന്ത്യൻസ് ഏറെയുണ്ട്. നഗരത്തിന്റെ തിരക്കുകൾ പിന്നിട്ട് ആൾപ്പെരുമാറ്റം കുറഞ്ഞ സ്‌ഥലമെത്തി. നീളത്തിലുള്ള വഴിയുടെ ഇരുവശത്തും വൻമരങ്ങളും ചെറിയ കാടുകളും മാത്രം. ആ വലിയ വഴി അവസാനിക്കുന്നത് ഒരു ചെമ്മൺപാതയ്‌ക്കു മുന്നിലാണ്. ഇരുവശവും വലിയ മതിലുകളും ഗേറ്റുകളുമുള്ള വീടുകൾ. അകത്തെ വീടുകളുടെ വലിപ്പം പുറത്ത് മനസ്സിലാകാത്ത വിധമാണ് മതിലുകളുടെ നിർമിതി.
ബ്രസീലിലെ ട്രെസ് കൊരാക്കോസ് പട്ടണത്തിലായിരുന്നു പെലെയുടെ ജനനമെങ്കിലും സാന്റോസ് ഫുട്‌ബോൾ ക്ലബ്ബിൽ കളിക്കാനെത്തി പേരെടുത്ത ശേഷം പെലെ ജന്മനാട്ടിലേക്കു മടങ്ങിപ്പോയില്ല. നഗരത്തിന്റെ ബഹളങ്ങളിൽനിന്നു മാറിനിൽക്കുന്ന, സ്വസ്‌ഥമായ ഒരു വസതിക്കായുള്ള അന്വേഷണമാണു ഗരൂഷയിൽ വീട് വയ്ക്കാൻ പ്രേരിപ്പിച്ചത്.
ആ ലോകകപ്പിൽ ബെലോ ഹൊറിസോന്റോയിലെ വൻവീഴ്ചയിൽ ബ്രസീലിലെ ഫുട്ബോൾ പ്രേമികൾ നിരാശരായി. സെമിയിൽ ബ്രസീലിനെ 7–1നു തോൽപിച്ച ജർമനി തന്നെ പിന്നീടു ഫൈനലും ജയിച്ചു ലോകചാംപ്യന്മാരായി. സ്വന്തം മണ്ണിൽ, മാറക്കാന സ്റ്റേഡിയത്തിൽ ലോകകപ്പ് കിരീടമുയർത്താൻ കഴിയാതെ ബ്രസീൽ ടീമും ആരാധകരും നിരാശരായപ്പോൾ അവർക്ക് ഊർജം പകർന്നതു പെലെയായിരുന്നു.
∙ ഇന്ത്യയിലെ പെലെ
പിറ്റേവർഷം പെലെയെക്കുറിച്ചു കേട്ടത് ബ്രസീലിൽനിന്നല്ല, ഇന്ത്യയിൽനിന്നായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ദേവഭൂമിയായ കൊൽക്കത്തയിലേക്കു പെലെ വരുന്നു എന്നതായിരുന്നു വാർത്ത. യുഎസിൽനിന്ന് ദുബായ് വഴിയാണു പെലെ കൊൽക്കത്തയിലേക്കു വന്നത്. അതുവരെ കേട്ടകഥകളിലെ രാജകുമാരൻ ഇതിഹാസങ്ങളുടെ അകമ്പടിയില്ലാതെ ഇന്ത്യൻ മണ്ണിലിറങ്ങി. തലമുറകൾക്കിപ്പുറത്ത് തന്നെ കാത്തുനിന്ന ചെറുപ്പക്കാരുടെയും പഴയ തലമുറയിലെ കളിപ്രേമികളുടെയും ഇടയിലൂടെ സാധാരണക്കാരനായി നടന്നു വന്നു. പെലെ, പെലെ എന്ന് ആർത്തുവിളിച്ച കുരുന്നുകൾക്കു മുന്നിൽ ദൈവമെന്നും രാജാവെന്നുമുള്ള വിശേഷണങ്ങൾ മറന്നു. തനിക്കായി ഒരുക്കി നിർത്തിയിരുന്ന വാഹനത്തിന്റെ പടിയിൽ കയറിനിന്ന് ആരാധകർക്കു നേരെ കൈവീശി. ആരവങ്ങൾക്കിടയിൽ മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞു: ഐ ലവ് കൊൽക്കത്ത!
നട്ടെല്ലുരോഗത്തിനു ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമത്തിനിടെയായിരുന്നു പെലെയുടെ ഇന്ത്യാസന്ദർശനം. മൂന്നുദിവസത്തെ സന്ദർശനത്തിനാണ് 2015 ഒക്ടോബർ 11നു പെലെ വന്നത്. കൊൽക്കത്ത വിമാനത്താവളത്തിനു പുറത്ത് മോഹൻ ബഗാന്റെയും ബ്രസീലിന്റെയും ജഴ്സി ധരിച്ച ആരാധകർ രാവിലെ മുതൽ കാത്തുനിന്നു.
1977ലെ സന്ദർശനവേളയിൽ വിമാനത്താവളത്തിന്റെ ഉള്ളിൽ വരെ കടന്നു കാത്തുനിന്ന പഴയ തലമുറയിൽപ്പെട്ട ഏതാനും പേരും 38 വർഷത്തിനു ശേഷം പെലെയെ കാണാൻ എത്തിയിരുന്നു. തിരക്ക് ഒഴിവാക്കാൻ സമയം രഹസ്യമാക്കി വച്ചെങ്കിലും എട്ടുമണിയോടെ ദൂബായ് വഴിയെത്തുന്ന വിമാനത്തിൽ പെലെയുണ്ട് എന്നറിഞ്ഞതോടെ തിരക്കു കൂടി. അതോടെ, പൊലീസിനു പിടിപ്പതു പണിയായി.
വിമാനത്താവളത്തിനുള്ളിൽ ബംഗാൾ മന്ത്രി ഹിർഹാദ് ഹക്കിമിന്റെ നേതൃത്വത്തിൽ താരരാജാവിനെ സ്വീകരിച്ചു. മാധ്യമ പ്രവർത്തകർക്കും ആരാധകർക്കും മുന്നിൽ കാവൽമതിൽ തീർത്ത സുരക്ഷാ ഉദ്യോഗസ്ഥർക്കു നടുവിലൂടെ സംഘാടകരുടെ അകമ്പടിയോടെ പെലെ കടന്നു വന്നു. പതിവു വേഷമായ കറുത്ത കോട്ട് ധരിച്ച ഇതിഹാസത്തിന്റെ മുഖത്ത് 22 മണിക്കൂർ നീണ്ട യാത്രയുടെ ആലസ്യവും ചുണ്ടിൽ അതൊക്കെ അലിയിച്ചു കളയുന്ന പുഞ്ചിരിയുമുണ്ടായിരുന്നു.
വൈകാതെ ബാരിക്കേഡുകൾ പൊളിഞ്ഞു. പെലെയ്ക്കു തൊട്ടരികിൽ വരെ ആളുകളെത്തി. ചിലർ കൈയെത്തിച്ചു ‘ദൈവ’ത്തെ തൊട്ടു. മോഹൻ ബഗാൻ ജഴ്സി ധരിച്ച ആരാധകർ പതാക വീശി. മൂന്നു ലോക കിരീടങ്ങൾ ഉയർത്തിയ കൈ വീശി പെലെ പ്രത്യഭിവാദ്യം ചെയ്തു. ബ്രസീൽ ജഴ്സി ധരിച്ച ഒരു സംഘം കുട്ടികൾ ‘പെലെയ്ക്കു സ്വാഗതം’ എന്നെഴുതിയ ബാനറുമായി എത്തിയിരുന്നു. അതു ശ്രദ്ധയിൽപ്പെട്ടപ്പോൾ ആ കുട്ടികൾക്കു കാണാൻ വേണ്ടി പെലെ വാഹനത്തിന്റെ പടിയിൽ കയറിനിന്നു കൈവീശി. തിരക്കു നിയന്ത്രണാതീതമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് താരത്തെ വാഹനത്തിലിരുത്തി. പിന്നെ, വൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ അതിവേഗം ഹോട്ടലിലേക്ക്. ഹോട്ടലിൽ മുൻ താരങ്ങളായ ചുനി ഗോസ്വാമിയും ദീപേന്ദു ബിശ്വാസും ചേർന്നായിരുന്നു പെലെയെ സ്വീകരിച്ചത്. മുൻപു വന്നപ്പോഴും ആതിഥേയനായി ഒപ്പമുണ്ടായിരുന്ന ചുനി ഗോസ്വാമിയെ പെലെ തിരിച്ചറിഞ്ഞു.
2015 ഒക്ടോബർ 23 പെലെയുടെ 75–ാം ജന്മദിനമായിരുന്നു. രണ്ടാഴ്ച മുൻപേ അത് ആഘോഷിക്കാൻ കൊൽക്കത്ത തീരുമാനിച്ചു എ.ആർ. റഹ്മാന്റെ നേതൃത്വത്തിലുള്ള സംഗീതവിരുന്നിനു മധ്യത്തിൽ വച്ചു പെലെ ജന്മദിന കേക്ക് കുറിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിലായിരുന്നു ഈ ചടങ്ങ്. ഗരൂഷയിലെ തുറക്കാത്ത വാതിലിനപ്പുറത്തെ ഇതിഹാസമായിരുന്ന പെലെ, കൊൽക്കത്തയിൽ കണ്ണെത്തും ദൂരത്ത്; കയ്യെത്തും ദൂരത്ത്!
∙ ദുർഗാപൂജയ്ക്കെത്തിയ പെലെ
അദ്ഭുതങ്ങൾ അവിടെയും അവസാനിച്ചില്ല. ദുർഗാപൂജയ്ക്കായി ഒരുങ്ങിനിന്ന കൊൽക്കത്തയിൽ ഒരിടത്തേക്ക് അർധരാത്രി പെലെ എത്തുന്നുവെന്നറിഞ്ഞത് ദ് വീക്ക് ഫൊട്ടോഗ്രഫറായ സലിൽ ബേറയാണ്. കൊൽക്കത്തക്കാരൻ സലിൽ ബേറയുടെ പരിചയത്തിലുള്ള എളുപ്പവഴിയിലൂടെ രാത്രി വൈകി ദുർഗാപൂജ പന്തലിലെത്തുമ്പോൾ അവിടെ വിരലിൽ എണ്ണാവുന്നവർ മാത്രം. പെലെ ഉടൻ എത്തുമെന്ന് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞു.
അധികം വൈകിയില്ല, അകമ്പടി വാഹനങ്ങളൊന്നുമില്ലാതെ ഒരു വാഹനത്തിൽ പെലെ എത്തി. കാറിന്റെ വാതിൽ തുറക്കും മുൻപ് എവിടെനിന്നാണെന്നറിയില്ല വലിയൊരു പുരുഷാരം അവിടേക്ക് ഇരച്ചെത്തി. അർധരാത്രിയുടെ നിശ്ശബ്ദതയെ ഭേദിക്കുന്ന ആരവം അവിടമാകെ മുഴങ്ങി. ഇടുപ്പിനു ശസ്ത്രക്രിയ കഴിഞ്ഞതിനാൽ നടക്കാൻ പ്രയാസമുള്ള പെലെ അൽപമൊന്നു ഭയന്നതു പോലെ. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മാത്രം പൊലീസുകാരുമില്ല അവിടെ. സംഘാടകർ തന്നെ പെലെയ്ക്കു സംരക്ഷണമൊരുക്കി. കൈകൾ ചേർത്തു പിടിച്ച് പെലെയ്ക്കു സംരക്ഷണ വലയം തീർക്കാൻ സംഘാടകരിൽ ഒരാൾ അഭ്യർഥിച്ചു. കൈകൾ ചേർത്തുപിടിച്ച് ജനക്കൂട്ടത്തിന്റെ ബഹളത്തിനു നടുവിൽനിന്ന് പെലെയെ സംരക്ഷിച്ചുകൊണ്ട് ദുർഗാപൂജാ വേദിയിലേക്കു നടന്നു. നടക്കാൻ പ്രയാസമുണ്ട്. അപ്രതീക്ഷിതമായി ജനക്കൂട്ടത്തെ കണ്ടതിന്റെ ആധിയും മുഖത്തുണ്ട്. അതിനിടെ പെലെ ഒന്നുരണ്ടുവട്ടം വേച്ചുപോയി. അപ്പോഴെല്ലാം അദ്ദേഹം എന്റെ കൈകളിൽ ബലമായി പിടിച്ചു. ഒന്ന് അടുത്തു കാണാൻ ആഗ്രഹിച്ച ദൈവസ്വരൂപൻ ഇതാ കയ്യിൽ പിടിച്ചിരിക്കുന്നു. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം?!
പിറ്റേന്ന്, കൊൽക്കത്തയിലെ താജ് ബംഗാൾ ഹോട്ടലിന്റെ വിശാലമായ ഹാളിൽ മാധ്യമപ്രവർത്തകരുമായി മുഖാമുഖത്തിനു പെലെ വന്നു. തലേന്നത്തെ പരിചയം പുതുക്കാൻ പോയില്ല. വിനയത്തിന്റെ കസേര വലിച്ചിട്ട് പെലെ ഇരുന്നു. ചോദ്യങ്ങൾക്കെല്ലാം ചുരുങ്ങിയ വാക്കുകളിൽ മറുപടി. പലതും പലവേദികളിൽനിന്നു പലവട്ടം കേട്ട ചോദ്യങ്ങൾ. പക്ഷേ, മറുപടികളിൽ ആവർത്തനമില്ല. ഒരു കളി വീണ്ടുമൊരിക്കൽക്കൂടി അതുപോലെ കളിക്കാനാവില്ല എന്നു പറയുംപോലെ.
‘‘ഫുട്ബോൾ ഒരു കുടുംബമാണ്. പന്ത് ഭൂമി പോലെ ഉരുണ്ടതും. ബ്രസീൽ മുതൽ കൊൽക്കത്തവരെ കളിക്ക് ഒരു നിറമാണ്, ഒരേ ആവേശവും. ജയിച്ചാൽ ആഹ്ലാദം, തോറ്റാൽ നിരാശ. അടുത്ത കളിയിൽ ജയിക്കാമെന്ന പ്രത്യാശ വേറെയും! ’’
ഇതിനിടെ, ‘ദൈവ’ത്തോട് എനിക്കു ചോദിക്കാനായത് ഒരേയൊരു ചോദ്യം:‘ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? തലമുറകളുടെ മൈതാനവരയ്ക്ക് അപ്പുറമിപ്പുറംനിന്ന് പെലെയുടെ കളിയെക്കുറിച്ച് ആവേശപൂർവം സംസാരിക്കുന്ന കേരളത്തിലെ കളിയാരാധകരെക്കുറിച്ച് അറിയാമോ?
മൂന്നു ലോകകപ്പ് കിരീടങ്ങൾ ഏറ്റുവാങ്ങിയ കൈ ഉയർത്തി, അദ്ഭുതം വിരിഞ്ഞ പുഞ്ചിരിയോടെ പെലെ പറഞ്ഞു: ‘‘കേരളത്തെക്കുറിച്ച് കേൾക്കുന്നത് ആദ്യം. അവിടത്തെ ഫുട്ബോൾ ആവേശവും പുതിയ അറിവ്. എല്ലാവർക്കും എന്റെ സ്നേഹാന്വേഷണങ്ങൾ’’.
– അന്ന്, അവിടെ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കു മുന്നിൽ ദൈവം പ്രസാദിച്ചു!
English Summary: Remembering Pele; House in Brazil and Indian Visit