കാൽപന്തുകളി വാഗ്ദാനം ചെയ്ത വിമോചനം; ബ്രസീലിന്റെ മുൻവിധികളെ തോൽപിച്ച പെലെ
1950. സ്വന്തം തട്ടകമായ റിയോയിലെ മാരക്കാനയിൽ രണ്ടു ലക്ഷം കാണികൾ സാക്ഷി നിൽക്കേ, ഫുട്‌ബോൾ ജീവശ്വാസമായ ബ്രസീൽ ലോകകപ്പ് ഫൈനലിൽ യുറഗ്വായ്‌യോട് തോറ്റു. വിജയം ഉറപ്പിച്ചു കളി കാണാൻ വന്നവർ കണ്ണീരോടെ മടങ്ങി. നഗരത്തിലെ ചേരിയിലെ തകരഷീറ്റ് മേഞ്ഞ വീട്ടിലുള്ള പത്തു വയസ്സുകാരൻ എഡ്സൺ അരാന്റസ് രാജ്യത്തിന്റെ തോൽവി വേദനയോടെ
1950. സ്വന്തം തട്ടകമായ റിയോയിലെ മാരക്കാനയിൽ രണ്ടു ലക്ഷം കാണികൾ സാക്ഷി നിൽക്കേ, ഫുട്‌ബോൾ ജീവശ്വാസമായ ബ്രസീൽ ലോകകപ്പ് ഫൈനലിൽ യുറഗ്വായ്‌യോട് തോറ്റു. വിജയം ഉറപ്പിച്ചു കളി കാണാൻ വന്നവർ കണ്ണീരോടെ മടങ്ങി. നഗരത്തിലെ ചേരിയിലെ തകരഷീറ്റ് മേഞ്ഞ വീട്ടിലുള്ള പത്തു വയസ്സുകാരൻ എഡ്സൺ അരാന്റസ് രാജ്യത്തിന്റെ തോൽവി വേദനയോടെ
1950. സ്വന്തം തട്ടകമായ റിയോയിലെ മാരക്കാനയിൽ രണ്ടു ലക്ഷം കാണികൾ സാക്ഷി നിൽക്കേ, ഫുട്‌ബോൾ ജീവശ്വാസമായ ബ്രസീൽ ലോകകപ്പ് ഫൈനലിൽ യുറഗ്വായ്‌യോട് തോറ്റു. വിജയം ഉറപ്പിച്ചു കളി കാണാൻ വന്നവർ കണ്ണീരോടെ മടങ്ങി. നഗരത്തിലെ ചേരിയിലെ തകരഷീറ്റ് മേഞ്ഞ വീട്ടിലുള്ള പത്തു വയസ്സുകാരൻ എഡ്സൺ അരാന്റസ് രാജ്യത്തിന്റെ തോൽവി വേദനയോടെ
1950. സ്വന്തം തട്ടകമായ റിയോയിലെ മാരക്കാനയിൽ രണ്ടു ലക്ഷം കാണികൾ സാക്ഷി നിൽക്കേ, ഫുട്‌ബോൾ ജീവശ്വാസമായ ബ്രസീൽ ലോകകപ്പ് ഫൈനലിൽ യുറഗ്വായ്‌യോട് തോറ്റു. വിജയം ഉറപ്പിച്ചു കളി കാണാൻ വന്നവർ കണ്ണീരോടെ മടങ്ങി. നഗരത്തിലെ ചേരിയിലെ തകരഷീറ്റ് മേഞ്ഞ വീട്ടിലുള്ള പത്തു വയസ്സുകാരൻ എഡ്സൺ അരാന്റസ് രാജ്യത്തിന്റെ തോൽവി വേദനയോടെ അറിയുന്നു. റേഡിയോ കമന്ററി കഴിഞ്ഞ് ദേശീയ ദുഃഖാചരണം തുടങ്ങിയിരിക്കുന്നു. അവന്റെ അച്ഛനും കൂട്ടുകാരും ദൃക്‌സാക്ഷി വിവരണം കേൾക്കുന്നതു നിർത്തി, വേദനയോടെ തങ്ങളുടെ ദുരിത ദിനങ്ങളിലേക്കു മടങ്ങി. ഫുട്‌ബോൾ ആനന്ദമായിരുന്നു-ഇന്നലെ വരെ, ഇന്നത് ദുരന്തം.
ആ തോൽവി ബ്രസീലിയൻ ഫുട്‌ബോൾ മേധാവികളെ വഴി മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. മെയ്‌വഴക്കവും നൃത്തവും സംഗീതവും ദ്രുതതാളവും ചേരുന്ന ജിംഗ എന്നൊരു കലാരൂപമുണ്ട് ബ്രസീലിൽ. അതു കാൽപന്തുകളിയുമായി ലയിച്ചപ്പോൾ മറ്റൊരു സുന്ദരകല പിറന്നിരുന്നു- ജോഗോ ബൊണീറ്റോ (The beautiful game). പക്ഷേ അതിനി വേണ്ട. ജയമാണ് പ്രധാനം, ആനന്ദമല്ല. പാഠപുസ്തകങ്ങളിൽനിന്നും അക്കാദമികളിൽനിന്നും മൈതാനങ്ങളിൽനിന്നും മനോഹരമായ ഫുട്‌ബോൾ മാഞ്ഞു പോയി.
മാരക്കാനയിൽ തോൽവി പിണഞ്ഞ ആ രാത്രിയിൽ അത്താഴ നേരത്ത് അച്ഛനെ ആശ്വസിപ്പിക്കാൻ എഡ്സൺ പറഞ്ഞു-‘‘ഞാൻ ബ്രസീലിന് ലോക കിരീടം നേടിക്കൊടുക്കും.’’ കൊച്ചു പയ്യന്റെ വാക്കുകൾ കേട്ട് അച്ഛൻ ഉള്ളിൽ ചിരിച്ചുവോ? കാൽപന്തുകളി ദാരിദ്ര്യം വെടിയാനുള്ള വഴിയായി അപ്പോഴും മാറിയിട്ടില്ല. പക്ഷേ അൻപതു വർഷമായി ബ്രസീലിയൻ ജനതയെ അത് ത്രസിപ്പിക്കുന്നു. 1894 ൽ സ്കോട്ട്ലൻഡ് സ്വദേശി തോമസ് ഡോണോഹ്യു തൊഴിൽ തേടി ബ്രസീലിൽ വരുമ്പോൾ ഒരു പന്ത് കൂടെ കൊണ്ടു വന്നിരുന്നു. കാലു കൊണ്ടുള്ള കളിയും കളിനിയമങ്ങളും ബ്രിട്ടനിൽ പിറന്നിട്ട് അധികം കാലമായില്ല. റിയോയുടെ ഉൾപ്രദേശമായ ബാംഗുവിൽ തന്റെ തൊഴിലിടത്തിനു സമീപം തോമസ് പ്രദർശന മൽസരം സംഘടിപ്പിച്ചു. ആദ്യകാലത്ത് ഏതാണ്ട് കൂട്ടയടി പോലെയായിരുന്ന ഈ കളിയെ തങ്ങളുടെ സവിശേഷ നൃത്ത രൂപത്തിലേക്കും വ്യക്തിഗത മികവിലേക്കും കലർത്താൻ ബ്രസീലുകാർ മടിച്ചില്ല. ജന്മനാട്ടിൽനിന്ന് അനേകായിരം കാതങ്ങൾ അകലെ സാക്ഷാത്കാരം നേടിയ ഇംഗ്ലിഷ് വിനോദം.
അതേസമയം, യൂറോപ്യൻ കോളനികളിൽ ഫുട്ബോളിന്റെ വേരോട്ടം തുടങ്ങി. കളിയും കളിനിയമങ്ങളും പരിഷ്കാരം നേടി, 1930 ൽ ലോകകപ്പ് യുഗവും ആരംഭിച്ചു. ഇരുപതു വർഷം കടന്നു പോയി, ബ്രസീലിന് അപ്പോഴും ലോകകിരീടമില്ല. എഡ്സന്റെ അച്ഛൻ ഒരു പ്രാദേശിക ക്ലബ്ബിന്റെ കളിക്കാരനായിരുന്നു. പരുക്കേറ്റ് കളിക്കളം അന്യമായ അയാൾക്ക് തിരഞ്ഞെടുക്കാൻ അധികം വഴികൾ ഉണ്ടായില്ല, അതിനാൽ ശുചീകരണ തൊഴിലാളിയായി. മനംമടുപ്പിക്കുന്ന പകലുകളിൽ കളി ഭാവനയിൽ കാണുന്നത് ആശ്വാസമാണ്, പക്ഷേ മകൻ പഠനം അവഗണിച്ച് കളിക്കുന്നതിൽ താൽപര്യമില്ല. കളിച്ചു രക്ഷപ്പെടില്ല എന്നയാൾ ഉറപ്പിച്ചു കഴിഞ്ഞു. എഡ്സണ് രണ്ട് സഹോദരിമാർ. അമ്മ തുന്നൽ ജോലിയും വീട്ടുവേലയും ചെയ്യുന്നു. സമ്പന്നരായ വെളുത്ത കുട്ടികളുടെ ഫുട്‌ബോൾ കളത്തിനു പുറത്തു നിന്നു കാണാൻ തുടങ്ങിയ തെരുവുകളിക്കാരായ എഡ്സണും കൂട്ടുകാരും ഒരു ടീം രൂപപ്പെടുത്തി. കറുത്ത പിള്ളേരുടെ കളി ആദ്യമൊക്കെ അവഗണിക്കപ്പെട്ടു, പിന്നെയവർ വെളുത്തവരുടെ ടീമിനെ തോൽപിച്ച് നാടിന്റെ ശ്രദ്ധ നേടി. മകന്റെ കാലുകളുടെ മാന്ത്രികത നേരിട്ട് ബോധ്യപ്പെട്ട അച്ഛൻ അവനെ തടഞ്ഞില്ല.
അവർ എന്തുതരം ജനതയാണ്? ബ്രസീൽ നിറഭേദങ്ങൾക്കപ്പുറം എങ്ങനെ കാൽപന്തു കളിക്കാരെ നെഞ്ചിലേറ്റാൻ തുടങ്ങിയെന്ന് അറിയാൻ അവരുടെ ചരിത്രം പരിശോധിക്കണം. പ്രധാനമായും മൂന്നു വർഗമാണ് രാജ്യത്ത്. ആദിമ വംശജരുടെ പിൻമുറക്കാർ, അധിനിവേശകരായ പോർച്ചുഗീസുകാരുടെ പിൻഗാമികൾ, അടിമപ്പണി ചെയ്യിക്കാൻ ആഫ്രിക്കയിൽനിന്നു കൊണ്ടു വന്നവരുടെ പിൻതലമുറകൾ.
1492 ൽ ഇറ്റലിക്കാരൻ ക്രിസ്റ്റഫർ കൊളംബസ് സ്പെയിനിനു വേണ്ടി ഇന്ത്യ കണ്ടെത്താൻ പുറപ്പെട്ട് വഴി തെറ്റി ചെന്നെത്തിയത് പുതിയൊരു കരയിൽ. അമേരിക്കയുടെ കവാടമായ ബഹാമാസ് ദ്വീപ്. വടക്കേ അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും മെക്സിക്കോ ഉൾപ്പെടെ മധ്യ അമേരിക്കയിലും സ്പാനിഷ് അധിനിവേശം വ്യാപിക്കാൻ വൈകിയില്ല. പുതു ലോകത്തിന്റെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്തു നവലോകം പണിയാൻ ആദിമവാസിയെ അടിമയാക്കിയതു പോരാഞ്ഞ്, മറ്റൊരു കോളനിയായ ആഫ്രിക്കയിൽ നിന്നും അടിമകളെ ഇറക്കുമതി ചെയ്തു.
അന്ന് പോർച്ചുഗലിന്റെ തലസ്ഥാനം ലിസ്ബൻ സ്വപ്ന സഞ്ചാരികളുടെ, സാഹസികരുടെ, നിക്ഷേപകരുടെ സംഗമ കേന്ദ്രമായിരുന്നു. അജ്ഞാത നാടുകളിലെ അതിസമ്പത്ത് പുതിയ കപ്പൽചാലുകളിലൂടെയുള്ള കച്ചവട ബന്ധങ്ങളിലൂടെ കൊള്ളയടിക്കാനുള്ള പദ്ധതികൾ ലിസ്ബനിൽ തുടങ്ങി. കോളനികളുടെ കാലം വന്നു. 1498 ൽ വാസ്കോ ഡി ഗാമ ഇന്ത്യൻ മഹാസമുദ്രം വഴി ഏഷ്യയിലേക്ക് പുതിയൊരു കപ്പൽച്ചാൽ കണ്ടെത്തിയതോടെ അന്വേഷകർക്ക് ആവേശം കൂടി. 1500 ൽ പോർച്ചുഗീസ് നാവിക മേധാവി പെഡ്രോ അൽവാരെസ് കബ്രാൾ അറ്റ്ലാന്റിക് കുറുകെ കടന്ന് ബ്രസീലിനെ ‘കണ്ടെത്തി’. അന്ന് ഇതല്ല പേര്, സമൃദ്ധമായി കാണുന്ന ഒരു മരത്തിന്റെ നാമം വിദേശികൾ രാജ്യത്തിനു നൽകി. നീണ്ടു പരന്നു കിടക്കുന്ന പുതുഭൂമി. യൂറോപ്പിനേക്കാൾ വലിയ പ്രദേശം. ചൂഷണം കരിമ്പുകൃഷിയിൽ ആരംഭിച്ചു, പിന്നീട് സ്വർണ ഖനനം. ശേഷം പുകയിലയും കാപ്പിയും. പൊന്നു വിളയുന്ന മണ്ണ്, പക്ഷേ പണിക്കാർ വേണം. വെള്ളക്കാർ പണിയെടുപ്പിക്കാൻ വന്നവരാണ്. തദ്ദേശീയരായ ആദിവാസികൾ തികയാതെ വന്നപ്പോൾ പോർച്ചുഗൽ സ്പെയിനിനെ അനുകരിച്ചു. ആഫ്രിക്ക അടിമകളുടെ വിളനിലം. കുടുംബത്തിൽനിന്ന് ആരോഗ്യമുള്ള പുരുഷന്മാരെ വേർപെടുത്തി, കപ്പലിൽ അടുക്കി കൊണ്ടുവന്നു, ആ യാത്രയുടെ കാഠിന്യം താങ്ങാനാകാതെ പലരും മരിച്ചു. യാത്ര പൂർത്തിയാക്കാൻ ഭാഗ്യമുണ്ടായ നാൽപത് ലക്ഷം അടിമകൾ ബ്രസീലിൽ ചോരനീരാക്കി.
അധിനിവേശത്തിലൂടെ സമ്പന്നരായ പോർച്ചുഗീസുകാർ അവരുടെ രാജ്യത്ത് വേണ്ടാത്തവർ ആയിരുന്നു. നാട്ടിൽ നിൽക്കാനാവാതെ പലായനം ചെയ്ത് പുതുലോകത്ത് സാമ്രാജ്യം പണിത പഴയ കുറ്റവാളികളിൽ കരുണ പ്രതീക്ഷിക്കേണ്ടതില്ല. അടിമകളുടെ ജീവിതം നരകമായി. ശരാശരി ആയുർദൈർഘ്യം 22 വയസ്സ്. ശരീരവും മനസ്സും മുറിഞ്ഞ് അപമാനിതനായി അതിനകം മരിച്ചു പോകും. വെള്ളക്കാരായ യജമാനർക്ക് മറ്റൊരു കുറവുമുണ്ട്- ഭാര്യയും മക്കളും കടലിനക്കരെ പോർച്ചുഗലിൽ, ബ്രസീലിൽ ഒറ്റത്തടി. അരക്കെട്ടിന്റെ വിശപ്പ് തീർക്കാൻ, തെക്കേ അമേരിക്കൻ ആദിവാസി സ്ത്രീകളെയും കൂടുതലായി കൊണ്ടുവന്ന ആഫ്രിക്കൻ അടിമസ്ത്രീകളെയും ഉപയോഗിച്ചു. ജനിച്ച കുട്ടികൾ രാശിയുണ്ടെങ്കിൽ അച്ഛന്റെ സ്വത്തിന് അവകാശിയായി, അല്ലെങ്കിൽ അടിമയായി തുടർന്നു. അങ്ങനെ ബ്രസീലിൽ സങ്കര വർഗ സമന്വയം ആരംഭിച്ചു, അവർ ഒരു സവിശേഷ ജനതയായി മാറാൻ തുടങ്ങി.
1888 ൽ രാജ്യത്ത് അടിമത്തം നിരോധിച്ചു. നിയമപരമായി അവർ സ്വതന്ത്രർ. പക്ഷേ മാനസിക അടിമത്തം അപ്പോഴും തുടർന്നു, സാമ്പത്തികമായി അവർ ഇപ്പോഴും അധഃസ്ഥിതർ. കണ്ണായ സ്ഥലങ്ങളും നിക്ഷേപങ്ങളും വെള്ളക്കാരുടെ നിയന്ത്രണത്തിൽ. പുതിയ നഗരങ്ങൾ നിർമിക്കുന്ന ജോലി ഇരുണ്ടവർക്ക്. കോളനിവൽക്കരണം തുടങ്ങിയ കാലം മുതൽ വേരോടാൻ തുടങ്ങിയ ക്രിസ്തുമതം കറുത്തവന് ധാരാളം വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഭൂമിയിലെ നിങ്ങളുടെ പീഢകൾ നിസ്സാരമാണ്, സ്വർഗത്തിൽ മികച്ച പ്രതിഫലം കാത്തിരിക്കുന്നു! പക്ഷേ അതുകൊണ്ട് പട്ടിണി മാറില്ലല്ലോ. ജെസ്യൂട്ട് മിഷനറിമാർ സ്വർണം പൂശിയ പള്ളികൾ പണിതു, പണിയാൻ വന്ന കറുത്തവർ പ്രതിമകളിൽ സ്വയം രേഖപ്പെടുത്തി.
അടിമത്തം ഇല്ലാതായ കാലത്ത് വിരുന്നു വന്ന കാൽപന്തുകളി കറുത്തവന് വാഗ്ദാനം ചെയ്തത് മറ്റൊരു തരം വിമോചനം. ആഫ്രിക്കൻ-ആദിമ അമേരിക്കൻ നൃത്തവും സംഗീതവും വഴക്കവും പന്തിനോടു ചേരുന്ന നിമിഷത്തിൽ സ്വയം മറക്കുക, തൽക്കാലം എല്ലാം മറക്കുക. ആ നിമിഷത്തിൽ അവിടെ ആയിരിക്കുക. കളിക്കാരനും കാണിയും പന്തും ഒരു ബിന്ദുവിൽ സംഗമിക്കുന്ന അസുലഭ നിമിഷം! നിറഭേദമില്ലാതെ എല്ലാവരും കളിച്ചു. എഡ്സൺ അരാന്റസ് ഉയരാൻ തുടങ്ങി. വർണവെറിയോടും അവഗണനയോടും ദാരിദ്ര്യത്തോടും പടവെട്ടിയുള്ള അവന്റെ വളർച്ച മൂന്നു വർഗങ്ങളെ മൈതാനത്ത് ഒരുമിപ്പിക്കുമോ? ഇരുണ്ടവർ വ്യക്തിഗത മികവിൽ അതുല്യരായിരുന്നു. തെക്കേ അമേരിക്കൻ- ആഫ്രിക്കൻ ഗോത്രങ്ങളുടെ ആത്മാവ് അവരുടെ കളിയിലുണ്ട്. ആ നർത്തനം പോർച്ചുഗീസ് കാര്യക്ഷമതയോട് ചേരാൻ സമയമെടുത്തു. കറുത്തവനൊപ്പം കളിക്കാൻ വിസമ്മതിച്ചവർ പിന്നീട് അവരുടെ കഴിവിൽ വിസ്മയിച്ച് ആരാധകരായി.
1958. എഡ്സൺ അരാന്റസ് ഇപ്പോൾ രാജ്യത്തെ ഏറ്റവും പ്രതിഭയുള്ള താരം. പെലെ എന്ന വിളിപ്പേര് വീണുകഴിഞ്ഞു. നീണ്ട പേരുള്ള തങ്ങളുടെ പ്രിയ താരങ്ങളെ രണ്ടോ മൂന്നോ വാക്കുകൾ കൊണ്ട് സ്നേഹത്തോടെ അടയാളപ്പെടുത്തുന്ന ബ്രസീലിയൻ പാരമ്പര്യം അന്ന് തുടങ്ങി. ആ വർഷം സ്വീഡനിലെ ലോകകപ്പിൽ ബ്രസീൽ ദേശീയ ടീം സുന്ദരമായ ഫുട്‌ബോൾ ഏതാണ്ട് മറന്ന മട്ടാണ്. എട്ടു വർഷം മുമ്പ് തുടങ്ങിയ പരിഷ്കാരം തുടരുന്നു. യൂറോപ്യൻ ശൈലി ലാറ്റിൻ അമേരിക്കയിൽ പകർത്താൻ പരിശീലകർ നിർബന്ധിച്ചപ്പോൾ തനിമ നഷ്ടമായി. പെലെ ധർമസങ്കടത്തിൽ. അധികാരികളുടെ നിർദ്ദേശങ്ങളെ ചോദ്യം ചെയ്യാനുള്ള ശേഷി ആയിട്ടില്ല. ഗ്രൂപ്പ് മൽസരത്തിലെ പരുക്ക് അലട്ടുന്നു. പുറത്തല്ല, അകത്താണ് എതിരാളി. ഒരു വേള, മാറി ചിന്തിച്ച പരിശീലകന്റെ പിന്തുണയോടെ പെലെ സ്വന്തം ശൈലിയിൽ കളി തുടങ്ങി. ബ്രസീലിന്റെ ആത്മാവ് നിറഞ്ഞ കളി. ശരീരവും മനസ്സും പന്തിൽ ലയിക്കുന്ന, കാലിന്റെ മായാജാലം കാണിയിൽ അഗ്നി പടർത്തുന്ന കളി. പരിശീലകന് വേറെ വഴിയില്ല, യൂറോപ്യൻ മിശ്രണം ബ്രസീലിന്റെ കളിയെ കൊല്ലാൻ തുടങ്ങിയിരുന്നു.
സെമിഫൈനലിന് തുല്യമായ അവസാന നോക്കൗട്ട് ഗെയിമിൽ, പരുക്കു മറന്ന് പെലെ കളം നിറഞ്ഞു. ദിദി അറ്റാക്കിങ് മിഡ്ഫീൽഡർ, സഗാലോ ഇടത് വിങ്ങർ, ഗാരിഞ്ച വലതു വിങ്ങർ. പെലെയും വാവയും ഫോർവേഡ്. പ്രതിഭയിൽ പിന്നിലല്ലാത്ത വാവയും ദിദിയും ഒന്നാം പകുതിയിൽ ഫ്രാൻസിന്റെ വല തുളച്ചു. രണ്ടാം പകുതിയിൽ പെലെ മൂന്ന് ഗോളടിച്ച് ടീമിനെ ആഘോഷമായി ഫൈനലിൽ കയറ്റി (5-2). സ്റ്റോക്കോമിലെ സോൾനയിലെ കലാശ പോരാട്ടത്തിലെ എതിരാളികൾ അതിഥേയരായ സ്വീഡൻ. ബ്രസീൽ ടീം മൈതാനത്ത് പ്രവേശിക്കുമ്പോൾ, വെളുത്ത ഗാലറികൾ കറുത്തവന്റെ രക്തത്തിനു വേണ്ടി ആർത്തു വിളിക്കുന്നു. പതിനെട്ടുകാരൻ എഡ്സൺ അരാന്റസിന്റെ കാലുകൾ വിറച്ചുവോ? അയാൾ പെലെ എന്ന ഇതിഹാസത്തിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു. ലോകത്തിനു മുന്നിൽ വരവറിയിക്കാൻ ഇതിലും മികച്ച വേദിയുണ്ടോ? ആദ്യ പകുതിയിൽ രണ്ടു ഗോളടിച്ച വാവ സ്വീഡന്റെ അന്ത്യകൂദാശ ആരംഭിച്ചു.
ഇടവേള കഴിഞ്ഞ് 55 മിനിറ്റിൽ, പിൻതലമുറയുടെ ഇപ്പോഴും തീരാത്ത വാഴ്ത്തുമൊഴികൾക്ക് കാരണമായ ആ ഗോൾ പെലെ അടിച്ചു കയറ്റി. പിന്നീട് വാർധക്യം വരെ ബ്രസീലിനെ സേവിച്ച മരിയോ സഗാലോയുടെ ഗോൾ വന്നു, സ്വീഡൻ രണ്ടു ഗോൾ തിരിച്ചടിച്ചു. അധികസമയത്ത് വീണ്ടും ലക്ഷ്യം നേടിയ പെലെ ടീമിനെ ചാംപ്യന്മാരുടെ തട്ടിൽ കയറ്റി നിർത്തി.
ആ വേനൽക്കാല സായന്തനത്തിൽ കിരീടം ഉയർത്തുമ്പോൾ പെലെ തോൽപിച്ചത് സ്വീഡനെ മാത്രമായിരുന്നില്ല. കറുത്തവനെ മുഖ്യധാരയിൽ സ്വീകരിക്കാൻ മടിക്കുന്ന സ്വന്തം നാടിന്റെ മുൻവിധികളെയുമായിരുന്നു. വിജയം ബ്രസീലിനെ ഒരുമിപ്പിച്ചു. നിറഭേദങ്ങൾക്കപ്പുറം അവർ ഒരൊറ്റ ജനതയായി, വ്യക്തിഗത മികവ് സംഘ ബോധത്തോടു ചേർന്നു. അവരുടെ ടീമുകൾ വീണ്ടും ലോക ജേതാക്കളായി. മൈതാനങ്ങളിൽ തീ പടർത്തിയ ഇതിഹാസ തുല്യർ ഒന്നിനു പുറകെ ഒന്നായി വന്നു. കളിക്കാരുടെ ഐക്യവും ആഘോഷവും വിദൂരമായ കോണുകളിലെ മനുഷ്യരിൽ ആനന്ദക്കണ്ണീർ ഒഴുക്കി. ആ രാജ്യം ഒരിക്കൽ പോലും കാണാൻ കഴിയാത്തവർ, അതിന്റെ സാമൂഹിക ഘടനയെന്തെന്ന് നിശ്ചയമില്ലാത്തവർ, കടുത്ത ആരാധകരായി. അവർക്കു വേണ്ടി തെരുവിൽ പോരാടി.
അജ്ഞാതരായ മനുഷ്യർ അവരിൽ തങ്ങളെ കണ്ടു. കറുപ്പും വെളുപ്പും തവിട്ടുമുള്ള അവരിൽ തങ്ങളെ കാണാൻ, കാല-ദേശാതീത കളി പ്രേമികൾക്ക് എളുപ്പമായിരുന്നു. സുന്ദരമായ കാൽപന്തുകളി തിരിച്ചു വന്നു, ജോഗോ ബൊണീറ്റോ ഉന്മാദമായി. പെലെ ബ്രസീലിന്റെ വിമോചകനല്ല. ലോകകപ്പ് വിജയം അസമത്വം ഇല്ലാതാക്കില്ല. ഇന്നുള്ള 21 കോടി ജനങ്ങളിൽ പകുതിയിലേറെ കറുത്തവർ. പക്ഷേ അവർ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിൽ. രാജ്യത്തെ 90% സമ്പത്തിന്റെ നിയന്ത്രണം 10% പേരുടെ നിയന്ത്രണത്തിൽ. അവർ വെളുത്തവരും വരേണ്യരും. കറുത്തവന്റെ അടിമത്തം മറ്റു രൂപത്തിൽ തുടരുന്നു. എന്നാൽ പെലെയുടെ ലോകകിരീട നേട്ടം കറുത്തവന് ആത്മാഭിമാനവും പ്രതീക്ഷയും നൽകി.
ചേരികളിൽ പന്തു തട്ടുന്ന ദരിദ്ര ബാലന്മാർക്ക് അത് ജീവിതത്തിലേക്കുള്ള വഴിയായി. പന്തു കളിച്ചില്ലെങ്കിൽ ഹിംസയുടെ ലോകം അവരെ തട്ടിയെടുക്കും. തന്നിലേക്കു വന്ന പന്തിനെ കാലുകൊണ്ടും നെഞ്ചു കൊണ്ടും നിയന്ത്രിച്ച് വരുതിയിലാക്കുന്ന ബ്രസീലിയൻ കളിക്കാർ സ്വന്തം ഉയിരെന്ന പോലെ പന്തിനെ കണ്ടു. അങ്ങനെ ജീവിതം നിർമിച്ചവർ അനവധിയാണ്. ഓരോ വർഷവും ലോകത്തെ പ്രമുഖ ലീഗുകൾ പല ഡിവിഷനുകളിലേക്ക് കൊത്തിയെടുക്കുന്ന പേരറിയാത്ത നൂറു കണക്കിന് കളിക്കാരുണ്ട് ബ്രസീലിൽ. രാജ്യത്തിന് പ്രശസ്തി നൽകി കളിയെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത് പെലെയുടെ പ്രയാണമാണ്. മഹാപ്രതിഭകൾ ലോക വ്യാപകമായി കേളിയുടെ പ്രചാരം വർധിപ്പിക്കും,വരും തലമുറകളെ പ്രചോദിപ്പിക്കും. കാല യവനികയുടെ പിന്നിൽ മറഞ്ഞാലും കളത്തിൽ അദൃശ്യ സാന്നിദ്ധ്യമായി തുടരും.
1363 കളിയിൽ 1282 ഗോൾ. 812 ഔദ്യോഗിക മൽസരങ്ങളിൽ 757 ഗോൾ. ബ്രസീലിനായി 92 കളിയിൽ 77 ഗോൾ. അക്കങ്ങൾ വലുത്, പക്ഷേ മഹത്വം അതിലും വലുത്. പെലെ നാലു ലോകകപ്പ് കളിച്ചു, മൂന്നു തവണ കിരീടം നേടി. കീർത്തി ലോകമെങ്ങും പരന്നു, ഒരു അർധദൈവമായി. 1970 ൽ മൂന്നാം ലോക വിജയത്തിന് ശേഷം, പൂർവിക ദേശമായ ആഫ്രിക്കയിൽ ഒരു പ്രദർശന മൽസരം. മൂന്നു ഗോളിന് ബ്രസീൽ മുന്നിൽ, എതിർ ടീമിന്റെ മൂന്ന് പ്രതിരോധ നിരക്കാരെ മറികടന്ന പെലെയുടെ മുന്നിൽ ഗോളി മാത്രം. എളുപ്പത്തിൽ ലക്ഷ്യം നേടാം, പക്ഷേ പെലെ ആ നിമിഷം ആഘോഷമാക്കി. ഗോളിക്ക് പ്രതീക്ഷ നൽകി അൽപനേരം പന്തിനെ തലോടി നിന്നു. പന്ത് നേടിയെടുക്കാൻ ശ്രമിച്ച ഗോളിയെ പലതവണ കബളിപ്പിച്ചു നിസ്സഹായനാക്കി വലയിൽ അടിച്ചു കയറ്റി. ഗോളി പൊട്ടിക്കരഞ്ഞ് മൈതാനം വിട്ടു പോയി. ഗോൾ വഴങ്ങിയതില്ല, നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വച്ചുള്ള അപമാനം താങ്ങാനായില്ല. അതൊരു പ്രദർശന മൽസരമാണെന്നും കാണികൾ വന്നത് പെലെയെ കാണാനാണെന്നും അയാൾ മറന്നു പോയിരുന്നു.
അവലംബം:
1. പെലെ: ബെർത് ഓഫ് എ ലെജൻഡ് (2016)
2. ബ്രസീൽ: ആൻ ഇൻകൺവീനിയന്റ് ഹിസ്റ്ററി (2008)
English Summary: How Pele Change Brazil Football?