റൂണിയെ മറികടന്ന് കെയ്ൻ ഒന്നാമത്; യൂറോ യോഗ്യതാ റൗണ്ടിൽ ഇറ്റലിക്കെതിരെ ഇംഗ്ലണ്ടിന് 2–1 ജയം
Mail This Article
നേപ്പിൾസ് ∙ ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടിയുള്ള ഗോൾ നേട്ടത്തിൽ ഒന്നാമനായി ക്യാപ്റ്റൻ ഹാരി കെയ്ൻ. യൂറോ യോഗ്യതാ റൗണ്ടിൽ ഇറ്റലിക്കെതിരെ ഇംഗ്ലണ്ട് 2–1നു ജയിച്ച മത്സരത്തിൽ ടീമിന്റെ രണ്ടാം ഗോൾ നേടിയ കെയ്ൻ മുൻ സ്ട്രൈക്കർ വെയ്ൻ റൂണിയെ മറികടന്നു. കെയ്ന് 54 ഗോളുകൾ. റൂണിക്ക് 53. 44–ാം മിനിറ്റിൽ പെനൽറ്റിയിലൂടെയാണ് കെയ്ൻ ലക്ഷ്യം കണ്ടത്. 13–ാം മിനിറ്റിൽ ഡെക്ലാൻ റൈസാണ് ഇംഗ്ലണ്ടിന്റെ ആദ്യഗോൾ നേടിയത്. 56–ാം മിനിറ്റിൽ മാറ്റിയോ റെറ്റെഗുയിയാണ് ഇറ്റലിയുടെ ഗോൾ നേടിയത്. കളി തീരാൻ 10 മിനിറ്റ് ശേഷിക്കെ ഡിഫൻഡർ ലൂക്ക് ഷാ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായെങ്കിലും ഇംഗ്ലണ്ട് വിജയം കൈവിട്ടില്ല.
ആംസ്റ്റർഡാമിലെ പാർകൻ സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ ഡെൻമാർക്ക് 3–1ന് ഫിൻലൻഡിനെ തോൽപിച്ചു. 2020 യൂറോ കപ്പിൽ ഇതേ സ്റ്റേഡിയത്തിൽ ഫിൻലൻഡിനെതിരെ നടന്ന മത്സരത്തിലാണ് ഡാനിഷ് താരം ക്രിസ്റ്റ്യൻ എറിക്സൻ കുഴഞ്ഞു വീണത്. എറിക്സൻ ഇന്നലെ ടീമിലുണ്ടായിരുന്നില്ല.
English Summary : Harry Kane tops number of goals for England