സൂപ്പർ കപ്പിലും ഡ്യൂറൻഡ് കപ്പിലും ഇവാന്റെ ശിക്ഷ തീരും; ഐഎസ്എല്ലിന്റെ നടപടി വരുമോ?
Mail This Article
കൊച്ചി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) കേരള ബ്ലാസ്റ്റേഴ്സിനും കോച്ച് ഇവാൻ വുക്കൊമനോവിച്ചിനും ശിക്ഷ വിധിക്കുകയും ടീമും കോച്ചും ഖേദ പ്രകടനം നടത്തുകയും ചെയ്തെങ്കിലും അച്ചടക്ക നടപടിക്കു ഫൈനൽ വിസിൽ മുഴങ്ങിയിട്ടില്ല; ഫലമറിയാൻ എക്സ്ട്രാ ടൈം കൂടി കഴിയണം!
ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിക്ക് എതിരായ മത്സരം പൂർത്തിയാക്കാതെ കളം വിട്ടതിന്റെ പേരിൽ ഫെഡറേഷൻ ശിക്ഷ പ്രഖ്യാപിച്ചെങ്കിലും ഐഎസ്എൽ അധികൃതർ ഇനിയും പ്രതികരിച്ചിട്ടില്ല എന്നതു തന്നെ കാരണം. സൂപ്പർ കപ്പിനും അപ്പുറം, ബ്ലാസ്റ്റേഴ്സ് ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഐഎസ്എൽ അധികൃതരുടെ തീരുമാനത്തിനു വേണ്ടിയാണ്.
എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ച് ബ്ലാസ്റ്റേഴ്സും കോച്ചും ഫെഡറേഷന് അപ്പീൽ നൽകുമെന്നാണു സൂചന. ടീമിനു 4 കോടി രൂപയും കോച്ചിനു 10 മത്സര വിലക്കും 5 ലക്ഷം രൂപയുമാണു പിഴ. ഇപ്പോൾ നടക്കുന്ന സൂപ്പർ കപ്പിലും വരാനിരിക്കുന്ന ഡ്യുറാൻഡ് കപ്പിലും അവസാന ഘട്ടം വരെ ടീമിനു മുന്നേറാൻ കഴിഞ്ഞാൽ വുക്കൊമനോവിച്ചിന്റെ 10 മത്സര വിലക്ക് ഏറെക്കുറെ പൂർത്തിയാകും. എന്നാൽ, അതിനിടെ, സൂപ്പർ ലീഗ് അധികൃതർ അച്ചടക്ക നടപടി പ്രഖ്യാപിക്കുമോ എന്ന ആശങ്ക ബാക്കിയാണ്. അതിന് അനുസരിച്ചേ വുക്കൊമനോവിച് ബ്ലാസ്റ്റേഴ്സിന്റെ ആശാനായി തുടരുമോയെന്ന കാര്യത്തിനും വ്യക്തത വരൂ.
ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മത്സരത്തിനിടെ, പ്രതിഷേധസൂചകമായി കളിക്കളം വിട്ടത്. ലീഗിന്റെ ചട്ടങ്ങൾക്കു വിരുദ്ധമായ നടപടിയാണിത്. ബഹിഷ്കരണം ലീഗ് അധികൃതർ ഗൗരവത്തോടെയാണു കാണുന്നത്. ഇതുവരെ ലീഗ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്തു നടപടിയുണ്ടാകും എന്നോ എപ്പോൾ അതു പ്രഖ്യാപിക്കുമെന്നോ വ്യക്തമല്ല.
എഐഎഫ്എഫ് നടപടി സ്വീകരിച്ചതിനു പിന്നാലെ ബ്ലാസ്റ്റേഴ്സും കോച്ചും പരസ്യ ഖേദപ്രകടനം നടത്തിയതോടെ സംഭവം അൽപം തണുത്തു. അതേസമയം, വുക്കൊമനോവിച്ചിന്റ അഭാവത്തിൽ സഹപരിശീലകൻ ഫ്രാങ്ക് ഡോവൻ സൂപ്പർ കപ്പിനുള്ള ടീമിനെ പരിശീലിപ്പിക്കും. ക്യാപ്റ്റൻ ജെസൽ കാർണെയ്റോ പരുക്കു മൂലം ഒഴിവായേക്കുമെന്നു സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
English Summary : Frank Dowen appointed as Kerala Blasters coach for Super Cup