പരിശീലന മൈതാനത്ത് ക്രിസ്മസ് ആഘോഷവുമായി കേരള ബ്ലാസ്റ്റേഴ്സ് ടീം
Mail This Article
കൊച്ചി ∙ വെയിലൊതുങ്ങിയ സായാഹ്നം. പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമിയുടെ പച്ച വിരിച്ച മൈതാനപ്പരപ്പിൽക്രിസ്മസ് കേക്കിന്റെ ചോക്കലേറ്റ് രുചിക്കു മുന്നിൽ അവർ വട്ടം കൂടി നിന്നു; കോച്ച് ഇവാൻ വുക്കോമനോവിച്ചും കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പൂർണ ടീം! സാന്താക്ലോസ് തൊപ്പികളണിഞ്ഞ്, മെറി ക്രിസ്മസ് ആശംസിച്ചതിനു ശേഷം കളത്തിലെ പന്തുകൾക്കിടയിലേക്ക്. പരിശീലന സെഷനു തൊട്ടു മുൻപായിരുന്നു ക്രിസ്മസ് ഒത്തുചേരൽ. ഐഎസ്എലിലെ അതിനിർണായകമായ രണ്ടു മത്സരങ്ങൾക്കുള്ള തീവ്രമായ ഒരുക്കങ്ങൾക്കിടെ, ഹ്രസ്വമായൊരു ക്രിസ്മസ് ആഘോഷം.
ഡിസംബറിന്റെ നഷ്ടം
ദിമിത്രി ഡയമന്റകോസ്, മാർക്കോ ലെസ്കോവിച്, മിലോസ് ഡ്രിൻസിച്, ക്വാമെ പെപ്ര, ഡെയ്സൂകി സകായ്, കെ.പി.രാഹുൽ, സച്ചിൻ സുരേഷ്, വിബിൻ മോഹനൻ, മുഹമ്മദ് അയ്മൻ, മുഹമ്മദ് അസ്ഹർ, ഡാനിഷ് ഫാറൂഖ്, ജീക്സൺ സിങ്, ഹോർമിപാം, ഇഷാൻ പണ്ഡിത... ബ്ലാസ്റ്റേഴ്സിന്റെ നക്ഷത്രങ്ങൾ ഒത്തുചേരലിനുണ്ടായിരുന്നു.
എന്നാൽ ടീമിലെ ‘സൂപ്പർ സ്റ്റാറി’ന്റെ അസാന്നിധ്യം ശ്രദ്ധേയമായി; യുറഗ്വായ് താരം അഡ്രിയൻ ലൂണയുടെ. പരുക്കു മൂലം കളത്തിനു പുറത്തായ ലൂണ ശസ്ത്രക്രിയയ്ക്കു ശേഷം ഇന്ത്യയിൽ നിന്നു മടങ്ങിയിരുന്നു. ജീവിത പങ്കാളിയുടെ നാടായ മെക്സിക്കോയിൽ വിശ്രമത്തിലാണ് അദ്ദേഹം. ആരാധകർക്കു ഡിസംബറിന്റെ നഷ്ടമാണു ലൂണ.
കളിയാണ് ആഘോഷം
കേക്ക് മുറിക്കും മുൻപേ കോച്ച് ഇവാൻ ഇടപെട്ടു. ‘‘നോ. ഇപ്പോൾ വേണ്ട, ട്രെയിനിങ് സെഷനു ശേഷം ആവാം’’ അതിനിടെ കേക്കിൽ ഒന്നു വിരൽ തൊട്ടു രുചി നോക്കി, അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ. അപ്പോഴേക്കും, മറ്റുള്ളവരുടെ ആരവം. ‘‘തൊടല്ലേ, പിന്നെ കഴിക്കാം.’’ സെഷനു ശേഷം ഡ്രസിങ് റൂമിൽ ടീം ആ കേക്ക് മധുരം പങ്കിട്ടെടുത്തു. തിരക്കു പിടിച്ച മത്സരക്രമം ആയതിനാൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീമിനു വിപുലമായ ക്രിസ്മസ് ആഘോഷങ്ങളില്ല. ഇന്നു മുംബൈ സിറ്റി എഫ്സിയെ നേരിടുന്ന ടീം ക്രിസ്മസ് പിറ്റേന്നു കൊൽക്കത്തയിലേക്കു പറക്കും; 27ന് മോഹൻ ബഗാനെ എതിരിടാൻ. കടുത്ത 2 മത്സരങ്ങൾക്കുള്ള തയാറെടുപ്പിൽ മാത്രമാണ് ഇവാനും കളിക്കാരും ശ്രദ്ധിക്കുന്നത്.
അഭിമാനം മാത്രം
ക്രിസ്മസ് വേളയിലും കളത്തിലിറങ്ങേണ്ടി വരുന്നതിൽ അഭിമാനം മാത്രമേയുള്ളൂവെന്നു വുക്കോമനോവിച്ച് പറയുന്നു.‘‘ക്രിസ്മസ് ആഘോഷ കാലമാണ്. പക്ഷേ ഈ സമയത്തും മത്സരങ്ങളുണ്ടായേക്കാം. ഞങ്ങൾ പ്രഫഷനലുകളാണ്. കളത്തിലിറങ്ങുന്നത് അഭിമാനത്തോടെ. കളിക്കാർ ആസ്വദിച്ചു കളിക്കും!’’ 27നു ബഗാനെതിരായ മത്സരത്തിനു ശേഷമാണു ബ്ലാസ്റ്റേഴ്സ് ടീമിന്റെ ക്രിസ്മസ്–പുതുവർഷ ഇടവേള. സ്വന്തം നാടുകളിലേക്കു മടങ്ങുന്ന വിദേശ താരങ്ങൾ ജനുവരിയിൽ തിരിച്ചെത്തും.