ഗോളടിച്ച് അരങ്ങേറ്റം ഗംഭീരമാക്കി എംബപ്പെ; അറ്റ്ലാന്റയെ തകർത്ത് യുവേഫ സൂപ്പർ കപ്പിൽ റയലിന്റെ മുത്തം
Mail This Article
വാഴ്സോ∙ റയൽ മഡ്രിഡിന്റെ വിഖ്യാത ജഴ്സിയിലുള്ള അരങ്ങേറ്റത്തിൽ ഗോളടിച്ച് തിളങ്ങി സൂപ്പർതാരം കിലിയൻ എംബപ്പെ. ഈ ഗോളിന്റെ കൂടി മികവിൽ യുവേഫ സൂപ്പർ കപ്പ് കിരീടം കൂടി കൂടെപ്പോന്നതോടെ ഗോളിന് ഇരട്ടിമധുരം. ചാംപ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പാ ലീഗ് ജേതാക്കളും തമ്മിലുള്ള യുവേഫ സൂപ്പർകപ്പ് പോരാട്ടത്തിൽ അറ്റ്ലാന്റയ്‌ക്കെതിരെയാണ് എംബപ്പെ ഗോളടിച്ച് അരങ്ങേറിയത്. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോൾ ജയവുമായി റയൽ കിരീടം ചൂടി.
റയലിന്റെ ആറാം സൂപ്പർ കപ്പ് കിരീടനേട്ടമാണിത്. 2002, 2014, 2016, 2017, 2022 വർഷങ്ങളിലാണ് ഇതിനു മുൻപ് റയൽ സൂപ്പർകപ്പ് ജയിച്ചത്. ആദ്യ പകുതിയിൽ അറ്റ്ലാന്റയ്‌ക്കെതിരെ താളം കണ്ടെത്താൻ വിഷമിച്ച റയൽ മഡ്രിഡ്, രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും നേടിയത്.
68–ാം മിനിറ്റിലായിരുന്നു എംബപ്പെയുടെ ഗോൾ. ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാം പോസ്റ്റിനു സമാന്തരമായി നൽകിയ പാസ് അറ്റ്ലാന്റ പ്രതിരോധത്തിനിടയിലൂടെ ബുള്ളറ്റ് കണക്കെ വലയിലെത്തിച്ചാണ് എംബപ്പെ സ്കോർ ചെയ്തത്. റയലിനായി ഫെഡറിക്കോ വാൽവെർദെയും (59–ാം മിനിറ്റ്) ലക്ഷ്യം കണ്ടു. വിനീസ്യൂസ് ജൂനിയറിന്റെ പാസിൽ നിന്നായിരുന്നു വാൽവെർദെയുടെ ഗോൾ.