കേരള ഫുട്ബോളിൽ ഇതാ പുതുയുഗപ്പിറവി; കേരള സൂപ്പർ ലീഗിന് സെപ്റ്റംബർ ഏഴിന് കിക്കോഫ്
കൊച്ചി ∙ കേരളത്തിന്റെ ഫുട്ബോൾ ആവേശത്തിന് പുതിയ മാനം നൽകാനെത്തുന്ന ആദ്യ കേരള സൂപ്പർ ലീഗിന്റെ (കെഎസ്എൽ) കിക്കോഫ് സെപ്റ്റംബർ ഏഴിന്. ഇന്ത്യൻ കോർപറേറ്റ് ലോകത്തെ വമ്പൻമാരായ മഹീന്ദ്ര ടൈറ്റിൽ സ്പോൺസറായി എത്തിയത് കേരള സൂപ്പർ ലീഗിന് കിക്കോഫിനു മുൻപേ നേട്ടമായി. അമൂൽ അടക്കമുള്ള ബ്രാൻഡുകളും സ്പോൺസർമാരായുണ്ട്.

കൊച്ചി ∙ കേരളത്തിന്റെ ഫുട്ബോൾ ആവേശത്തിന് പുതിയ മാനം നൽകാനെത്തുന്ന ആദ്യ കേരള സൂപ്പർ ലീഗിന്റെ (കെഎസ്എൽ) കിക്കോഫ് സെപ്റ്റംബർ ഏഴിന്. ഇന്ത്യൻ കോർപറേറ്റ് ലോകത്തെ വമ്പൻമാരായ മഹീന്ദ്ര ടൈറ്റിൽ സ്പോൺസറായി എത്തിയത് കേരള സൂപ്പർ ലീഗിന് കിക്കോഫിനു മുൻപേ നേട്ടമായി. അമൂൽ അടക്കമുള്ള ബ്രാൻഡുകളും സ്പോൺസർമാരായുണ്ട്. സെപ്റ്റംബർ 7ന് കൊച്ചി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് സൂപ്പർലീഗിന്റെ ആദ്യ മത്സരം. ചാംപ്യൻമാർക്ക് 1 കോടി രൂപയും റണ്ണേഴ്സ് അപ്പിന് 50 ലക്ഷം രൂപയുമാണ് സമ്മാനത്തുക.
വയനാട് ദുരന്തബാധിതരെ സഹായിക്കാനായി ഈ മാസം 30ന് ഐഎസ്എൽ ക്ലബ്ബായ മുഹമ്മദൻസ് സ്പോർട്ടിങ്ങും സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാർസും തമ്മിൽ പ്രദർശന മത്സരം കളിക്കും. ഇതിൽ നിന്നുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. 50 ലക്ഷത്തോളം രൂപ ഇതിനകം തന്നെ സ്വരൂപിച്ചു കഴിഞ്ഞെന്നും കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാനും സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാനും സിഇഒ മാത്യു ജോസഫും വ്യക്തമാക്കി.
സെംപ്റ്റംബർ ഏഴിന് ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി ബോളിവുഡ് നടിയും മോഡലുമായ ജാക്വലിൻ ഫെർണാണ്ടസിന്റെ നൃത്തപരിപാടിയും വിനോദപരിപാടികളും നടക്കും. ഭക്ഷ്യമേളയും ഇതിന് കൊഴുപ്പുകൂട്ടും. സ്പോർട്സും എന്റർടൈൻമെന്റും തമ്മിലുള്ള സംയോജനമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇതുവഴി കുടുംബങ്ങളെ സ്റ്റേഡിയത്തിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നവാസ് മീരാൻ പറഞ്ഞു.
സ്റ്റാർ സ്പോർട്സിനും ഡിസ്നി ഹോട്ട്സ്റ്റാറിനുമാണ് ലീഗിന്റെ സംപ്രേക്ഷണാവകാശം. ഗൾഫ് രാജ്യങ്ങളിലെ സംപ്രേക്ഷണ കാര്യം ഉടൻ തീരുമാനമാകും. 99 മുതൽ 499 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. പെയ്ടി എം വഴിയും സ്റ്റേഡിയത്തിലെ കൗണ്ടറിൽ നിന്നും ടിക്കറ്റുകൾ ലഭിക്കും.
ആകെ 50 കോടി രൂപയോളം ലീഗിന്റെ നടത്തിപ്പു ചിലവായി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഓരോ ടീമും 10 കോടി രൂപ ചെലവഴിക്കുമെന്നാണ് കരുതുന്നത്. പരമാവധി 2 കോടി രൂപ വരെയാണ് ഒരു കളിക്കാരനായി വിനിയോഗിക്കാവുന്നത്. കോച്ച് വിദേശിയും അസി. കോച്ച് ഇന്ത്യക്കാരനുമായിരിക്കണം, ടീമിൽ 6 വിദേശ താരങ്ങൾ ഉണ്ടായിരിക്കണം തുടങ്ങിയ നിബന്ധനകളും ലീഗിലുണ്ട്. പ്രിഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഫോഴ്സാ കൊച്ചി എഫ്സി, ആസിഫ് അലിക്ക് നിക്ഷേപമുള്ള കണ്ണൂർ വാരിയേഴ്സ് എഫ്സി, ചലച്ചിത്ര നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് നിക്ഷേപമുള്ള തൃശൂർ മാജിക് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി, മലപ്പുറം എഫ്സി എന്നിവയാണ് സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്ന ടീമുകൾ.
തിരുവനന്തപുരത്തും മലപ്പുറത്തും കൊച്ചിയിലും ഫുട്ബോളിനു മാത്രമായി സൂപ്പർലീഗ് കേരളയുടെ ഉടമസ്ഥതയിൽ പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കാനും തീരുമാനമായിട്ടുണ്ട്. 33 കളികളാണ് സൂപ്പർ ലീഗിലുള്ളത്. ഇതിനു പുറമേ ചക്കോളാസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി താഴേത്തട്ടിൽ നടത്തുന്ന മത്സരങ്ങളിൽ നിന്ന് 1400 പേരെ തിരഞ്ഞെടുക്കും. ഇതിൽ നിന്നുള്ള 200 പേരെ വിവിധ ഫ്രാഞ്ചൈസികളിലേക്ക് തിരഞ്ഞെടുക്കുമെന്നും സംഘാടകർ പറയുന്നു.
ഇവിടെ നിന്നുള്ള മികച്ച കളിക്കാരാകും ഐ ലീഗിലേക്കും ഐഎസ്എല്ലിലേക്കും പോവുക. കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ തന്നെ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നതാകും സൂപ്പർലീഗ് കേരള എന്ന് സംഘാടകർ അവകാശപ്പെടുന്നു.