സൂപ്പർ ലീഗ് കേരളയ്ക്ക് നാളെ തുടക്കം, ആറാട്ടിന് കൊമ്പൻമാർ ആറ്; അടിച്ച് കേറി വാ...
സൂപ്പർ ലീഗ് കേരളയ്ക്ക് നാളെ (സെപ്റ്റംബർ 7) കൊടിയേറും. കേരള ഫുട്ബോളിലെ വമ്പനാരെന്നു തെളിയിക്കാനുള്ള പോരാട്ടത്തിൽ കളത്തിലിറങ്ങുന്നത് 6 ടീമുകളാണ്. ഫുട്ബോൾ ആവേശത്തിൽ ആറാടാനൊരുങ്ങുന്ന ആ ടീമുകളെ പരിചയപ്പെട്ടാലോ...
സൂപ്പർ ലീഗ് കേരളയ്ക്ക് നാളെ (സെപ്റ്റംബർ 7) കൊടിയേറും. കേരള ഫുട്ബോളിലെ വമ്പനാരെന്നു തെളിയിക്കാനുള്ള പോരാട്ടത്തിൽ കളത്തിലിറങ്ങുന്നത് 6 ടീമുകളാണ്. ഫുട്ബോൾ ആവേശത്തിൽ ആറാടാനൊരുങ്ങുന്ന ആ ടീമുകളെ പരിചയപ്പെട്ടാലോ...
സൂപ്പർ ലീഗ് കേരളയ്ക്ക് നാളെ (സെപ്റ്റംബർ 7) കൊടിയേറും. കേരള ഫുട്ബോളിലെ വമ്പനാരെന്നു തെളിയിക്കാനുള്ള പോരാട്ടത്തിൽ കളത്തിലിറങ്ങുന്നത് 6 ടീമുകളാണ്. ഫുട്ബോൾ ആവേശത്തിൽ ആറാടാനൊരുങ്ങുന്ന ആ ടീമുകളെ പരിചയപ്പെട്ടാലോ...
സൂപ്പർ ലീഗ് കേരളയ്ക്ക് നാളെ (സെപ്റ്റംബർ 7) കൊടിയേറും. കേരള ഫുട്ബോളിലെ വമ്പനാരെന്നു തെളിയിക്കാനുള്ള പോരാട്ടത്തിൽ കളത്തിലിറങ്ങുന്നത് 6 ടീമുകളാണ്. ഫുട്ബോൾ ആവേശത്തിൽ ആറാടാനൊരുങ്ങുന്ന ആ ടീമുകളെ പരിചയപ്പെട്ടാലോ...
മലപ്പുറം എഫ്സി
സൂപ്പർ ലീഗ് കേരളയിൽ പങ്കെടുക്കുന്ന ആറു ടീമുകളിൽ ആറാം തമ്പുരാനാണ് മലപ്പുറം എഫ്സി. ഫുട്ബോൾ പെരുമയുടെ പാരമ്പര്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മലപ്പുറത്തു നിന്നുള്ള ടീം, ആരാധകരുടെ എണ്ണം കൊണ്ട് അമ്പരപ്പിക്കുന്ന ടീം, താരസമ്പുഷ്ടമായ സ്ക്വാഡ് എന്നിങ്ങനെ പല കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. സൂപ്പർ ലീഗ് കേരളയിലെ ഏറ്റവും പരിചയസമ്പന്നനായ പരിശീലകൻ ജോൺ ഗ്രിഗറിയാണ് മലപ്പുറം എഫ്സിയുടെ ആശാൻ. 2017– 18 സീസണിൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തി ചെന്നൈയിൻ എഫ്സി ഐഎസ്എല്ലിൽ തങ്ങളുടെ രണ്ടാം കിരീടം നേടുമ്പോൾ ഗ്രിഗറിയായിരുന്നു മുഖ്യപരിശീലകൻ. 2019ൽ ചെന്നൈയിൻ എഫ്സിയെ സൂപ്പർ കപ്പ് റണ്ണറപ്പാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അതിനുശേഷമാണ് മലപ്പുറം എഫ്സിയുടെ ചുമതലക്കാരനായുള്ള ഈ വരവ്. ചെന്നൈയിൻ എഫ്‌സി മുൻ ടെക്‌നിക്കൽ ഡയറക്ടർ ക്ലയോഫസ് അലക്‌സും റുമേനിയ സ്വദേശിയായ ഡ്രാഗോസ് ഫിർതുലെസ്കുവുമാണ് സഹപരിശീലക സ്ഥാനങ്ങളിൽ. 15 മലയാളി താരങ്ങൾ ഉൾപ്പെട്ട 27 അംഗ സ്ക്വാഡാണ് മലപ്പുറം എഫ്സിയുടേത്. ഇതിൽ 7പേർ മലപ്പുറംകാരാണ്. കൊണ്ടോട്ടി സ്വദേശി അനസ് എടത്തൊടിക, താനൂർ സ്വദേശി ഫസലുറഹ്മാൻ, എടരിക്കോട് സ്വദേശി നന്ദുകൃഷ്ണ, എടവണ്ണപ്പാറ സ്വദേശി വി.ബുജൈർ, തിരൂർ സ്വദേശി മുഹമ്മദ് നിഷാം, കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ജാസിം, മഞ്ചേരി സ്വദേശി അജയ്‌കൃഷ്ണൻ. 6 വിദേശതാരങ്ങളും ടീമിൽ ഉൾപ്പെടുന്നു. ചെന്നൈ സിറ്റി ഐ ലീഗ് കിരീടം നേടിയ 2017– 18 സീസണിൽ ടോപ് സ്കോററായിരുന്ന യുക്രൈൻ സ്ട്രൈക്കർ പെഡ്രോ മാൻസി, സ്പെയിനിൽനിന്നുള്ള റൈറ്റ് ബാക്ക് ഐറ്റോർ അൽദാലുർ, സ്പെയിനിന്റെ തന്നെ താരമായ അറ്റാക്കിങ് മിഡ്ഫീൽഡർ ജോസെബ ബെയ്റ്റിയ, സ്പെയിൻ സെന്റർബാക്ക് റൂബൻ ഗാർസസ്, ബ്രസീലിയൻ വിങ്ങർ സെർജിയോ ബാർബോസ, സ്പെയിൻ സ്ട്രൈക്കർ അലക്സ് സാഞ്ചസ്.
ഇന്ന് കൊച്ചിയിലേക്ക്
സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചിയെ നേരിടാനുള്ള മലപ്പുറം എഫ്സിയുടെ പട ഇന്നു പുറപ്പെടും. കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ പരിശീലിക്കുന്ന ടീം ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ കൊച്ചിയിലേക്ക് റോഡ് മാർഗം യാത്രതിരിക്കും. നാളെ (സെപ്റ്റംബർ 7) രാത്രി 7ന് കലൂർ സ്റ്റേഡിയത്തിലാണ് മലപ്പുറം– കൊച്ചി പോരാട്ടം.
ഇൻസ്റ്റയിലെ ‘ഗോട്ട്’
പിന്തുടരുന്നവരുടെ എണ്ണം വർധിക്കുന്ന വേഗം നോക്കുകയാണെങ്കിൽ ഇൻസ്റ്റഗ്രാമിലെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം(ഗോട്ട്) ആയി മറിക്കൊണ്ടിരിക്കുകയാണ് മലപ്പുറം എഫ്സിയുടെ പേജ്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഒരുലക്ഷത്തിനടത്തു ഫോളോവേഴ്സിനെയാണ് മലപ്പുറം എഫ്സി ഇൻസ്റ്റഗ്രാമിൽ നേടിയെടുത്തത്. സൂപ്പർ ലീഗ് കേരളയിൽ മത്സരക്കുന്ന 6 ടീമുകളിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ളതും മലപ്പുറം എഫ്സിക്കു തന്നെ.
ഇൻസ്റ്റഗ്രാമിൽ വിവിധ ടീമുകളെ പിന്തുടരുന്നവരുടെ എണ്ണം
മലപ്പുറം എഫ്സി– 98.2 K
കാലിക്കറ്റ് എഫ്സി– 39.2 K
കണ്ണൂർ വോറിയേഴ്സ് എഫ്സി– 33 K
ഫോഴ്സ കൊച്ചി– 30.4 K
തിരുവനന്തപുരം കൊമ്പൻസ് എഫ്സി– 8.6 K
തൃശൂർ മാജിക് എഫ്സി– 10.2 K
∙ ഇന്നലെ വൈകിട്ട് 6 വരെയുള്ള കണക്ക്.
തൃശൂർ മാജിക് എഫ്സി
അമിട്ടായാലും കുഴിമിന്നിയായാലും പടപടാ പൊട്ടിച്ചാണ് തൃശൂരിനു ശീലം. എതിർ ടീമുകളെയും ഇതേപോലെ പൊട്ടിക്കുമെന്ന വാശിയോടെ സൂപ്പർ ലീഗ് കേരളയിൽ എഴുന്നള്ളിയ ടീമാണ് തൃശൂർ മാജിക് എഫ്സി. ഇറ്റാലിയൻ പരിശീലകൻ ജിയോവാനി സ്കാനു ആണ് തന്ത്രം മെനയുന്നത്. പക്കബലമായി കേരളത്തിനു സന്തോഷ് ട്രോഫി നേടിത്തന്ന സതീവൻ ബാലൻ സഹപരിശീലകനായുണ്ട്. മുൻ ഇന്ത്യൻ താരം സി.കെ.വിനീത് ആണ് ക്യാപ്റ്റൻ.
ബ്രസീലിയൻ സ്ട്രൈക്കർ മാഴ്സെലോ ടോസ്കാനോ, ബ്രസീലിൽനിന്നുതന്നെയുള്ള ഡിഫൻഡർ മെയിൽസൺ ആൽവസ് വെറിയാറ്റോ, കാമറൂൺ സ്വദേശിയായ മിഡ്ഫീൽഡർ ബെല്ലക്ക് ഹെർമൻ എന്നിവരാണ് ടീമിലെ വിദേശ താരങ്ങൾ. മൂന്നു വിദേശതാരങ്ങൾ കൂടി ഉടനെ ടീമിനൊപ്പം ചേരും.
നിലവിലെ 23 അംഗ സ്ക്വാഡിൽ 14 മലയാളി താരങ്ങൾ. ഇതിൽ 5 പേർ മലപ്പുറം സ്വദേശികൾ. പി.പി.സഫ്നീദ്, കെ.പി.ഷംനാദ്, ജസീൽ, പി.എ.ആഷിഫ്, കെ.വിഷ്ണു രാജേഷ് എന്നിവരാണ് മലപ്പുറംകാർ. കൂടാതെ തൃശൂർ സ്വദേശികളായ ജെയ്മി ജോയ്, അർജുൻ മാക്കോത്ത് മോഹനൻ, പി.സി.അനുരാഗ്, വി.ആർ.സുജിത്ത്, യൂനസ് റഫീഖ് എന്നിവരും വയനാട് സ്വദേശികളായ ഗിഫ്റ്റി പി. ഗ്രേഷ്യസ്, മുഹമ്മദ് സഫ്നാദ്, കണ്ണൂർ സ്വദേശിയായ സി.കെ.വിനീത്, കാസർകോട് സ്വദേശിയായ പി.ആദിൽ എന്നിവരും ടീമിൽ ഉൾപ്പെടുന്നു. 9ന് രാത്രി പയ്യനാട് സ്റ്റേഡിയത്തിൽ കണ്ണൂർ വോറിയേഴ്സുമായാണ് തൃശൂർ മാജിക് എഫ്സിയുടെ ആദ്യ മത്സരം. മലപ്പുറം എഫ്സിയുമായുള്ള തൃശൂരിന്റെ മത്സരം 20ന് പയ്യനാട് സ്റ്റേഡിയത്തിൽ.
തിരുവനന്തപുരം കൊമ്പൻസ് എഫ്സി
തലസ്ഥാനത്തുനിന്ന് ഫുട്ബോൾ പെരുമയുടെ നെറ്റിപ്പട്ടവുമായി സൂപ്പർ ലീഗ് കേരളയിലെത്തിയ ടീമാണ് തിരുവനന്തപുരം കൊമ്പൻസ് എഫ്സി. ബ്രസീലിൽ നിന്നുള്ള സെർഗിയോ അലക്സാന്ദ്രേ മുഖ്യ പരിശീലകൻ. തമിഴ്നാട് തൂത്തുക്കുടി സ്വദേശി കാളി അലാവുദ്ദീൻ സഹപരിശീലകൻ.
പരിചയ സമ്പന്നനായ ബ്രസീലിയൻ മിഡ്ഫീൽഡർ പാട്രിക് മോട്ടയാണ് ടീമിലെ പ്രധാന വിദേശതാരങ്ങളിൽ ഒരാൾ. ഇദ്ദേഹത്തിനുപുറമേ 5 ബ്രസീലിയൻ താരങ്ങൾ കൂടി ടീമിലുണ്ട്: മൈക്കൽ അമേരിക്കോ ( ഗോൾ കീപ്പർ), റെനാൻ ജനുവാരിയോ (സെന്റർ ബാക്ക്), ഓട്മെർ ബിസ്പോ (സ്ട്രൈക്കർ), ഡേവി കുൻ (മിഡ്ഫീൽഡർ), മാർക്കോസ് വൈൽഡർ (സ്ട്രൈക്കർ).
14 മലയാളി താരങ്ങൾ സ്ക്വാഡിലുണ്ട്. 6 പേർ മലപ്പുറം സ്വദേശികൾ. മഞ്ചേരി കാരക്കുന്ന് സ്വദേശി ഷിഹാദ് നെല്ലിപ്പറമ്പൻ, തിരൂർ സ്വദേശി സി.അബ്ദുൽ ബാദിഷ്, മങ്കട സ്വദേശി അക്മൽ ഷാൻ, പാണ്ടിക്കാട് സ്വദേശികളായ പി.എം.അക്ഷയ്,മുഹമ്മദ് ഷാഫി പരപ്പനങ്ങാടി സ്വദേശി പി.വൈഷ്ണവ്. 10ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്സിയുമായാണ് തിരുവനന്തപുരം കൊമ്പന്മാരുടെ ആദ്യ പോരാട്ടം. മലപ്പുറം എഫ്സിയുമായി ഏറ്റുമുട്ടുന്നത് ഒക്ടോബർ 2ന്. തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയമാണു ഹോംഗ്രൗണ്ട്.
ഫോഴ്സ കൊച്ചി എഫ്സി
ഐഎസ്എൽ തുടങ്ങിയതിനു ശേഷം കേരള ഫുട്ബോളിന്റെ ന്യൂക്ലിയസായി മാറിയ നഗരമാണ് കൊച്ചി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഉൾപ്പെടെ ഒട്ടേറെ കളികൾ കണ്ട ഈ നഗരത്തിൽനിന്ന് കേരള ഫുട്ബോളിൽ പുത്തൻ ഫോഴ്സായി മാറാനെത്തിയ ടീമിന്റെ പേര് ഫോഴ്സ കൊച്ചി എഫ്സി. നടൻ പൃഥ്വിരാജ് സഹ ഉടമയായ ടീമിന്റെ മുഖ്യപരിശീലകൻ പോർച്ചുഗലിൽനിന്നുള്ള മാരിയോ ലമോസ് ആണ്. മുൻ ഇന്ത്യൻ താരമായ ജോപോൾ അഞ്ചേരിയാണ് സഹപരിശീലകൻ. മുൻ ഇന്ത്യൻ താരം കൂടിയായ ബംഗാൾ സ്വദേശി സുഭാശിഷ് റോയ് ചൗധരിയാണ് ക്യാപ്റ്റൻ.
റോഡ്രിഗസ് അയാസോ ലൂയിസ് ഏഞ്ചൽ (കൊളംബിയ– സെന്റർ ബാക്ക്), ഗബോ സിയാൻഡ ഫെഫലോ (ദക്ഷിണാഫ്രിക്ക– സ്ട്രൈക്കർ), റാഫേൽ അഗസ്റ്റോ സാന്റോസ് ഡ സിൽവ (ബ്രസീൽ– മിഡ്ഫീൽഡർ), ഡോറിയൽറ്റൻ ഗോമസ് നാസിമെന്റോ (ബ്രസീൽ– സ്ട്രൈക്കർ), സെയ്ദ് മുഹമ്മദ് നിധാൽ (ടുണീഷ്യ– മിഡ്ഫീൽഡർ), സിരി ഒമ്രാൻ (ടുണീഷ്യ– സെന്റർ ബാക്ക്) എന്നിവരാണ് ടീമിലെ വിദേശതാരങ്ങൾ.
26 അംഗ ടീമിൽ 18 പേർ മലയാളികളാണ്. മഞ്ചേരി സ്വദേശികളായ അർജുൻ ജയരാജ്, കെ.അമീൻ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മലപ്പുറംകാർ. കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ നിജോ ഗിൽബർട്ടും കൊച്ചിപ്പടയിൽ ഇടം പിടിച്ചിരിക്കുന്നു.സൂപ്പർ ലീഗ് കേരളയിലെ ഫോഴ്സ കൊച്ചി ടീമിന്റെ ആദ്യ മത്സരം നാളെ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മലപ്പുറം എഫ്സിയുമായാണ്.
കണ്ണൂർ വോറിയേഴ്സ് എഫ്സി
പയറ്റിത്തെളിഞ്ഞ പോരാളികളുടെ നാട്ടിൽനിന്ന് അങ്കത്താരി മുഴക്കിയെത്തുന്ന ടീമാണ് കണ്ണൂർ വോറിയേഴ്സ് എഫ്സി. സ്പെയിൻ സ്വദേശിയായ മാനുവൽ സാഞ്ചസ് മുരിയാസ് ആണ് മുഖ്യപരിശീലകൻ. വയനാട് സ്വദേശി ഷഫീഖ് ഹസൻ സഹപരിശീലകൻ. സ്പാനിഷ് ലാ ലിഗയിൽ ഗെറ്റാഫെ ടീമിന്റെ താരമായിരുന്ന, മെസ്സിക്കെതിരെ പന്തുതട്ടി പരിചയമുള്ള സ്പാനിഷ് സ്ട്രൈക്കർ അഡ്രിയാൻ സാർഡിനെറോ കോർപയാണ് കണ്ണൂർ വോറിയേഴ്സ് എഫ്സിയുടെ തുരുപ്പുചീട്ട്.
25 അംഗ ടീമിൽ അഡ്രിയാനെ കൂടാതെ 5 വിദേശതാരങ്ങൾ കൂടിയുണ്ട്. അൽവാരോ അൽവാരസ് ഫെർണാണ്ടസ് (സ്പെയിൻ– സെന്റർ ബാക്ക്), ഐസ്യർ ഗോമസ് അൽവാരസ് (സ്പെയിൻ, വിങ്ങർ– സ്ട്രൈക്കർ), എലോയ് ഒർഡോണസ് മ്യൂനിസ് (സ്പെയിൻ– വിങ്ങർ), ഏൺസ്റ്റൻ റൂബിസ് ലാവ്സാംബ (കാമറൂൺ– മിഡ്ഫീൽഡർ), ഡേവിഡ് ഗ്രാൻഡേ (സ്പെയിൻ– സ്ട്രൈക്കർ).
ആകെ 10 മലയാളികളാണ് ടീമിലുള്ളത്. ഇതിൽ നാലുപേർ മലപ്പുറം സ്വദേശികളാണ്. ചേലേമ്പ്ര സ്വദേശിയായ പി.എ.അജ്‍മൽ, പെരിന്തൽമണ്ണ സ്വദേശി ലിയാഖത്ത് അലിഖാൻ, കൊണ്ടോട്ടി സ്വദേശി എൻ.പി.അക്ബർ സിദ്ദീഖ്, വെളിയങ്കോട് സ്വദേശി മുഹമ്മദ് റിഷാദ് ഗഫൂർ എന്നിവരാണ് കണ്ണൂർ പടയിലെ മലപ്പുറം സാന്നിധ്യം. ഇവർക്കു പുറമേ തിരുവനന്തപുരം പുല്ലുവിള സ്വദേശി അബിൻ ആന്റണി, എറണാകുളം കോലഞ്ചേരി സ്വദേശി ജി.എസ്.ഗോകുൽ, കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി ടി.കെ.അശ്വിൻ കുമാർ, തൃശൂർ ആറ്റൂർ സ്വദേശി മുഹമ്മദ് അമീൻ, വയനാട് അമ്പലവയൽ സ്വദേശികളായ പി. നജീബ്, സി.വി.അജയ് എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്.9ന് പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിക്കെതിരെയാണ് കണ്ണൂർ വോറിയേഴ്സിന്റെ ആദ്യ മത്സരം. മലപ്പുറം എഫ്സിയുമായി കണ്ണൂർ വോറിയേഴ്സ് കൊമ്പുകോർക്കുന്നത് 25ന് പയ്യനാട് സ്റ്റേഡിയത്തിൽ.
കാലിക്കറ്റ് എഫ്സി
ഫുട്ബോൾ ആവേശത്തിന്റെ കാര്യത്തിൽ മലപ്പുറത്തിന് അരീക്കോട് ഉണ്ടെങ്കിൽ കോഴിക്കോടിന് നൈനാൻവളപ്പുണ്ട്. കാൽപന്തിന്റെ ആരാധകർ കോൽക്കളിയും ദഫ്മുട്ടും നടത്തുന്ന ഈ പഴയ തുറമുഖ നഗരത്തിൽ നങ്കൂരമിട്ട ടീമാണ് കാലിക്കറ്റ് എഫ്സി. ഓസ്ട്രേലിയയിൽനിന്നുള്ള ഇയാൻ ആൻഡ്രൂ ഗില്ലനാണ് മുഖ്യ പരിശീലകൻ. ഈ സീസണിൽ സന്തോഷ് ട്രോഫി കേരള ടീമിന്റെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട ബിബി തോമസ് മുട്ടത്താണ് സഹപരിശീലകൻ.
6 വിദേശതാരങ്ങളും 17 ഇന്ത്യൻ താരങ്ങളും ടീമിൽ ഉൾപ്പെടുന്നു. ഇന്ത്യൻ താരങ്ങളിൽ 9 പേർ സന്തോഷ് ട്രോഫി അടക്കമുള്ള ദേശീയ മത്സരങ്ങൾ കളിച്ചവരാണ്. ഹെയ്ത്തിയിൽനിന്നുള്ള മിന്നും സ്ട്രൈക്കർ കെർവെൻസ് ബെൽഫോർട്ടാണ് ടീമിന്റെ തുരുപ്പുചീട്ട്. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി നേരത്തേ മികച്ച പ്രകടനം കാഴ്ചവച്ച താരം കൂടിയാണ് ബെൽഫോർട്ട്. ഡയകിറ്റെ പാപ്പേ (സെനഗൽ– ഡിഫൻഡർ), ബൗബക്കർ സിസോഖോ (സെനഗൽ– മിഡ്ഫീൽഡർ), ജയിംസ് കോട്ടേ (ഘാന– മിഡ്ഫീൽഡർ), റിച്ചാർഡ് ഒസേ ആഗ്യമങ് (ഘാന– സെന്റർ ബാക്ക്), ഏണസ്റ്റ് ബാഫോ (ഘാന– സ്ട്രൈക്കർ) എന്നിവരാണ് ടീമിലെ വിദേശ താരങ്ങൾ.
ആകെ 15 മലയാളി താരങ്ങളാണ് ടീമിലുള്ളത്. ഇതിൽ നാലുപേർ മലപ്പുറംകാരാണ്. വളാഞ്ചേരി സ്വദേശി മുഹമ്മദ് സാലിം, തിരൂർ സ്വദേശി അബ്ദുൽ ഹക്കു നെടിയോടത്ത്, നിലമ്പൂർ സ്വദേശി പി.പി.മുഹമ്മദ് നിഷാദ്, വേങ്ങര സ്വദേശി എ.കെ.മുഹമ്മദ് അഷ്റഫ്. 2022ൽ സന്തോഷ് ട്രോഫി കേരളത്തിനു നേടിത്തന്ന ക്യാപ്റ്റൻ ജിജോ ജോസഫും കാലിക്കറ്റിന്റെ മധ്യനിരയിലുണ്ട്.തിരുവനന്തപുരം കൊമ്പൻസ് എഫ്സിയുമായുള്ള കാലിക്കറ്റ് എഫ്സിയുടെ ആദ്യ മത്സരം 10ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ്. മലപ്പുറം എഫ്സിയുമായുള്ള കാലിക്കറ്റ് എഫ്സിയുടെ മത്സരം14ന് പയ്യനാട് സ്റ്റേഡിയത്തിൽ.