ജയിച്ച ടീമിൽ അനാവശ്യ പൊളിച്ചെഴുത്ത്; പ്രിയ ബ്ലാസ്റ്റേഴ്സ്,
ഈ ടാക്ടിക്സ് ഞങ്ങൾക്കു മനസ്സിലാകുന്നില്ല!
Mail This Article
ചെന്നൈയിൻ എഫ്സിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയിച്ചത് തിരിച്ചുവരവിന്റെ തുടക്കമാകുമെന്നു പ്രതീക്ഷിച്ചവരെയെല്ലാം വീണ്ടും നിരാശരാക്കിക്കളഞ്ഞു കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയ്ക്കെതിരെ ജയിക്കേണ്ട മത്സരമാണു ബ്ലാസ്റ്റേഴ്സ് തോറ്റത്. ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഭേദപ്പെട്ട നിലയിലുള്ള എതിരാളികൾക്കെതിരെ ബ്ലാസ്റ്റേഴ്സ് പൊരുതി നോക്കിയെന്നതു വാസ്തവം തന്നെ. പക്ഷേ, പതിവുപോലെ ഒരു ഗോൾ വഴങ്ങിയതിനു ശേഷമാണു ബ്ലാസ്റ്റേഴ്സ് കളി തിരിച്ചുപിടിക്കാൻ കഠിനമായി അധ്വാനിച്ചത്.
ഗോവയ്ക്കു ബ്ലാസ്റ്റേഴ്സ് ദാനം നൽകിയ ഒന്നായിരുന്നു ആ ഗോളെന്നു പറയണം. കരുത്തേറിയതെന്നും ക്ലോസ് റേഞ്ചിൽ നിന്നുള്ളതെന്നും പറയാനാകാത്തൊരു ദുർബല ഷോട്ടാണ് ഗോവയ്ക്കു മൂന്നു പോയിന്റ് സമ്മാനിച്ചു ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്കു കയറിയത്. ഐഎസ്എൽ പോലൊരു ഫസ്റ്റ് ഡിവിഷൻ ലീഗിൽ ഒരു തരത്തിലും സംഭവിക്കാൻ പാടില്ലാത്തൊരു ഗോൾ കീപ്പിങ് പിഴവായിരുന്നു ആ ഗോളിനു വഴിയൊരുക്കിയത്. വാരാദ്യത്തിൽ വൻ മാർജിനിൽ വിജയം കുറിച്ച ടീമിന്റെ ഇലവനിൽ പൊളിച്ചെഴുത്തു നടത്തിയ കോച്ചിന്റെ പരീക്ഷണവും അനാവശ്യമായ ഒന്നായിരുന്നു. വലതുവിങ്ങിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ യുവതാരം കോറോ സിങ് ആദ്യ ടീമിൽ സ്ഥാനം അർഹിക്കുന്ന താരമാണ്. പകരക്കാരനായെത്തി ഗോവയ്ക്കെതിരെയും മൈതാനത്തു ചലനം സൃഷ്ടിച്ചാണ് ആ പയ്യൻ മടങ്ങിയത്. കോറോ തൊടുത്തൊരു മിന്നൽ ഷോട്ട് നിർഭാഗ്യം കൊണ്ടു മാത്രമാണു ഗോളാകാതെ പോയത്. നന്നായി കളിച്ചിട്ടും ടീമിൽ ഇടം ലഭിക്കാത്തതു യുവതാരത്തിന്റെ ആത്മവിശ്വാസത്തെക്കൂടി ബാധിക്കുന്ന ഒന്നാകുമെന്നു ടീം മാനേജ്മെന്റ് തിരിച്ചറിയണം.
കഴിഞ്ഞ മത്സരത്തിൽ ക്ലീൻഷീറ്റ് ക്ഷാമം പരിഹരിച്ച ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആദ്യമായി ഒരു ഗോളും കണ്ടെത്താതെ മടങ്ങുന്നതിനും ഗോവയ്ക്കെതിരായ പോരാട്ടം സാക്ഷിയായി. ഗോവയുടെ പ്രതിരോധത്തിനു മാർക്ക് നൽകാമെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പിടിപ്പുകേടും ഗോൾ അകന്നതിന് ഒരു കാരണമാണ്. ഗോളെന്നുറപ്പിച്ച നല്ല ചില അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾ നഷ്ടമാക്കി. ബ്ലാസ്റ്റേഴ്സ് നിരയിലെ ഷാർപ്പ് ഷൂട്ടറായി കണക്കാക്കപ്പെടുന്നയാളാണു ഹെസൂസ് ഹിമിനെ ഒരു മണിക്കൂറോളം കളത്തിലുണ്ടായിട്ടും അദ്ദേഹത്തിനു നേർക്കു പന്ത് ചെന്നതു വളരെക്കുറച്ചു മാത്രം. മുന്നിൽ ഹെസൂസിനെപ്പോലൊരു ഗോൾവേട്ടക്കാരനുണ്ടായിട്ടും അദ്ദേഹത്തെത്തേടി പന്തുകൾ ചെല്ലാത്ത ‘ടാക്ടിക്സ്’ അദ്ഭുതപ്പെടുത്തുന്ന ഒന്നുതന്നെ. ആ കാര്യത്തിലും ബ്ലാസ്റ്റേഴ്സ് നയംമാറ്റം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.