ഇന്ന് മോഹൻ ബഗാനെതിരെ നിർണായക മത്സരം; ഇനിയെങ്കിലും കളത്തിൽ ‘ബ്ലാസ്റ്റ്’ ചെയ്യുമോ കേരളത്തിന്റെ ബ്ലാസ്റ്റേഴ്സ്?
Mail This Article
ബംഗാളിലെ ഹൗറ പാലം, ഹൂഗ്ലി നദി എന്നിവയ്ക്കൊപ്പം തന്നെ പേരുകേട്ടതാണ് തിരക്കുള്ള കൊൽക്കത്ത നഗരത്തിലൂടെ പായുന്ന മഞ്ഞ അംബാസഡർ ടാക്സികൾ. നഗരത്തിന്റെ പഴമയും പൈതൃകവും സംസ്കാരവും വിളിച്ചറിയിക്കുന്ന ഈ ടാക്സികളുടെ ഔദ്യോഗിക നിറം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ജഴ്സിക്കു തുല്യമാണ്. അടിമുടി മഞ്ഞയും നീല വരകളും ചേർന്ന സുന്ദരൻ നിറം!
ഐഎസ്എൽ ഫുട്ബോളിലെ നിർണായക മത്സരത്തിൽ ഇന്നു കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ നിലവിലെ ഒന്നാം സ്ഥാനക്കാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ബ്ലാസ്റ്റേഴ്സിന്റെ അതിജീവനപ്പോരാട്ടം മോഹൻ ബഗാന്റെ ഹോം മൈതാനമായ സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ. രാത്രി 7.30നാണു കിക്കോഫ്. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം.
10 മത്സരങ്ങളിൽ നിന്നു 7 ജയവും 2 സമനിലയും ഒരു തോൽവിയുമായി 23 പോയിന്റാണു മോഹൻ ബഗാന്റെ അക്കൗണ്ടിലുള്ളത്. കൊച്ചിയിലെ അടുത്ത ഹോം മത്സരത്തിൽ പ്രോത്സാഹന മേളങ്ങളും മുദ്രാവാക്യങ്ങളും ഒഴിവാക്കുമെന്ന മഞ്ഞപ്പടയുടെ ഭീഷണി നേരിടുന്ന ബ്ലാസ്റ്റേഴ്സിനു 11 കളികളിൽ ആകെ 3 ജയം മാത്രം. 2 സമനിലയും 6 തോൽവിയുമായി 11 പോയിന്റോടെ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
ലീഗ് രണ്ടാം ഘട്ടത്തിലേക്കു കടക്കാൻ ചുരുക്കം കളികൾ മാത്രം ശേഷിക്കേ, പ്ലേ ഓഫ് ഉറപ്പാക്കാനുള്ള ആറാം സ്ഥാനത്തിന് 4 പോയിന്റ് അകലെയാണ് ബ്ലാസ്റ്റേഴ്സ്. ബഗാനു പിന്നാലെ കടുപ്പമേറിയ മത്സരങ്ങൾ പിന്നെയുമുള്ളതിനാൽ ടീമിന് ഇന്നു വിജയം അനിവാര്യമാണ്. ഇരു ടീമുകളും ഇന്നലെ വൈകിട്ടു സോൾട്ട് ലേക്ക് സ്റ്റേഡിയത്തിനു സമീപത്തെ ഗ്രൗണ്ടിൽ പരിശീലനം നടത്തി.
ബെംഗളൂരു എഫ്സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ മലയാളി താരം വിബിൻ മോഹനൻ ഇന്നത്തെ മത്സരത്തിലുണ്ടാകില്ല. പകരം ഡാനിഷ് ഫാറൂഖ് ആദ്യ ഇലവനിലെത്തിയേക്കും. സച്ചിൻ സുരേഷ് തന്നെയാകും ഗോൾവല കാക്കുക.