സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽറൗണ്ട് ഇന്നുമുതൽ ഹൈദരാബാദിൽ; കേരളം ഹൈ വോൾട്ടേജ് !
Mail This Article
‘ചായപ്പാനി തപ്പീലേ റോഡരികേ’.... ഹൈദരാബാദിലേക്കു സന്തോഷ് ട്രോഫി കളിക്കാൻ കേരള ഫുട്ബോൾ ടീം വണ്ടികയറുമ്പോൾ റിപ്പീറ്റ്് മോഡിൽ മനസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമാപ്പാട്ടുപോലെ ആയിരുന്നില്ല യാഥാർഥ്യം. തുടിപ്പഞ്ചാരി കൊട്ടിക്കയറാൻ കുറച്ചു വൈകി! കാറ്റിൽ പറന്നുയരുന്ന പൊടിയാണ് പകൽ മുഴുവൻ. രാവിലെയും രാത്രിയും കടുത്ത തണുപ്പും. പ്രതികൂല അന്തരീക്ഷത്തിലും കേരള ടീം ഇന്നലെ വൈകിട്ട് പരിശീലനത്തിനിറങ്ങി.
ഇന്നലെ പുലർച്ചെ മൂന്നിനു കേരള ടീം ഹൈദരാബാദിലെത്തി. ട്രെയിൻ വൈകിയതോടെ രാത്രി ഉറക്കം നഷ്ടപ്പെട്ടു. എല്ലാവരും ക്ഷീണത്തിലായിരുന്നു. രാവിലെ പതിനൊന്നിനാണ് ആദ്യം ടീമിന്റെ പരിശീലനം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതു വൈകിട്ടത്തേക്കു മാറ്റുകയായിരുന്നു. ഘാനാപൂരിലെ സ്റ്റേഡിയം ഓഫ് ഹോപ്സ് മൈതാനത്താണ് കേരള ടീം പരിശീലിക്കുന്നത്.
അതിനിടെ, സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽറൗണ്ട് മത്സരങ്ങൾ ഇന്നു ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ തുടങ്ങും. എട്ടാം കിരീടം തേടിയിറങ്ങുന്ന കേരളത്തിന്റെ ആദ്യമത്സരം നാളെയാണ്. ഇന്ന് രാവിലെ 9ന് ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തിൽ, മുൻ ചാംപ്യൻമാരായ സർവീസസ് മണിപ്പൂരുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30ന് ആതിഥേയരായ തെലങ്കാനയും രാജസ്ഥാനും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ബംഗാൾ –ജമ്മു കശ്മീർ മത്സരം. നാളെ രാവിലെ 9ന് ബി ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ കേരളം ഗോവയെ നേരിടും. 2.30ന് തമിഴ്നാടും മേഘാലയയും ഏറ്റുമുട്ടും. 7.30ന് ഡൽഹിയും ഒഡീഷയും ഏറ്റുമുട്ടും.
∙ ആദ്യദിനം കളത്തിൽ 6 മലയാളികൾ
ഹൈദരാബാദ് ∙ സന്തോഷ് ട്രോഫിയിൽ ഇന്നു കളംനിറയാൻ 6 മലയാളി താരങ്ങൾ. രാവിലെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ തവണത്തെ ജേതാക്കളായ സർവീസസിനുവേണ്ടി രാഹുൽ രാമകൃഷ്ണൻ, റോബിൻസൺ, ശ്രേയസ്, വിജയ്, പ്രതീഷ് എന്നീ 5 മലയാളികളാണ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ സർവീസസിന്റെ വിജയഗോൾ നേടിയ പി.പി.ഷഫീൽ ഇത്തവണ കളിക്കാനില്ല. ഐ ലീഗിൽ സ്പോർട്സ് ക്ലബ് ഓഫ് ബെംഗളൂരുവിലാണ് ഷഫീൽ ഇത്തവണ കളിക്കുന്നത്.
ഉച്ചയ്ക്ക് നടക്കുന്ന രണ്ടാംമത്സരത്തിൽ തെലങ്കാനയ്ക്കു വേണ്ടി ബൂട്ടു കെട്ടാൻ മലയാളിതാരം മുഹമ്മദ് ജാബിറുണ്ട്. ഒറ്റപ്പാലം പത്തംകുളം കാരുകുളം വീട്ടിൽ മുഹമ്മദ് ജാബിർ നിലവിൽ ആർമിയുടെ താരമാണ്. തെലങ്കാനയുടെ ഇടതുവിങ്ങിലെ ഡിഫൻഡറായി പ്ലേയിങ് ഇലവനിൽ ജാബിർ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.