കലക്കി മച്ചാ! ചെന്നൈയിൻ എഫ്സിയെ 3–1ന് തോൽപിച്ചു, ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ജീവൻ വച്ചു

Mail This Article
ചെന്നൈ ∙ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കഷ്ടിച്ച് 5 കിലോമീറ്റർ ദൂരമേ മറീന ബീച്ചിലേക്കുള്ളൂ. മറീനയിൽ ഇതു വേലിയിറക്ക സമയമാണെങ്കിൽ മറീന മച്ചാൻസ് എന്നറിയപ്പെടുന്ന ചെന്നൈയിൻ എഫ്സിയുടെ പോസ്റ്റിൽ ഇന്നലെ ‘ഗോൾ വേലിയേറ്റമായിരുന്നു’! സ്വന്തം മണ്ണിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഇതുവരെ തോൽവി വഴങ്ങിയിട്ടില്ലെന്ന ആത്മവിശ്വാസവുമായി ഇറങ്ങിയ ചെന്നൈയിൻ എഫ്സിയെ 3–1ന് വീഴ്ത്തി ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് ജീവൻ വയ്പിച്ചു.

ഹെസൂസ് ഹിമനെ (3–ാം മിനിറ്റ്), കോറോ സിങ് (45+3), ക്വാമെ പെപ്ര (56) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ സ്കോറർമാർ. വിൻസി ബരേറ്റോയുടെ (90+1) വകയായിരുന്നു ചെന്നൈയിന്റെ ആശ്വാസ ഗോൾ. ജയത്തോടെ 19 കളികളിൽ 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 8–ാം സ്ഥാനത്തു തുടരുന്നു. ഫെബ്രുവരി 15നു കൊച്ചിയിൽ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

മൂന്നാം മിനിറ്റിൽ ഹെസൂസ് ഹിമനെ നേടിയ ഗോളാണ് കളി ബ്ലാസ്റ്റേഴ്സിന് അനുകൂലമാക്കിയത്. 13–ാം മിനിറ്റിൽ ഹിമനെയ്ക്കു രണ്ടാം ഗോളിനായി വൺ ടു വൺ അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ മുഹമ്മദ് നവാസ് ചെന്നൈയിന്റെ രക്ഷകനായി. ആദ്യ പകുതിയിൽ മറുപടി ഗോളിനുള്ള ചില അർധാവസരങ്ങൾ ചെന്നൈയിനു ലഭിച്ചെങ്കിലും അച്ചടക്കത്തോടെ കളിച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര അവയെല്ലാം നിഷ്ഫലമാക്കി.

37–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ മിലോസ് ഡ്രിൻസിച്ചിനെ ഇടിച്ചുവീഴ്ത്തിയ ചെന്നൈ സ്ട്രൈക്കർ വിൽമർ ജോർദാനു റെഡ് കാർഡ് ലഭിച്ചതോടെ ആതിഥേയർ പത്തു പേരായി ചുരുങ്ങി. മറ്റു പരുക്കുകളില്ലാതെ ആദ്യ പകുതി അവസാനിപ്പിക്കാമെന്നു കരുതിയ ചെന്നൈയിന് ഇൻജറി ടൈമിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും പ്രഹരമേൽപിച്ചു. ആദ്യ ഗോളിന് അവസരം ഒരുക്കിയ കോറോ സിങ് ആയിരുന്നു സ്കോറർ. ക്വാമെ പെപ്ര–അഡ്രിയാൻ ലൂണ കൂട്ടുകെട്ട് എത്തിച്ചുനൽകിയ പന്ത് ഇടതുവിങ്ങിൽ നിന്നുള്ള ഷോട്ടിലൂടെ കോറോ ഗോളിലെത്തിച്ചു (2–0).

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി. ഇടതു വിങ്ങിലൂടെ മുന്നേറിയ അഡ്രിയാൻ ലൂണയുടെ ക്രോസ്. പന്ത് ഫസ്റ്റ് ടച്ചിൽ തന്നെ ക്വാമെ പെപ്ര ഗോൾവര കടത്തി (3–0). കളി തീരാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിലുണ്ടായ അലസതയാണ് ചെന്നൈയിന്റെ ആശ്വാസ ഗോളിനു വഴിവച്ചത്.

കോമളിനു പിന്നിൽ കോറോ
ഐഎസ്എൽ ചരിത്രത്തിലെ, പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോൾ സ്കോററായി ബ്ലാസ്റ്റേഴ്സ് വിങ്ങർ കോറോ സിങ്. ഇന്നലെ ചെന്നൈയിൻ എഫ്സിക്കെതിരെ ഗോൾ നേടുമ്പോൾ 18 വർഷവും 58 ദിവസവുമാണ് മണിപ്പുർ സ്വദേശിയായ കോറോയുടെ പ്രായം. 2018ൽ, 18 വർഷവും 43 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ കോമൾ തട്ടാലാണ് ഒന്നാമത്.

