ഐഎസ്എൽ ഒന്നാം സെമി ആദ്യപാദത്തിൽ എഫ്സി ഗോവയെ തകർത്ത് ബെംഗളൂരു എഫ്സി

Mail This Article
ബെംഗളൂരു∙ പ്ലേ ഓഫ് റൗണ്ടിൽ എവിടെ നിർത്തിയോ അവിടെനിന്നു തന്നെ തുടങ്ങാൻ ഉറപ്പിച്ചായിരുന്നു ഐഎസ്എൽ ഒന്നാം സെമിഫൈനൽ ആദ്യപാദത്തിനായി സ്വന്തം തട്ടകത്തിൽ ബെംഗളൂരു എഫ്സി ഇറങ്ങിയത്. ആ പോരാട്ടവീര്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനുള്ള കെൽപ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരെന്ന മേലങ്കിയുമായി എത്തിയ എഫ്സി ഗോവയ്ക്ക് ഇല്ലായിരുന്നു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ എഫ്സി ഗോവയെ 2–0ന് മറികടന്ന ബെംഗളൂരു എഫ്സി, സെമിഫൈനൽ ആദ്യപാദത്തിന് ഗംഭീരമായി കർട്ടനിട്ടു. ആദ്യ പകുതിയിൽ ഗോവൻ ഡിഫൻഡർ സന്ദേശ് ജിങ്കാൻ സെൽഫ് ഗോൾ (42–ാം മിനിറ്റ്) വഴങ്ങിയപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എഡ്ഗർ മെൻഡെസിലൂടെ (51) ബെംഗളൂരു ലീഡുയർത്തി. 6ന് ഗോവയുടെ മണ്ണിലാണ് രണ്ടാംപാദ മത്സരം.
ആദ്യ മിനിറ്റു മുതൽ വിങ്ങുകളിലൂടെ ആക്രമിക്കാനായിരുന്നു ബെംഗളൂരുവിന്റെ ശ്രമം. ഇതിനെ ഫലപ്രദമായി പ്രതിരോധിച്ച ഗോവ, ആദ്യ പകുതിയിൽ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിലൂടെ തിരിച്ചടിച്ചു. ഇരുടീമുകളും ബലാബലം നിന്ന ആദ്യ പകുതി ഗോൾരഹിതമായി അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ജിങ്കാന്റെ പിഴവിൽ ബെംഗളൂരുവിന് ലീഡ് ലഭിക്കുന്നത്. വലതുവിങ്ങിൽ നിന്ന് റയാൻ വില്യംസിനെ ലക്ഷ്യമാക്കി ബോക്സിനകത്തേക്ക് എഡ്ഗർ മെൻഡെസ് നൽകിയ ക്രോസ് ഹെഡറിലൂടെ ക്ലിയർ ചെയ്യാനുള്ള ജിങ്കാന്റെ ശ്രമം സെൽഫ് ഗോളിൽ അവസാനിക്കുകയായിരുന്നു.
വീണുകിട്ടിയ ലീഡ് നൽകിയ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിക്കായി ഇറങ്ങിയ ബെംഗളൂരുവിനു വേണ്ടി രണ്ടാം ഗോൾ പിറന്നതും മെൻഡെസിന്റെ കാലിൽ നിന്ന്. വലതു വിങ്ങിൽ നിന്ന് നംഗ്യാൽ ബൂട്ടിയ നൽകിയ ക്രോസിൽ മെൻഡെസിന്റെ ബുള്ളറ്റ് ഷോട്ട് വലയിലേക്ക്. ബെംഗളൂരു 2, ഗോവ 0. പിന്നാലെ ഗോൾ മടക്കാൻ ഗോവ കിണഞ്ഞു ശ്രമിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം മറികടക്കാൻ സാധിച്ചില്ല.