കുതിച്ചു പായും ട്രാൻസ് ജക്കാർത്ത !

പ്രത്യേക ട്രാക്കിലൂടെ ട്രാൻസ് ജക്കാർത്ത ബസുകൾ.

നമ്മുടെ കൊച്ചിയിലും ഡൽഹിയിലുമൊക്കെ ഉള്ളതുപോലെ മെട്രോ റെയിലൊന്നും ജക്കാർത്തയിലില്ല. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി മെട്രോയ്ക്കുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ആർക്കോവേണ്ടി തലപൊക്കി നിൽക്കുന്ന തൂണുകൾ മാത്രമേ ഇതുവരെ ആയിട്ടുള്ളൂ. നഗരത്തിൽ ചിലയിടത്തൊക്കെ ഇപ്പോഴും പണി നടക്കുന്നുണ്ടെങ്കിലും എന്നത്തേക്കു പൂർത്തിയാകുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ‘ഗോ ജെക്കും’ ടാക്സിയുമല്ലാതെ ജക്കാർത്തക്കാർക്കു യാത്ര ചെയ്യാൻ മറ്റെന്തുണ്ട്? ട്രാൻസ് ജക്കാർത്ത. ഈ നഗരത്തിലെ യാത്രക്കാരുടെ മെട്രോയാകുന്നു ട്രാൻസ് ജക്കാർത്ത.

സർക്കാരിനു കീഴിൽ പ്രത്യേക കോർപറേഷനായാണു ട്രാൻസ് ജക്കാർത്ത എന്ന ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം പ്രവർത്തിക്കുന്നത്. നഗരത്തിലും നഗരത്തിനു പുറത്തേക്കുമായി 123 സ്ഥലങ്ങളിലേക്കു സർവീസുകൾ നടത്തുന്നു. ആകെ ദൂരം 251 കിലോ മീറ്റർ. ദൂരത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ബിആർടിയാണിത്. വോൾവോ, സ്കാനിയ, ബെൻസ് തുടങ്ങിയ കമ്പനികളുടെ 500ൽ അധികം എസി ബസുകൾ സർവീസ് നടത്താനുണ്ട്. ഒരു ദിവസം ആറേമുക്കാൽ ലക്ഷം യാത്രക്കാർ ട്രാൻസ് ജക്കാർത്തയിലൂടെ യാത്ര ചെയ്യുന്നുണ്ടെന്നാണു കണക്ക്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഇവിടത്തെ 3,500 റുപ്പയയാണ് (നമ്മുടെ 17 രൂപ).

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബസ് സ്റ്റേഷനുകളുണ്ട്. അവിടെ മാത്രമേ ബസുകൾ നിർത്തുകയുള്ളൂ. യാത്രക്കാർക്കെത്താൻ എല്ലാ സ്റ്റേഷനുകളിലേക്കും മേൽപ്പാലങ്ങളുണ്ട്. സ്റ്റേഷനുകളിൽനിന്നു നഗരത്തിലേക്കു കടക്കണമെങ്കിൽ മേൽപ്പാലം കയറണം. ബസ്സുകളുടെ യാത്ര റോഡിനു നടുവിലെ പ്രത്യേക ട്രാക്കിലൂടെയാണ്. മറ്റു വാഹനങ്ങൾ നഗരക്കുരുക്കിൽപ്പെട്ടു കിടക്കുമ്പോൾ ഡിവൈഡർകൊണ്ടു വേർതിരിച്ച പ്രത്യേക പാതയിലൂടെ ട്രാൻസ് ജക്കാർത്ത ബസുകൾ കുതിച്ചു പായും. ആ ട്രാക്കിലേക്കു കയറാൻ മറ്റു വാഹനങ്ങൾക്ക് അനുമതിയില്ല.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ഞങ്ങൾ ട്രാൻസ് ജക്കാർത്തയിൽ കയറി. ഏഷ്യൻ ഗെയിംസ് റിപ്പോർട്ട് ചെയ്യുന്നവർക്ക് ഉപയോഗിക്കാൻ സൗജന്യ കാർഡുകൾ തന്നിട്ടുണ്ട്. കാർഡുകൾ സ്വൈപ് ചെയ്ത് സ്റ്റേഷനിൽ കയറി. സ്റ്റേഷന്റെ പ്ലാറ്റ്ഫോമിനോടു ചേർന്നു ബസ് നിർത്തി. ആളുകൾ ഇടിച്ചു കയറി. ഫ്രീ ടിക്കറ്റായതിനാൽ ഞങ്ങൾ കുറെദൂരം യാത്ര ചെയ്തു. ഒരു സ്റ്റേഷനിൽ ഇറങ്ങിയ ശേഷം തിരിച്ചു സ്റ്റേഡിയത്തിലേക്കു കയറി. പക്ഷേ, എവിടെ ഇറങ്ങണമെന്ന് ഒരു പിടിയുമില്ല.

അപ്പോഴാണു രക്ഷകയായി ഒരു മാലാഖ അവതരിച്ചത്: പേര് ഫാത്തിമ. പബ്ലിക് റിലേഷൻസിൽ ഡിഗ്രിയുള്ള ഫാത്തിമ ഗെയിംസ് വൊളന്റിയറായി ജോലി ചെയ്യുകയാണ്. സ്ഥലമറിയാതെ നിന്ന ‍ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലം പറഞ്ഞു തന്നെന്നു മാത്രമല്ല, എന്നെയും മനോരമ ന്യൂസ് റിപ്പോർട്ടർ ജയിംസിനെയും സ്റ്റേഡിയത്തിന്റെ കവാടംവരെ അനുഗമിക്കുകയും ചെയ്തു. മടങ്ങുമ്പോൾ അറിയാവുന്ന ബഹാസയിൽ ഫാത്തിമയോടു പറഞ്ഞു: തരിമകാസി! (നന്ദി).