ജക്കാർത്ത∙ ഹോക്കിയിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് മലയാളി താരം ശ്രീജേഷ് നയിച്ച ഇന്ത്യൻ ടീം വെങ്കല മെഡൽ നേടിയതോടെ, ജക്കാർത്ത ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 69 ആയി ഉയർന്നു. ഇതോടെ, ഗെയിംസിന്റെ പതിനാലാം ദിനമായ ഇന്നുമാത്രം ഇന്ത്യയുടെ മെഡൽനേട്ടം രണ്ടു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ നാലായി. ബോക്സിങ്ങിൽ അമിത് കുമാറും, ബ്രിജിൽ പ്രണബ് ബർധൻ–ശിഭ്നാഥ് സർക്കാർ സഖ്യവുമാണ് ഇന്ന് ഇന്ത്യയ്ക്ക് സ്വർണമെഡൽ സമ്മാനിച്ചത്.
ലൈറ്റ് ഫ്ലൈ വെയ്റ്റ് 49 കിലോയിലാണ് ഇരുപത്തിരണ്ടുകാരനായ അമിത് കുമാർ ഇന്ത്യയുടെ 14–ാം സ്വർണം സ്വന്തമാക്കിയത്. പിന്നാലെ അറുപതുകാരനായ പ്രണബ് ബർധൻ, അമ്പത്തിയാറുകാരനായ ശിഭ്നാഥ് സർക്കാർ എന്നിവർ ബ്രിജിലെ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണവും ഇന്ത്യയ്ക്ക് സമ്മാനിച്ചു. സ്ക്വാഷിൽ ടീം ഇനത്തിൽ വനിതാ ടീം ഫൈനലിൽ ഹോങ്കോങ്ങിനോടു തോറ്റെങ്കിലും വെള്ളി നേടിയതോടെ, 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവും ഉൾപ്പെടെ ജക്കാർത്തയിൽ ഇന്ത്യയ്ക്ക് 68 മെഡലുകളായി.
ഇതോടെ, ഏഷ്യൻ ഗെയിംസിലെ ആകെ മെഡൽ നേട്ടത്തിൽ ഇന്ത്യ ചരിത്രമെഴുതി. ജക്കാർത്തയിൽ ആകെ 68 മെഡലുകൾ നേടിയ ഇന്ത്യ, 2010ലെ ഗ്വാങ്ചൗ ഗെയിംസിൽ 14 സ്വർണവും 17 വെള്ളിയും 34 വെങ്കലവും ഉൾപ്പെടെ നേടിയ 65 മെഡലുകളുടെ റെക്കോർഡാണ് തിരുത്തിയത്. സ്വർണ, വെള്ളി മെഡലുകളുടെ എണ്ണത്തിലും ഇത് റെക്കോർഡ് കുതിപ്പാണ്. വെള്ളി മെഡലുകളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് സ്വന്തമാക്കിയപ്പോൾ, സുവർണനേട്ടത്തിൽ നിലവിലെ റെക്കോർഡിന് ഒപ്പമെത്തി. 1951ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ ആദ്യ പതിപ്പിൽ ഇന്ത്യ 15 സ്വർണം നേടിയിരുന്നു.
∙ ഹോക്കിയിൽ വെങ്കലം, ആശ്വാസം
നിലവിലെ സ്വർണ മെഡൽ ജേതാക്കളായ ഇന്ത്യ, ബദ്ധവൈരികളായ പാക്കിസ്ഥാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു വീഴ്ത്തിയാണ് വെങ്കലം നേടിയത്. ആകാശ്ദീപ് സിങ് (മൂന്ന്), ഹർമൻപ്രീത് സിങ് (50) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. മുഹമ്മദ് ആറ്റിഖിന്റെ (52) വകയാണ് പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ. ഇതോടെ, 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിനു ശേഷം ആദ്യമായി പുരുഷഹോക്കിയിൽ പാക്കിസ്ഥാൻ മെഡലില്ലാതെ മടങ്ങി.
കഴിഞ്ഞ ദിവസം വനിതാ ഹോക്കിയിൽ വെള്ളി നേടിയതോടെ ഹോക്കിയിൽ ഇന്ത്യയ്ക്ക് ഡബിൾ തികയ്ക്കാനും കഴിഞ്ഞു. ഫൈനലിൽ ജപ്പാനാണ് ഇന്ത്യൻ വനിതകളെ വീഴ്ത്തിയത്. അതേസമയം, പുരുഷ ഹോക്കിയിൽ സെമിയിൽ മലേഷ്യയോട് ഷൂട്ടൗട്ടിലാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
∙ സുവർണം, ബോക്സിങ്ങും ബ്രിജും!
പുരുഷ വിഭാഗം ലൈറ്റ് ഫ്ലൈ വെയ്റ്റ് 49 കിലോയിലാണ് അമിത് കുമാർ ഇന്ത്യയുടെ 14–ാം സ്വർണം സ്വന്തമാക്കിയത്. റിയോ ഒളിംപിക്സ് സ്വർണമെഡൽ ജേതാവായ ഉസ്ബെക്കിസ്ഥാൻ താരം ഹസൻബോയ് ദുസ്മറ്റോവിനെ 3–2നാണ് അമിത് കുമാർ തോൽപ്പിച്ചത്. നേരത്തെ, ഫിലിപ്പീൻസ് താരം പാലം കാർലോയെ തോൽപ്പിച്ചാണ് അമിത് ഫൈനലിൽ കടന്നത്.
ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ അവതരിപ്പിച്ച ബ്രിജിൽ (ചീട്ടുകളി) പ്രണബ് ബർധൻ, ശിഭ്നാഥ് സർകാർ എന്നിവരുൾപ്പെട്ട സഖ്യമാണ് സ്വർണം നേടിയത്. നേരത്തെ പുരുഷവിഭാഗം, മിക്സ്ഡ് ഡബിൾസ് എന്നിവയിൽ വെങ്കലവും നേടിയതോടെ ബ്രിജിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഒരു സ്വർണവും രണ്ടു വെങ്കലവും ഉൾപ്പെടെ മൂന്നായി ഉയർന്നു.
അതേസമയം, ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പതിവായി ശോഭിച്ചിരുന്ന ബോക്സിങ് റിങ്ങിൽ പ്രകടനം പിന്നാക്കം പോകുന്ന കാഴ്ചയ്ക്കും ജക്കാർത്ത സാക്ഷ്യം വഹിച്ചു. ഇക്കുറി ഏഷ്യൻ ഗെയിംസിൽ അമിതിന്റെ സ്വർണവും സെമിയിൽ പരുക്കിനെ തുടർന്ന് പിൻമാറിയ വികാസ് കൃഷ്ണന്റെ വെങ്കലവും ഉൾപ്പെടെ രണ്ടു മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. 2014ൽ ഇഞ്ചിയോണിൽ ഒരു സ്വർണവും നാലു വെങ്കലവും ഉൾപ്പെടെ അഞ്ചു മെഡലും 2010ൽ ഗ്വാങ്ചൗവിൽ രണ്ടു സ്വർണവും മൂന്നു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ ഒൻപതു മെഡലുകളും നേടിയ സ്ഥാനത്താണിത്.
∙ സ്ക്വാഷിലും സുവർണ പ്രതീക്ഷ
സ്ക്വാഷിൽ സുവർണ പ്രതീക്ഷയുമായിറങ്ങിയ ഇന്ത്യൻ വനിതകളെ ഹോങ്കോങ്ങാണ് വീഴ്ത്തിയത്. ഫൈനലിൽ ഇന്ത്യയ്ക്കായി ഇറങ്ങിയ മലയാളി താരം സുനന്യ കുരുവിള, ജോഷ്ന ചിന്നപ്പ എന്നിവർ തോൽവി വഴങ്ങിയതോടെ ഇന്ത്യ 2–0ന് പിന്നിലായി. കഴിഞ്ഞ തവണ ഇഞ്ചിയോണിലും ഇന്ത്യൻ വനിതാ ടീം വെള്ളി നേടിയിരുന്നു. ഹോട്സേ ലോകിനോട് 11-8, 11-6, 10-12, 11-3 എന്ന സ്കോറിനാണ് സുനന്യ തോറ്റത്. പിന്നാലെ വിങ് ചി ആനി 11-3, 11-9, 11-5 എന്ന സ്കോറിൽ ജോഷ്നയെയും തകർത്തു.
നിലവിലെ ചാംപ്യൻമാരായ മലേഷ്യയെ 2–0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സ്ക്വാഷിൽ ഫൈനലിൽ കടന്നത്. ജോഷ്ന ചിന്നപ്പ, തൻവി ഖന്ന, മലയാളികളായ ദീപിക പള്ളിക്കൽ, സുനന്യ കുരുവിള എന്നിവരാണ് ടീമിലുള്ളത്. സ്ക്വാഷ് സിംഗിൾസിൽ വെങ്കലം നേടിയ ദീപിക പള്ളിക്കൽ, ജോഷ്ന ചിന്നപ്പ എന്നിവർ ഇതോടെ ഡബിളും തികച്ചു.
∙ ജൂഡോയിലും കയാക്കിങ്ങിലും സമ്പൂർണ നിരാശ
ജൂഡോയിൽ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ ടീം 4–0ന് കസാഖിസ്ഥാനോടു തോറ്റതോടെ മെഡൽ വരൾച്ച തുടരും. 24 വർഷമായി ജൂഡോയിൽ മെഡൽ കാത്തിരിക്കുന്ന ഇന്ത്യയ്ക്ക്, ഇനി നാലു വർഷം കൂടി കാത്തിരിപ്പു തുടരാം. ജൂഡോയ്ക്കു പിന്നാലെ കയാക്കിങ് വനിതാ വിഭാഗത്തിൽ ഇന്ത്യൻ വനിതകൾ പുറത്തായതോടെ ഈ ഇനത്തിലും ഇന്ത്യയ്ക്ക് മെഡലില്ല. ഇന്നത്തെ മൽസരങ്ങളുടെ തൽസമയ വിവരണത്തിലേക്ക്...