‘ജയ്ഹോ’ മുഴങ്ങിയ സമാപനച്ചടങ്ങോടെ 18–ാമത് ഏഷ്യൻ ഗെയിംസിന്റെ തിരിയണഞ്ഞു. ഇനി 2022 സെപ്റ്റംബറിൽ ചൈനീസ് നഗരമായ ഹാങ്ജൗവിൽ. ചൈനീസ് ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും ഹാങ്ജൗ മേയറും ചേർന്നു ഗെയിംസ് പതാക ഏറ്റുവാങ്ങി. മഴമൂലം അരമണിക്കൂറോളം വൈകിയാണു സമാപനച്ചടങ്ങുകൾ തുടങ്ങിയത്. വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ ഇന്ത്യൻ പതാക പിടിച്ചു. സിദ്ധാർഥ് സ്ലാത്തിയ, ഡെനാഡ എന്നിവർ ചേർന്നാണു സമാപന പരിപാടിയിൽ മൂന്നു ഹിന്ദി ഗാനങ്ങൾ ആലപിച്ചത്. ചടങ്ങിനൊടുവിൽ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ അത്‍ലിറ്റുകളും വിശിഷ്ടാതിഥികളും ഒരേസ്വരത്തിൽ പറഞ്ഞു: തരിമകാസി ഇന്തൊനീഷ്യ... നന്ദി, വൻകരയിലെ കായികമാമാങ്കം അവിസ്മരണീയമാക്കിയതിന്...
ജൊക്കോവി ട്വിസ്റ്റ്
ഉദ്ഘാടനച്ചടങ്ങിൽ ബൈക്കിലെത്തി വിസ്മയം സൃഷ്ടിച്ച ഇന്തൊനീഷ്യൻ പ്രസിഡന്റ് സമാപനച്ചടങ്ങിലും വ്യത്യസ്തനായി. കഴിഞ്ഞമാസമാദ്യം ഭൂകമ്പത്തിൽ നാനൂറിലധികംപേർ മരിച്ച ലംബോക്കിലെ ദുരിതാശ്വാസ ക്യാംപിൽനിന്നാണു പ്രസിഡന്റ് സമാപനച്ചടങ്ങിനെ അഭിവാദ്യം ചെയ്തത്. ഏഷ്യൻ ഗെയിംസിന്റെ ഊർജം വരുംനാളുകളിൽ രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കണമെന്നായിരുന്നു പ്രസിഡന്റിന്റെ അഭ്യർഥന.
നമ്പർ വൺ ചൈന
132 സ്വർണവും 92 വെള്ളിയും 65 വെങ്കലവുമായി വൻകരപ്പോരാട്ടത്തിൽ ചൈന ജേതാക്കളായി. 75 സ്വർണവുമായി ജപ്പാൻ രണ്ടാമതും 49 സ്വർണവുമായി ദക്ഷിണ കൊറിയ മൂന്നാമതുമെത്തി. 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവുമായി ഇന്ത്യ എട്ടാം സ്ഥാനത്ത്. അവസാനയിനമായി ഇന്നലെ നടന്ന ട്രയാത്ത്‍ലണിൽ (മിക്സ്ഡ്) ജപ്പാൻ സ്വർണം നേടി.
റെക്കോർഡുകൾ
ജപ്പാന്റെ നീന്തൽതാരം ഐകി റിക്കാകോ ആറു സ്വർണവും രണ്ടു വെള്ളിയും നേടി ഈ ഏഷ്യൻ ഗെയിംസിലെ താരമായി. തന്റെ 14–ാം പിറന്നാൾദിനത്തിൽ ഡൈവിങ്ങിൽ സ്വർണം നേടിയ ചൈനയുടെ മിഞ്ജി ഷാങ്ങാണ് ഈ ഗെയിംസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണജേതാവ്. ബ്രിജിൽ സ്വർണം നേടിയ ഇന്ത്യയുടെ പ്രണബ് ബർദാനാണ് (60 വയസ്സ്) പ്രായം കൂടിയ വിജയി.
പുതിയ ഇനങ്ങൾ
ഈ ഗെയിംസിൽ അരങ്ങേറ്റം നടത്തിയ കുറാഷ്, പെഞ്ചക് സിലാട്ട് തുടങ്ങിയ പത്തിനങ്ങളിലായി ഏറ്റവും കൂടുതൽ മെഡലുകൾ വാരിക്കൂട്ടിയത് ആതിഥേയരായ ഇന്തൊനീഷ്യ തന്നെ. ഈയിനങ്ങളിലെ ആകെ 61 സ്വർണമെഡലുകളിൽ 20ഉം ആതിഥേയർ നേടി. പെഞ്ചക് സിലാട്ടിൽ മാത്രം ആകെയുള്ള 16 സ്വർണത്തിൽ 14ഉം അവർക്കു സ്വന്തം.
സമാപന ചടങ്ങ് ചിത്രങ്ങളിലൂടെ