ജക്കാർത്ത ∙ മറ്റൊരു ഫൈനലിൽക്കൂടി പി.വി.സിന്ധുവിന് അടിതെറ്റി. ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ സിന്ധുവിനു വെള്ളി മാത്രം. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം തായ് സൂയിങ് അനായാസം സിന്ധുവിനെ മറികടന്നു. 21-13, 21-16 എന്ന സ്കോറിൽ 34 മിനിറ്റിൽ കളി കഴിഞ്ഞു. ചൈനീസ് തായ്പേയ് താരത്തോടു ലോക മൂന്നാം റാങ്കുകാരിയായ സിന്ധുവിന്റെ കരിയറിലെ പത്താം പരാജയമാണിത്. ഏറ്റവുമൊടുവിൽ തായ്പേയ് താരത്തോടു സിന്ധുവിനു ജയിക്കാൻ കഴിഞ്ഞതു രണ്ടു വർഷം മുൻപു റിയോ ഒളിംപിക്സിലാണ്.
തോൽവിയിലും താരം ചരിത്രമെഴുതി. ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്കായി വെള്ളി നേടുന്ന ആദ്യ താരമാണു സിന്ധു. ഡ്രോപ് ഷോട്ടിലും നെറ്റ് ഗെയിമിലും റാലിയിലും സിന്ധുവിനേക്കാൾ മികച്ചുനിന്ന തായ് സൂയിങ് ആദ്യ ഗെയിം 16 മിനിറ്റിൽ തീർത്തു. രണ്ടാം ഗെയിം 18 മിനിറ്റിൽ. രണ്ടാം ഗെയിമിനിടെ ഒരു പോയിന്റിന്റെ ലീഡ് നേടിയതൊഴിച്ചാൽ കളി മുഴുവനും തായിയുടെ കയ്യിലായിരുന്നു. ഡ്രോപ് ഷോട്ടുകൾക്കിടയിലും മികച്ച സ്മാഷുകളിലൂടെ സിന്ധുവിനെ മറികടക്കാനും താരത്തിനായി.
കോർട്ടിനെ അതിവേഗം കാലുകൊണ്ട് അളന്നെത്തുന്നതിൽ ഇന്ത്യൻ താരത്തേക്കാൾ ബഹുദൂരം മുന്നിലായിരുന്നു എതിരാളി. ഈ വർഷം സിന്ധുവിന്റെ തുടർച്ചയായ നാലാം ഫൈനൽ തോൽവിയാണിത്. ഫെബ്രുവരിയിൽ ഇന്ത്യ ഓപ്പണിൽ ചൈനയുടെ ഷാങ് ബെയ്‌വെനിനോടു തോറ്റു. ജൂലൈയിൽ തായ്‌ലൻഡ് ഓപ്പണിൽ നൊസോമി ഒക്കുഹാരയോടു തോറ്റു. ഈ മാസമാദ്യം ലോക ചാംപ്യൻഷിപ് ഫൈനലിൽ കരോളിന മാരിനോടും തോൽവിയേറ്റു വാങ്ങി.