ഇന്ത്യയ്ക്കു ശ്രീലങ്കയെന്ന പോലേയുള്ളൂ ലോകഭൂപടത്തിൽ ഫ്രാൻസിനു ബൽജിയം. ലങ്ക ഇന്ത്യയുടെ താഴെയാണെങ്കിൽ ബൽജിയം ഫ്രാൻസിന്റെ തലയ്ക്കു മുകളിലാണ്. പക്ഷേ ‘തലയ്ക്കു മുകളിൽ തൂങ്ങി നിൽക്കുന്ന വാൾ’ എന്നു ഫ്രഞ്ച് ആരാധകർ ഇപ്പോൾ പറയും. രണ്ടാം ലോകകിരീടം മോഹിക്കുന്ന ഫ്രഞ്ചുകാർക്ക് വഴിമുടക്കികളാകാൻ ഇതിലും വിനാശകാരികളായ മറ്റൊരു ടീമില്ല. ക്വാർട്ടർ ഫൈനലിൽ സാക്ഷാൽ ബ്രസീലിനെ തകർത്തല്ലേ ബൽജിയം വരുന്നത്!
ബൽജിയം ഫ്രാൻസുകാർക്ക് അത്ര നല്ല ഓർമയുമല്ല. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് അവസാനമായി പരാജയപ്പെട്ട യുദ്ധമായ ‘വാട്ടർ ലൂ’ ഇന്നത്തെ ബൽജിയത്തിലാണ്. ചരിത്രത്തിൽ അന്നു മുതൽ ഇന്നു വരെ എല്ലാ അന്തിമപരാജയങ്ങളെയും വിശേഷിപ്പിക്കുന്ന വാക്ക്. ലോകകപ്പ് സെമിഫൈനലിൽ ഇന്നു ബൽജിയത്തെ നേരിടുമ്പോൾ ഫ്രാൻസിന്റെ ‘വാട്ടർലൂ’ ആകുമോ സെന്റ് പീറ്റേഴ്സ്ബർഗ്? അതോ ബൽജിയം തന്നെ ‘വാട്ടർലൂ’ കുടിക്കുമോ..?
പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും സന്തുലിതമായ ടീമുകളാണ് രണ്ടും. മൽസരത്തിനു മുൻപുള്ള വിലയിരുത്തലിൽ സമാസമം നിൽക്കുന്നവർ. അപ്പോൾ അവരെ വേർതിരിക്കുന്നതെന്താവും? ഈ ദിവസം, ഇന്നത്തെ ഫോം, ഭാഗ്യം..എന്നേ പറയാനാകൂ..!
ടാക്റ്റിക്കൽ വാർ
ഈ ലോകകപ്പിലെ ഏറ്റവും മികച്ച മധ്യനിരകളുടെ പോരാട്ടമാണിത്. പോഗ്ബ–കാന്റെ സഖ്യമാണ് ഫ്രാൻസിന്റെ കരുത്ത്. കാന്റെ പ്രതിരോധ മനസ്സോടെ കളിക്കുമ്പോൾ പോഗ്ബ മുന്നേറ്റനിരയ്ക്കു പന്തെത്തിക്കുന്നു. ഇരുവരും തമ്മിലുള്ള ഒത്തിണക്കം അപാരം. ബൽജിയം മധ്യനിരയിൽ ഉറച്ചത് കഴിഞ്ഞ കളിയിലാണ്. മൗറെയ്ൻ ഫെല്ലെയ്നിയെ ആദ്യ ഇലവനിൽ കൊണ്ടു വന്ന കോച്ച് റോബർട്ടോ മാർട്ടിനെസ് ഡിബ്രൂയ്നു ഫ്രീ റോൾ നൽകി. ഡിബ്രൂയിന്റെ പന്തുമായുള്ള ഓട്ടങ്ങൾ ഫ്രാൻസ് കരുതിയിരിക്കേണ്ടി വരും.
ഇടതു പാർശ്വത്തിൽ ഹസാർഡിന്റെ ഡിബ്ലിങ്ങുകളും അവർക്കു തലവേദനയാകും. പന്തു കാലിലുള്ള ലുക്കാക്കുവിനെപ്പോലെ അപകടകാരിയാണ് പന്തില്ലാത്തപ്പോഴുള്ള ലുക്കാക്കുവും. ജപ്പാനെതിരെ ചാഡ്‌ലിക്കു നൽകിയ ഡമ്മി പാസ് ഓർക്കുക.
പ്ലസ്– മൈനസ്
ഫ്രാൻസ്: അതിവേഗത്തിലുള്ള കളി. നാലു പാസ് കൊണ്ട് ഫ്രാൻസ് ബോക്സിൽ നിന്ന് എതിർ ബോക്സിലെത്തും. വിങ്ബായ്ക്കുകളായ ഹെർണാണ്ടസും പവാർദും പ്രതിരോധത്തിലെ ദുർബലമായ കണ്ണികളാണ്.
ബൽജിയം: പ്രതിരോധവും മധ്യനിരയും മുന്നേറ്റവും തമ്മിൽ മികച്ച ഒത്തിണക്കം. സ്വന്തം ബോക്സിൽ നിന്ന് എതിർ ഗോളിലേക്ക് ഒട്ടേറെ ചാനലുകളുണ്ട് ബൽജിയത്തിന്. മികച്ച ഡിഫൻഡർമാരാണ്. പക്ഷേ എംബപെയെപ്പോലൊരാൾ പാഞ്ഞു കയറിയാൽ ഒപ്പമെത്താനുള്ള വേഗമില്ല.
പരിചയസമ്പന്നർ ബൽജിയം
ലോകകപ്പിലെ ഏറ്റവും പരിചയസമ്പന്നരായ ടീം ഏതാണ്? അതു ബൽജിയം തന്നെ. അറുപതിലേറെ രാജ്യാന്തര മൽസരങ്ങൾ കളിച്ച 12 പേരുണ്ട്.ബൽജിയത്തിന്റെ 23 അംഗ ടീമിൽ. അങ്ങനെയുള്ള ഒരാളേ ഫ്രാൻസ് ടീമിലുള്ളൂ! ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് മാത്രം– 102 മൽസരങ്ങൾ. ഡിഫൻഡർ യാൻ വെർടോംഗനാണ് ബൽജിയം ടീമിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ചത്–106 മൽസരങ്ങൾ. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ബൽജിയം ഈ കളി എന്നു ചുരുക്കം!
ഫ്രാൻസിന് ആറ്, ബൽജിയത്തിന് രണ്ട്
ഫ്രാൻസ് ഇന്ന് ഇറങ്ങുന്നത് ആറാമത്തെ ലോകകപ്പ് സെമി പോരാട്ടത്തിന്. രണ്ടാം തവണയാണ് ബൽജിയം സെമിയിലെത്തുന്നത്. 1986ൽ ആദ്യം സെമിയിൽ കടന്നപ്പോൾ അർജന്റീനയ്ക്കെതിരെ കീഴടങ്ങുകയായിരുന്നു. അതേ ടൂർണമെന്റിൽ മൂന്നാം സ്ഥാന മൽസരത്തിൽ ഫ്രാൻസിനോട് ബൽജിയം പരാജയപ്പെട്ടു. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ അർജന്റീന ബൽജിയത്തെ കീഴടങ്ങി. അന്ന് ടീമിലുണ്ടായിരുന്ന 14 താരങ്ങൾ ഇത്തവണയും ബൽജിയം നിരയിലുണ്ട്.
1958ൽ ആണ് ഫ്രാൻസ് ആദ്യമായി സെമിയിലത്തിയത്. ആ മൽസരത്തിൽ ബ്രസീലിനോട് തോറ്റു. ആ ടൂർണമെന്റിൽ ഫ്രാൻസിന്റെ ജസ്റ്റ് ഫൊണ്ടെയ്ൻ 13 ഗോൾ നേടി. 1982 ലോകകപ്പ് സെമിയിൽ ഷൂട്ടൗട്ടിൽ ജർമനിയോടു കീഴടങ്ങി. 86ലെ സെമിയിൽ വീണ്ടും ജർമനിക്കെതിരെ തോൽവി. സ്വന്തം നാട്ടിൽ കിരീടം നേടിയ 1998 ലോകകപ്പിലും റണ്ണേഴ്സഅപ്പായ 2006 ലോകകപ്പിലുമായിരുന്നു ഫ്രാൻസിന്റെ മറ്റ് സെമി പോരാട്ടങ്ങൾ.
നേർക്കുനേർ ഇവർ
ഫ്രാൻസ്–ബൽജിയം മൽസരത്തെ ആവേശക്കാഴ്ചയാക്കുന്നത് ഏതാനും നേർക്കുനേർ പോരാട്ടങ്ങളാകും. ലോകഫുട്ബോളിലെ ഏറ്റവും മികച്ച പാസർമാരിലൊരാളും ലോങ് റേഞ്ച് വിദഗ്ധനുമായ കെവിൻ ഡിബ്രൂയ്നെയും ഫ്രാൻസിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ എംഗോളോ കാന്റെയും നേർക്കു നേർ വരുമ്പോൾ തീപാറും. ബ്രസീലിന്റെ ഫെർണാണ്ടിഞ്ഞോയെ മറികടന്നയത്ര എളുപ്പമാകില്ല ഡിബ്രൂയ്നെയ്ക്ക് ഇന്നു കാര്യങ്ങൾ. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഏറ്റുമുട്ടി പരിചയമുള്ള ഇവർക്കു പരസ്പരം അറിയുകയും ചെയ്യാം.
∙ ലുക്കാക്കു–ഉംറ്റിറ്റി
ബൽജിയത്തിന്റെ പകുതിയിലേക്കു ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ഹെർണാണ്ടസ് ഓടിക്കയറുന്ന വിടവു മുതലെടുക്കാനായിരിക്കും ലുക്കാകുവിന്റെ ശ്രമം. മൈതാനമധ്യത്തു മാറ്റ്യുഡിയെ മറികടന്നു ലുക്കാകു കുതിച്ചാൽ തളയ്ക്കാനുള്ള ജോലി സെൻട്രൽ ഡിഫൻഡർമാരായ റാഫേൽ വരാനും സാമുവൽ ഉംറ്റിറ്റിക്കുമായിരിക്കും. ഇതുവരെ മൂന്നു ഗോൾ മാത്രം വഴങ്ങിയ ഫ്രാൻസിന്റെ പ്രതിരോധത്തിൽ ഇവരുടെ പ്രകടനം നിർണായകമാകും.
∙ എംബപെ–വെര്‍ട്ടോംഗൻ
ബുള്ളറ്റ് വേഗക്കാരനായ കിലിയൻ എംബപെയെ മാർക്ക് ചെയ്യാൻ ബൽജിയം നിയോഗിക്കുക അവരുടെ ലെഫ്റ്റ് ബാക്ക് യാൻ വെർട്ടോംഗനെയാകും. പത്തൊൻപതുകാരനായ എംബപെയുടെ വേഗത്തിനൊപ്പം മുപ്പത്തൊന്നുകാരനായ വെർട്ടോംഗന് ഓടിയെത്താനായില്ലെങ്കിൽ സംഗതി പാളും. വെർട്ടോംഗന്റെയും വെല്ലുവിളി കടന്നു എംബപെ കുതിച്ചാൽ ബോക്സിൽ കോംപനിയും ആൽഡെർവെയ്ഡുമുണ്ടാകും.
∙ ഹസാഡ്–പവാർദ്
ബൽജിയത്തിന്റെ മാന്തികച്ചരടായ ഏദൻ ഹസാഡിനെ നേരിടേണ്ടിവരിക ഫ്രാൻസിന്റെ യുവ ഡിഫൻഡർ ബെഞ്ചമിൻ പവാർദ് ആകും. വലതു വിങ്ങിൽ മാസ്മരിക പ്രകടനം നടത്തുന്ന പവാർദിന് ഹസാഡിനെപ്പോലെ മൈതാനം നിറഞ്ഞു കളിക്കുന്ന താരത്തെ പിന്തുടർന്നു തടയുന്നതു വലിയ വെല്ലുവിളിയാകും.
തോമസ് വെർമാലെൻ (ബൽജിയം ഡിഫൻഡർ)
ഞങ്ങൾക്കു ഫൈനലിൽ എത്തിയേ മതിയാകൂ. ഫൈനൽ മൽസരത്തിലും ഞങ്ങൾക്കു ജയിക്കണം. അല്ലെങ്കിൽ എക്കാലത്തേക്കുമുള്ള നിരാശയാകുമത്. അറ്റാക്കിങ് ഫുട്ബോൾ വഴങ്ങുമെന്നു ഞങ്ങൾ തെളിയിച്ചുകഴിഞ്ഞു. ജപ്പാനെതിരെ രണ്ടു ഗോളിനു പിന്നിട്ടുനിന്ന മൽസരം ഞങ്ങൾ ജയിച്ചു. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നിനെയാണു ഞങ്ങൾ ക്വാർട്ടറിൽ പുറത്താക്കിയത്’.
ഒളിവർ ജിറൂദ് (ഫ്രാൻസ് സ്ട്രൈക്കർ)
സെമിഫൈനലിൽ ഫ്രാൻസിന്റെ എതിർനിരയിലാകും തിയറി ഒൻറിയുടെ സ്ഥാനം എന്നതു കഷ്ടമാണ്. പക്ഷേ, വിജയത്തിൽ മാത്രമാണ് എന്റെ ശ്രദ്ധ. എത്തിപ്പെട്ടതു തെറ്റായ ടീമിനൊപ്പമാണെന്ന് ഒൻറിയെ ബോധ്യപ്പെടുത്തുന്നതിൽ എനിക്ക് അഭിമാനമേ ഉണ്ടാകൂ.