ന്യൂഡൽഹി ∙ രണ്ടാം ദിനത്തിലെ ഐപിഎൽ താരലേലത്തിൽ ശ്രദ്ധേയ സാന്നിധ്യമായി അഫ്ഗാനിസ്ഥാനിൽനിന്നുള്ള ‘കുട്ടി ക്രിക്കറ്റർ’ മുജീബ് സദ്രാൻ. വെറും 16 വയസ്സ് മാത്രം പ്രായമുള്ള സദ്രാന് ഐപിഎൽ താരലേലത്തിൽ ലഭിച്ചത് നാലു കോടി രൂപ! കിങ്സ് ഇലവൻ പഞ്ചാബാണ് ഈ ‘വണ്ടർ ബോയി’യെ സ്വന്തം കൂടാരത്തിലെത്തിച്ചത്. നഥാൻ ലിയോൺ, ഫവാദ് അഹമ്മദ്, പ്രഖ്യാൻ ഓജ തുടങ്ങിയ ലോകോത്തര താരങ്ങൾ ആർക്കും വേണ്ടാതെ അവശേഷിക്കുമ്പോഴാണ് കോടികളുടെ കിലുക്കവുമായി മുജീബ് സൺറൈസേഴ്സിലെത്തുന്നത്.
നിലവിൽ ന്യൂസീലൻഡിൽ അണ്ടർ 19 ലോകകപ്പിൽ കളിക്കുന്ന അഫ്ഗാൻ ടീമിൽ അംഗമാണ് മുജീബ് സദ്രാൻ. ആതിഥേയരായ ന്യൂസീലന്‍ഡ് ഉൾപ്പെടെയുള്ള വൻ തോക്കുകളെ അട്ടിമറിച്ച് ടൂർണമെന്റിലെ കറുത്ത കുതിരയായി മാറിയ അഫ്ഗാൻ സെമിയിൽ ഇടം പിടിച്ചിട്ടുണ്ട്. 2017ൽ അയർലൻഡിനെതിരായ മൽസരത്തിലൂടെ രാജ്യാന്തര അരങ്ങറ്റം കുറിച്ച മുജീബ്, അരങ്ങേറ്റ മൽസരത്തിൽ നാലു വിക്കറ്റും വീഴ്ത്തി. 21–ാം നൂറ്റാണ്ടിൽ ജനിച്ച് ഏകദിന അരങ്ങേറ്റം കുറിക്കുന്ന ആദ്യ താരം കൂടിയാണ് മുജീബ്.
2001 മാർച്ച് 28ന് ജനിച്ച മുജീബ് സദ്രാനാണ് ഇക്കഴിഞ്ഞ അണ്ടർ 19 ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടാൻ അഫ്ഗാനെ പ്രാപ്തരാക്കിയത്. മലേഷ്യയിൽ നടന്ന ടൂർണമെന്റിൽ 20 വിക്കറ്റുകളാണ് യുവതാരം സ്വന്തമാക്കിയത്. ഇതിനു പിന്നാലെ ബംഗ്ലദേശിനെതിരെ നടന്ന പരമ്പരയിൽ 17 വിക്കറ്റുകളും മുജീബ് പോക്കറ്റിലാക്കി.
ഇത്തവണ ഐപിഎൽ താരലേലത്തിൽ ടീമുകൾ സ്വന്തമാക്കുന്ന മൂന്നാമത്തെ അഫ്ഗാൻ താരമാണ് മുജീബ് സദ്രാൻ. മൂന്നു പേരെയും സ്വന്തമാക്കിയത് സൺറൈസേഴ്സ് ഹൈദരാബാദാണെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ സീസണിലൂടെ സൂപ്പർതാര പദവിയിലേക്കുയർന്ന റാഷിദ് ഖാനാണ് ഇത്തവണയും ഏറ്റവും കൂടുതൽ വില ലഭിച്ച അഫ്ഗാൻ താരം. ഒൻപതു കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് റാഷിദ് ഖാനെ ടീമിലെത്തിച്ചത്. അഫ്ഗാൻ നായകനായിരുന്ന മുഹമ്മദ് നബിയെ ഒരു കോടി രൂപയ്ക്കും സൺറൈസേഴ്സ് ടീമിലെടുത്തു.