കോടികൾ വാരി ‘കുട്ടിത്താരങ്ങൾ’; ഗെയ്‌ലും യുവിയും ഗംഭീറുമൊക്കെ പിന്നിലാണ്!

കമലേഷ് നാഗർകോട്ടി, ശിവം മാവി, ശുഭ്മാൻ ഗിൽ

ന്യൂഡൽഹി ∙ ബെംഗളൂരുവിൽ സമാപിച്ച ഐപിഎൽ താരലേലത്തിൽ വരവറിയിച്ച് ‘കുട്ടിത്താരങ്ങളും’. ന്യൂസീലൻഡിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിലെ മിന്നും താരങ്ങളാണ് ഐപിഎൽ താരലേലത്തിലും താരങ്ങളായത്. സീനിയർ താരങ്ങളെ വെല്ലുന്ന വേഗം കൊണ്ട് വാർത്തകളിൽ ഇടംപിടിച്ച കമലേഷ് നാഗർകോട്ടി, ശിവം മാവി തുടങ്ങിയവരെല്ലാം ഐപിഎൽ ലേലത്തിലൂടെ കോടിപതികളായവരുടെ പട്ടികയിലുണ്ട്. ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് താരങ്ങളായ ഏഴു പേർക്കാണ് ഇത്തവണ ഐപിഎല്ലിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത്. ഇതിൽ നാലു പേരും ലേലം കഴിഞ്ഞപ്പോൾ കോടിപതികളായി.

3.2 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ കമലേഷ് നാഗർകോട്ടിയാണ് കൂടുതൽ വില ലഭിച്ച ‘കുട്ടിത്താരം’. എട്ടു കോടിയോളം രൂപ മുടക്കി മൂന്നു പേരെ ടീമിലെത്തിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് കുട്ടിത്താരങ്ങളിൽ ശ്രദ്ധ ചെലുത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. അതേസമയം, ഏറ്റവും കൂടുതൽ വില ലഭിച്ച അണ്ടർ 19 ലോകകപ്പ് താരം ഇന്ത്യക്കാരനല്ല. ലോകകപ്പ് സെമിയിൽ പരാജയപ്പെട്ട അഫ്ഗാനിസ്ഥാന്റെ പതിനാറുകാരൻ താരം മുജീബ് സദ്രാനാണത്. നാലു കോടി രൂപ മുടക്കി സൺറൈസേഴ്സ് ഹൈദരാബാദാണ് സദ്രാനെ സ്വന്തമാക്കിയത്.

കുട്ടിത്താരങ്ങള്‍ക്കായി കാശെറിഞ്ഞ് കൊൽക്കത്ത

ടീമിലാകെ അഴിച്ചുപണി വരുത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഏറ്റവും കൂടുതൽ പണം മുടക്കി കുട്ടിത്താരങ്ങളെ ടീമിലെടുത്ത് ‍ഞെട്ടിച്ചത്. ഭാവി കൂടി മുന്നിൽ കണ്ട് കൊൽക്കത്ത നടത്തിയ നീക്കത്തിൽ ലോട്ടറിയടിച്ചത് യുവതാരങ്ങളായ കമലേഷ് നാഗർകോട്ടി, ശിവം മാവി എന്നിവർക്കാണ്. 150 കിലോമീറ്റർ വരെ വേഗത്തിൽ പന്തെറിഞ്ഞ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഇരുവരും അടുത്തിടെ വാർത്തകളിലും ഇടംപിടിച്ചിരുന്നു. ‘ഇവരെ നോക്കി വയ്ക്കൂ’ എന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി പറഞ്ഞത് വെറുതെയായില്ല. ഇരുവരെയും കോടികൾ മുടക്കി ടീമിലെത്തിച്ചത് ഗാംഗുലിയുടെ നാട്ടിൽനിന്നുള്ള ടീമായ കൊൽക്കത്ത തന്നെ.

ഏറ്റവും കുറഞ്ഞ ഇരുപതു ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഇരുവരും മൂന്നു കോടിയിലേറെ രൂപയ്ക്കാണ് കൊൽക്കത്ത ടീമിലെത്തിയത്. 3.2 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ കമലേഷ് നാഗർകോട്ടിയാണ് കുട്ടി കോടിപതികളിലെ മുൻപൻ. സ്ഥിരമായി 140 കിലോമീറ്ററിനു മുകളിൽ ബോൾ ചെയ്യാൻ സാധിക്കുന്നു എന്നതുതന്നെ നാഗർകോട്ടിയുടെ ഹൈലൈറ്റ്. 

ശിവം മാവിയും മോശമാക്കിയില്ല. 20 ലക്ഷം തന്നെ അടിസ്ഥാന വിലയുണ്ടായിരുന്ന ശിവം മാവിയെ കൊൽക്കത്ത സ്വന്തമാക്കിയത് മൂന്നു കോടി രൂപയ്ക്കു തന്നെ. നാഗർകോട്ടിക്കൊപ്പം ന്യൂസീലൻഡിൽ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ കുന്തമുനയായ ശിവം മാവിയും സ്ഥിരമായി 140 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിയുന്ന താരമാണ്. അണ്ടർ 19 ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ മാവി പുറത്തെടുത്ത പ്രകടനം ശ്രദ്ധേയമായിരുന്നു. ഏറ്റവും കൂടുതൽ വില ലഭിച്ച രണ്ടാമത്തെ അണ്ടർ 19 ഇന്ത്യൻ താരമെന്ന പകിട്ടോടെ മാവി കൊൽക്കത്തയിലേക്ക്.

അണ്ടർ 19 ലോകകപ്പിലെ രണ്ട് മിന്നും ബോളർമാരെയും സ്വന്തം കൊൽക്കത്ത ബാറ്റ്സ്മാൻമാരുടെ കാര്യത്തിലും മോശമാക്കിയില്ല. ന്യൂസീലൻഡിലെ ലോകകപ്പ് മൽസരങ്ങളിൽ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിനെയാണ് കൊൽക്കത്ത സ്വന്തം കൂടാരത്തിലെത്തിച്ചത്. ഓസ്ട്രേലിയയ്ക്കെതിരെ 63, സിംബാബ്‌വെയ്ക്കെതിരെ പുറത്താകാതെ 90, ബംഗ്ലദേശിനെതിരായ ക്വാർട്ടര്‍ പോരാട്ടത്തിൽ 86 എന്നിങ്ങനെ കരുത്തു തെളിയിച്ച ഗില്ലിനെ 1.8 കോടി രൂപയ്ക്കാണ് കൊൽക്കത്ത റാഞ്ചിയത്.

ഡൽഹി ഡെയർഡെവിള്‍സ് കടുത്ത വെല്ലുവിളിയുമായി രംഗത്തുണ്ടായിരുന്നെങ്കിലും യുവതാരത്തെ കൊൽക്കത്ത തന്നെ സ്വന്തമാക്കി. ഏറ്റവും കൂടുതൽ വില ലഭിച്ച മൂന്നാമത്തെ അണ്ടർ 19 താരമായും ശുഭ്മാൻ ഗിൽ മാറി.

കുട്ടിത്താരങ്ങളിൽ നോട്ടമിട്ട് ഡൽഹിയും

ഏറ്റവും കൂടുതൽ വില ലഭിച്ച നാലാമത്ത ഇന്ത്യൻ അണ്ടർ 19 താരം ക്യാപ്റ്റൻ പൃഥ്വി ഷാ തന്നെ. ലോകകപ്പിനു മുൻപുതന്നെ വാർത്തകളിൽ നിറഞ്ഞുനിന്ന പൃഥ്വി ഷായെ 1.2 കോടി രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസാണ് സ്വന്തമാക്കിയത്. അണ്ടർ 19 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ഷാ, നിയന്ത്രിത ഓവർ മൽസരങ്ങളിൽ കൂറ്റൻ സ്കോറുകൾ പടുത്തുയർത്തുന്നതിൽ മിടുക്കനാണ്.

ഇക്കഴിഞ്ഞ ആഭ്യന്തര ക്രിക്കറ്റ് സീസണിലും പലകുറി പൃഥ്വി ഷാ വാർത്തകളിൽ ഇടം നേടി. രഞ്ജി സീസണിൽ ആറു മൽസരങ്ങളിൽനിന്ന് 537 റൺസാണ് ഷാ സ്വന്തമാക്കിയത്. മൂന്നു സെഞ്ചുറികൾ ഉൾപ്പെടെയാണിത്. ലോകകപ്പ് മൽസരങ്ങളിൽ 94, പുറത്താകാതെ 57, 40 എന്നിങ്ങനെ ശ്രദ്ധേയമായ പ്രകടനമാണ് ഷായുടേത്.

55 ലക്ഷം രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസ് തന്നെ സ്വന്തമാക്കിയ അഭിഷേക് ശർമയാണ് കൂടുതൽ വില ലഭിച്ച അഞ്ചാമത്തെ അണ്ടർ 19 ഇന്ത്യൻ താരം. ഇക്കഴിഞ്ഞ അണ്ടർ 16 വിജയ് മർച്ചന്റ് ട്രോഫിയിൽ റണ്ണുകൾ വാരിക്കൂട്ടിയാണ് ശർമ ദേശീയ ശ്രദ്ധയിലെത്തുന്നത്. 2015–16 സീസണിൽ 1200നു മുകളിൽ റൺസും 57 വിക്കറ്റുകളും സ്വന്തമാക്കിയ ശർമയുടെ ഓൾറൗണ്ട് മികവാണ് താരത്തെ ഡൽഹി ടീമിലെത്തിച്ചത്. 55 ലക്ഷം രൂപയ്ക്കാണ് അഭിഷേക് ശർമയെ ഡൽഹി സ്വന്തമാക്കിയത്.

ഇവർക്കു പുറമെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് ടീമുകളിലെത്തിയ രണ്ട് അണ്ടർ 19 താരങ്ങൾ കൂടിയുണ്ട്. ഡൽഹി ഡെയർഡെവിൾസ് തന്നെ ടീമിലെത്തിച്ച മൻജോത് കൽറയാണ് അതിൽ ഒന്നാമൻ. യുവരാജ് സിങ്ങിനെ ഓർമിപ്പിക്കുന്ന ബാറ്റിങ് പ്രകടനത്തിലൂടെയാണ് കൽറ ശ്രദ്ധ േനടിയത്. ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഇന്ത്യയ്ക്കായി കൽറ 86 റൺസെടുത്തിരുന്നു. 

മുംബൈയെ ‘കറക്കി വീഴ്ത്തി’ റോയി

അണ്ടർ 19 താരത്തിനായി കാശെറിഞ്ഞ മൂന്നാമത്തെ ടീം മുംബൈ ഇന്ത്യൻസാണ്. ന്യൂസീലൻഡിൽ എതിരാളികളെ കറക്കിവീഴ്ത്തി ശ്രദ്ധ നേടിയ സ്പിന്നർ അനുകൂൽ റോയിയെയാണ് 20 ലക്ഷം രൂപയ്ക്ക് മുംബൈ ടീമിലെടുത്തത്. പാപുവ ന്യൂഗിനിക്കെതിരെ 14 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത് ശ്രദ്ധ നേടി. സിംബാബ്‍വെയ്ക്കെതിരെ 20 റൺസ് വഴങ്ങി നാലു വിക്കറ്റും സ്വന്തമാക്കി. ഭേദപ്പെട്ട ബാറ്റ്സ്മാൻ കൂടിയായ റോയിക്ക് ‘സമസ്തിപുരിന്റെ രവീന്ദ്ര ജഡേജ’ എന്ന വിളിപ്പേരുമുണ്ട്.