മറക്കുമോ, ധോണി-റായുഡു കൂട്ടുകെട്ടിന്റെ വിജയവഴി!

അമ്പാട്ടി റായുഡുവും ധോണിയും മൽസരത്തിനിടെ. (ട്വിറ്റർ ചിത്രം)

ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകൾ നേടിത്തന്ന ക്യാപ്റ്റൻ ധോണിയുണ്ടല്ലോ. ആ പഴയ കൂൾ കൂൾ ക്യാപ്റ്റൻ. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിനെ ഒറ്റയ്ക്ക് തോളേറ്റിയിരുന്ന ആ ബെസ്റ്റ് ഫിനിഷർ. വിന്റേജ് ധോണിയെന്നൊക്കെ ആരാധകർ വിളിക്കുന്ന ആ പഴയ താരത്തിളക്കം വർധിത പ്രഭാവത്തോടെ കത്തിജ്വലിച്ച രാത്രിയായിരുന്നു ഇന്നലത്തേത്. തോൽവി തുറിച്ചുനോക്കിയ ഘട്ടത്തിൽ ക്രീസിലെത്തി, അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് ധോണി നടത്തിയ പോരാട്ടത്തിന് ഇന്ത്യൻ ക്രിക്കറ്റ് ഒന്നാകെ കയ്യടിച്ച ദിനമായിരുന്നു ഇന്നലെ.

അടുത്ത വർഷത്തെ ഏകദിന ലോകകപ്പിൽ കണ്ണുവയ്ക്കുന്ന ടീം ഇന്ത്യയ്ക്കും കണ്ണുനിറയെ കാണാനൊത്തൊരു ക്രിക്കറ്റ് വിരുന്ന്! അത്രമേൽ സുന്ദരമായിരുന്നു, റോയൽ ചാലഞ്ചേഴ്സ് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ധോണിപ്പട മറികടക്കുന്ന കാഴ്ച.

10–ാം ഓവറിന്റെ ആദ്യ പന്തിൽ ധോണി ക്രീസിലെത്തുമ്പോഴുള്ള അവസ്ഥ നോക്കുക. ഒൻ‌പത് ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 74 റൺസെന്ന നിലയിലായിരുന്നു ഈ സമയത്ത് ചെന്നൈ. 29 പന്തിൽ 42 റൺസുമായി അമ്പാട്ടി റായിഡു ഒരറ്റത്ത് നിൽക്കുമ്പോഴും വിജയം ഒരു കല്ലേറുദൂരത്തു പോലുമില്ലാത്ത അവസ്ഥ. വിജയത്തിലേക്കു വേണ്ടിയിരുന്നത് 66 പന്തിൽ 132 റൺസ്. ഓവറിൽ 12 റൺസ് വീതം നേടിയാൽ മാത്രം വിജയം കയ്യെത്തിപ്പിടിക്കാം.

ധോണി പക്ഷേ രണ്ടും കൽപ്പിച്ചായിരുന്നു. നേരിട്ട രണ്ടാം പന്തുതന്നെ ഡീപ് മിഡ്‌വിക്കറ്റിലൂടെ ഗാലറിയിലെത്തിച്ചു. പവൻ നേഗിയെ പന്തേൽപ്പിച്ച് സ്ലിപ്പിൽ ചോരാത്ത കയ്യുമായി നിലയുറപ്പിച്ച ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, പന്തിന്റെ പോക്കുകണ്ട് തലയിൽ കൈവച്ചു നോക്കിനിന്നു. ആ ഓവറിൽനിന്ന് ഒൻപതു റൺസ് മാത്രം വന്നതോടെ വിജയത്തിലേക്കു വേണ്ടത് 60 പന്തിൽ 123 റൺസ്. ആവശ്യമായ റൺറേറ്റും കുതിച്ചുകയറി. ഓവറിൽ ശരാശരി 12.30 റൺസ് നേടേണ്ട അവസ്ഥ!

ചെന്നൈയുടെ സമ്മർദ്ദമേറ്റാൻ കോഹ്‍ലി തന്റെ വജ്രായുധമായ യുസ്‌വേന്ദ്ര ചാഹലിനെ പന്തേൽപ്പിച്ചു. ധോണിയെയും റായുഡുവിനെയും ഫലപ്രദമായി പൂട്ടിയിച്ച ചാഹൽ 11–ാം ഓവറിൽ വഴങ്ങിയത് ഏഴു റൺസ് മാത്രം. ഇതോടെ വിജയത്തിലേക്ക് വേണ്ട റൺ റേറ്റ് 13ന് അടുത്തെത്തി. എട്ടു പന്തിൽ 12 റൺസുമായി ധോണിയും 34 പന്തിൽ 45 റൺസുമായി റായുഡുവും ക്രീസിൽ തുടരുന്നു.

കോറി ആൻഡേഴ്സന്റെ അടുത്ത ഓവറിൽ ഒരു സിക്സ്‍ ഉൾപ്പെടെ 11 റൺസ് നേടിയെങ്കിലും റിക്വയേർഡ് റൺ റേറ്റ് 13.12 ആയി ഉയർന്നു. ഓരോ ഓവർ കഴിയുന്തോറും വിജയം അകന്നകന്നു പോകുന്നതു കണ്ട് ചെന്നൈ ആരാധകർ സങ്കടപ്പെട്ടിട്ടുണ്ടാകണം. ചാഹൽ എറിഞ്ഞ 13–ാം ഓവർ കൂടി കഴിഞ്ഞതോടെ ആരാധകരുടെ സങ്കടം ഇരട്ടിയായി. ആറു റൺസ് മാത്രം പിറന്ന ഈ ഓവറോടെ ചെന്നൈയ്ക്ക് വിജയിക്കാൻ ഓവറിൽ ശരാശരി 14.14 റൺസ് നേടേണ്ട ഗതിയായി.

പവൻ നേഗിയെറിഞ്ഞ 14–ാം ഓവർ ടേണിങ് പോയിന്റായി. ധോണിയുടെ രണ്ടു സിക്സും റായിഡുവിന്റെ ഒരു സിക്സും ഉൾപ്പെടെ ഈ ഓവറിൽ ചെന്നൈ നേടിയത് 19 റൺസ്. ഇതിനിടെ റായിഡു അർധസെഞ്ചുറി പിന്നിട്ടു. ധോണിയുടെ റൺനേട്ടം 19 പന്തിൽ 36 റൺസായി ഉയർന്നു. അടുത്ത ഓവർ എറിഞ്ഞ മുഹമ്മദ് സിറാജ് ചെന്നൈയെ വീണ്ടും മുൾമുനയിൽ നിർത്തി. ഈ ഓവറിന്റെ മൂന്നാം പന്തിൽ റായുഡു തന്റെ ആറാം സിക്സ് കണ്ടെത്തിയെങ്കിലും ഓവറിൽ പിറന്നത് ഒൻപത് റൺസ് മാത്രം. ഇതോടെ ജയിക്കാൻ വേണ്ടത് 30 പന്തിൽ 71 റൺസ്. ഓവറിൽ ശരാശരി 14.20 റൺസ് വച്ച്.

കോറി ആൻഡേഴ്സൻ എറിഞ്ഞ 16–ാം ഓവറിന്റെ അവസാന രണ്ടു പന്തുകൾ ഗാലറിയിലെത്തിച്ച റായുഡു സമ്മർദ്ദം അയച്ചു. ഈ ഓവറിൽ 16 റൺസ് പിറന്നതോടെ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ട ശരാശരി റൺനിരക്ക് 13.75 ആയി താഴ്ന്നു. അടുത്ത ഓവർ എറിയാനെത്തിയ മുഹമ്മദ് സിറാജ് വീണ്ടും വിശ്വരൂപം കാട്ടി. ഈ ഓവറിൽ ഒരു ബൗണ്ടറി മാത്രം വഴങ്ങിയ സിറാജ് ആകെ വിട്ടുകൊടുത്തത് 10 റൺസ് മാത്രം. ഇതോടെ ചെന്നൈയ്ക്ക് ജയിക്കാൻ ഓവറിൽ ശരാശരി വേണ്ടത് 15 റൺസ്!

വിജയം ഏതു വശത്തേക്കു വേണമെങ്കിലും തിരിയാമെന്നിരിക്കെ കോറി ആൻഡേഴ്സൻ എറിഞ്ഞ 18–ാം ഓവർ സംഭവബഹുലമായി. ഒരു സിക്സും ബൗണ്ടറിയുമുൾപ്പെടെ 15 റൺസ് വഴങ്ങിയെങ്കിലും ചെന്നൈ ഇന്നിങ്സിന് അടിത്തറയിട്ട അമ്പാട്ടി റായുഡു അഞ്ചാം പന്തിൽ റണ്ണൗട്ടായി. 53 പന്തിൽ മൂന്നു ബൗണ്ടറിയും എട്ടു സിക്സും ഉൾപ്പെടെ 82 റൺസെടുത്തായിരുന്നു റായുഡുവിന്റെ മടക്കം. ആറു മൽസരങ്ങളിൽനിന്ന് 283 റൺസെടുത്ത റായുഡു ടൂർണമെന്റിന്റെ ടോപ് സ്കോറർക്കുള്ള പർപ്പിൾ ക്യാപ്പും സ്വന്തമാക്കി. ഇതിനിടെ ധോണി സീസണിലെ രണ്ടാം അർധസെഞ്ചുറി പൂർത്തിയാക്കി.

റായുഡുവിന് പകരമെത്തിയ ബ്രാവോയ്ക്കൊപ്പം ധോണി ചെന്നെയെ വിജയത്തിലെത്തിക്കുമോ എന്ന ആകാംക്ഷയ്ക്കിടെ 19–ാം ഓവർ എറിയാനെത്തിയത് മുഹമ്മദ് സിറാജ്. ആദ്യ നാലു പന്തുകളിൽ മൂന്നു റൺസ് മാത്രം വഴങ്ങിയ സിറാജ് ചെന്നൈയെ സമ്മർദ്ദത്തിലാക്കുമെന്ന് കരുതിയെങ്കിലും അഞ്ചാം പന്തിൽ ധോണി വിശ്വരൂപം കാട്ടി. താഴ്ന്നു പറന്നെത്തിയ പന്തിനെ പോയിന്റിനു മുകളിലൂടെ ധോണി ഗാലറിയിലെത്തിച്ചു. അപ്രതീക്ഷിത പ്രഹരത്തിന്റെ വിറളിയിൽ തുടർച്ചയായി മൂന്ന് വൈഡുകൾ എറിഞ്ഞ സിറാജ് ചെന്നൈയുടെ സമ്മർദ്ദമകറ്റി. അവസാന പന്തിൽ രണ്ടു റൺസ് കൂടി നേടിയതോടെ ഫലത്തിൽ അവസാന പന്തിൽനിന്ന് ചെന്നൈയ്ക്കു ലഭിച്ചത് അഞ്ചു റൺസ്. ഈ ഓവറിൽ സിറാജ് ആകെ ബോൾ ചെയ്തത് ഒൻപതു പന്തുകളും!

അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ് വേണമെന്നിരിക്കെ കോഹ്‍ലി പന്തേൽപ്പിച്ചത് കിവീസ് താരം കോറി ആൻഡേഴ്സനെ. ആദ്യ പന്ത് വിക്കറ്റിനു സമീപത്തുകൂടി ബൗണ്ടറി കടത്തിയ ബ്രാവോ മികച്ച തുടക്കമിട്ടു. രണ്ടാം പന്ത് തനി ബ്രാവോ ശൈലിയിൽ കവറിനു മുകളിലൂടെ ഗാലറിയിൽ. ഇതോടെ നാലു പന്തിൽ വിജയത്തിലേക്കു വേണ്ടത് ആറു റൺസ്. മൂന്നാം പന്തിൽ സിംഗിൾ നേടിയ ബ്രാവോ ധോണിക്ക് സ്ട്രൈക്ക് കൈമാറി. മൂന്നു പന്തിൽ അഞ്ചു റൺസകലെ നിൽക്കുന്ന വിജയത്തിലേക്ക് നാലാം പന്തിൽ ധോണിയുടെ പടുകൂറ്റൻ സിക്സർ. ഗാലറിയിലെ ചെന്നൈ ആരാധകർ തുള്ളിച്ചാടി. ആറു മൽസരങ്ങളിൽ അഞ്ചാം ജയവുമായി ചെന്നൈ പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക്. അത്രതന്നെ മൽസരങ്ങളിൽനിന്ന് നാലാം തോൽവി വഴങ്ങിയ റോയൽ ചാലഞ്ചേഴ്സ് ആറാം സ്ഥാനത്തും.