Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം തളർത്താത്ത പോരാട്ടവീര്യത്തോടെ, മഹേന്ദ്രജാലം

M S Dhoni and Dwayne Bravo ബാംഗ്ലൂരിനെതിരെ ചെന്നൈയുടെ വിജയം ആഘോഷിക്കുന്ന ധോണിയും ബ്രാവോയും

അസാധ്യം എന്നൊരു വാക്ക് ഐപിഎല്ലിൽ മഹേന്ദ്രസിങ് ധോണിയുടെ നിഘണ്ടുവിലുണ്ടാകില്ല. ബാംഗ്ലൂരിനെതിരായ മൽസരത്തിൽ അപ്രാപ്യമെന്നു കരുതിയ വിജയലക്ഷ്യത്തെ അമാനുഷികമെന്നു വിശേഷിപ്പിക്കാവുന്ന ബാറ്റിങ് മികവോടെ മറികടന്ന മുൻ ഇന്ത്യൻ നായകൻ‌ 36–ാം വയസ്സിലും ബെസ്റ്റ് ഫിനിഷർ താൻ തന്നെയെന്ന് വിളിച്ചുപറയുന്നു. അവസാന ഏഴോവറിൽ നൂറിലേറെ റൺസെന്ന അതീവ പ്രതിസന്ധി ഘട്ടത്തിൽ നിന്ന ചെന്നൈ ടീമിനെയാണ് അവസാന ഓവറുകളിൽ തകർത്തടിച്ച് ധോണി വിജയതീരത്തെത്തിച്ചത്.

വിജയമുറപ്പിച്ച ഭാവത്തിൽ കൈകെട്ടി നിന്ന ബാംഗ്ലൂർ ഫീൽഡർമാരുടെ തലയ്ക്കു മുകളിലൂടെ ഏഴു തവണ പന്ത് അതിർ‌ത്തി കടത്തി. വെറും 34 പന്തിൽ ധോണി നേടിയത് 70 റൺസ്. അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്ന ചെന്നൈ രണ്ടു പന്തു ബാക്കിനിൽക്കെ തന്നെ വിജയമുറപ്പാക്കി. 

ആരാധകരുടെ മനസ്സു കുളിർപ്പിച്ചും എതിരാളികളെ അമ്പരപ്പിച്ചും ഐപിഎല്ലിൽ ധോണി ആഞ്ഞടിക്കുന്നത് ഇതാദ്യമല്ല. പ്രീമിയർ ലീഗിന്റെ ആകാശത്ത് മുൻപ് പിറന്ന ധോണി വെടിക്കെട്ടുകൾ ചിലത് ഇതാ.

29 പന്തിൽ 54*

സീസൺ: 2010– 

എതിരാളി: പഞ്ചാബ്

ഗ്രൂപ്പ് ഘട്ടത്തിൽ തുടർതോൽവികൾ വഴങ്ങി എലിമിനേഷന്റെ പടിവാതിൽക്കൽ നിൽക്കുന്ന ചെന്നൈയ്ക്കെതിരെ പഞ്ചാബ് ഉയർത്തിയത് 194 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് അവസാന പത്തോവറിൽ വേണ്ടത് ‌104 റൺസ്. ടീമിന്റെ ബാറ്റിങ് കടിഞ്ഞാൺ ധോണി ഏറ്റെടുത്തു. അവസാന 20 പന്തുകളിൽ ജയിക്കാൻ 45 റൺസ്.! ബൗണ്ടറികളുമായി ഉഗ്രരൂപം പൂണ്ട നായകൻ സിക്സറിലൂടെ വിജയമുറപ്പിച്ചു. 

32 പന്തിൽ 64*

സീസൺ: 2016

എതിരാളി: പഞ്ചാബ്

ഇത്തവണ വെടിക്കെട്ട് പുണെ സൂപ്പർ ജയന്റ്സിന്റെ ജഴ്സിയണിഞ്ഞ്. 173 എന്ന വിജയലക്ഷ്യത്തിനു മുൻപിൽ പുണെയുടെ മുന്നേറ്റനിര നിറംമങ്ങി. തോൽവിയുറപ്പിച്ചു നിൽക്കെ ക്രീസിലെത്തിയ ധോണിയുടെ ഒറ്റയാൻ പോരാട്ടത്തിൽ പുണെ കളിയിലേക്ക് തിരിച്ചെത്തി. അവസാന ഓവറിൽ ജയിക്കാൻ 23 റൺസ്. അക്സർ പട്ടേലിന്റെ ഓവറിൽ ധോണിയുടെ മൂന്നു സിക്സർ. ഒരു ഫോർ. അവസാന പന്തിൽ അനായാസ സിംഗിൾ. പുണെയ്ക്ക് നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. 

28 പന്തിൽ 49*

സീസൺ: 2014

എതിരാളി: ബാംഗ്ലൂർ

വിജയലക്ഷ്യം 155. ഡ്വെയ്ൻ സ്മിത്തും ഫാഫ് ഡുപ്ലെസിയും നൽകിയ തുടക്കം മുതലാക്കേണ്ട ജോലിയേ ധോണിക്കുണ്ടായിരുന്നുള്ളൂ. പത്താമത്തെ ഓവറിൽ ക്രീസിലെത്തിയ താരം നാലു ഫോറും മൂന്നു സിക്സറും പറത്തി. 18–ാം ഓവറിൽ സിക്സറിലൂടെ ചെന്നൈയുടെ വിജയമുറപ്പിച്ച ധോണി കളിയിലെ താരവുമായി.

40 പന്തിൽ 70*

സീസൺ: 2011

എതിരാളി: ബാംഗ്ലൂർ

ധോണി മിന്നിയെങ്കിലും ചെന്നൈ കളി തോറ്റ മൽസരം. ബംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് ആറോവർ പിന്നിട്ടപ്പോഴേക്കും നാലു മുൻനിര ബാറ്റ്സ്മാൻമാരെ നഷ്ടമായി. 4–22 എന്ന സ്കോറിൽ നിന്ന ചെന്നൈയെ ധോണിയുടെ ഒറ്റയാൾ പ്രകടനം 128 റൺസിൽ എത്തിച്ചു. ആറു സിക്സറും മൂന്നു ഫോറുമടിച്ച് ധോണി പുറത്താകാതെ നിന്നു.

20 പന്തിൽ 51*

സീസൺ: 2012

എതിരാളി: മുംബൈ

എലിമിനേറ്റർ മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ തുടക്കം പിഴച്ചു. ഒരു റൺസിനിടെ രണ്ടു വിക്കറ്റു നഷ്ടമായി. തുടർന്ന് മുടന്തി നീങ്ങിയ സ്കോർ 15–ാം ഓവറിൽ നൂറിലെത്തി. ധോണി മുംബൈയുടെ പ്രതീക്ഷകൾക്കു മീതെ ബാറ്റുവീശിയത് അതിനുശേഷമായിരുന്നു. വെറും 20 പന്തിനുള്ളിൽ ആറു ഫോറും രണ്ട‍ു സിക്സറും പറത്തി. 20 ഓവർ പിന്നിട്ടപ്പോഴേക്കും ചെന്നൈ സ്കോർ ബോർഡിൽ 187 റൺസ്. മൽസരം ചെന്നൈ 38 റൺസിന് ജയിച്ചു. 

related stories