പുണെ ∙ സബാഷ് സഞ്ജു; കാത്തിരുന്ന ഇന്നിങ്സാണിത്! ഉജ്വല സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ മിന്നിത്തിളങ്ങിയപ്പോൾ ഐപിഎൽ മൽസരത്തിൽ റൈസിങ് പുണെ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ഡെയർ ഡെവിൾസിനു 97 റൺസിന്റെ ജയം. സ്കോർ: ഡൽഹി–20 ഓവറിൽ നാലു വിക്കറ്റിന് 205. പുണെ–16.1 ഓവറിൽ 108നു പുറത്ത്. 63 പന്തിൽ എട്ടു ഫോറും അഞ്ചു സിക്സും സഹിതം സഞ്ജു 102 റൺസെടുത്തു. ഒൻപതു പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 38 റൺസെടുത്ത ക്രിസ് മോറിസാണ് ഡൽഹി സ്കോർ 200 കടത്തിയത്. ഐപിഎലിൽ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണിത്.സാം ബില്ലിങ്സ് (24), ഋഷഭ് പന്ത് (31) എന്നിവർ സഞ്ജുവിനു പിന്തുണ നൽകി. സഞ്ജുവാണ് മാൻ ഓഫ് ദ് മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡൽഹിയുടേത് മോശം തുടക്കമായിരുന്നു. നന്നായി പന്തെറിഞ്ഞ പുണെ ബോളർമാരെ നേരിടാൻ ഡൽഹി ഓപ്പണർമാരായ ആദിത്യ താരെയും സാം ബില്ലിങ്സും വിഷമിച്ചു. അശോക് ദിൻഡ എറിഞ്ഞ രണ്ടാം ഓവറിൽ അവർക്കു നേടാനായത് രണ്ടു റൺസ് മാത്രം. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ ചാഹറിന് വിക്കറ്റ് നൽകി താരെ പൂജ്യനായി മടങ്ങിയതോടെയാണ് സഞ്ജു ക്രീസിലെത്തിയത്.
തുടക്കം മുതലേ ആക്രമിച്ചു കളിച്ച സഞ്ജു പുണെ ബോളർമാരെ ആത്മവിശ്വാസത്തോടെ നേരിട്ടു. ഓവറിൽ ശരാശരി രണ്ടു ബൗണ്ടറി എന്ന നിലയിൽ മുന്നേറിയ സഞ്ജു അൽപം മയപ്പെട്ടത് സ്പിന്നർമാരുടെ വരവോടെ. എന്നാൽ അർധ സെഞ്ചുറി കടന്നതോടെ സ്കോറിങ് അതിവേഗമാർന്നു. രണ്ടാം വിക്കറ്റിൽ ബില്ലിങ്സിനൊപ്പം 69 റൺസ് കൂട്ടിച്ചേർത്ത സഞ്ജു മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 53 റൺസ് കൂട്ടുകെട്ടും തീർത്തു. ആദം സാംപയെറിഞ്ഞ 19–ാം ഓവറിന്റെ ആദ്യ പന്തിൽ തകർപ്പൻ സിക്സറിലൂടെ സെഞ്ചുറി കടന്ന സഞ്ജു തൊട്ടടുത്ത പന്തിൽ ബോൾഡായി പുറത്തായി.
വൻസ്കോർ പിന്തുടർന്ന പുണെയ്ക്ക് ഒരു ഘട്ടത്തിൽ പോലും നിലയുറപ്പിക്കാനായില്ല. മൂന്നാം ഓവറിന്റെ അവസാന പന്തിൽ അജിങ്ക്യ രഹാനെയെ (10) നഷ്ടമായ അവർ എട്ട് ഓവറായപ്പോഴേക്കും അഞ്ചിന് 54 എന്ന നിലയിലേക്കു വീണു. 17–ാം ഓവറിന്റെ ആദ്യ പന്തിൽ പത്താം വിക്കറ്റായി അശോക് ദിൻഡയും മടങ്ങി. 20 റൺസെടുത്ത മായങ്ക് അഗർവാളാണ് പുണെയുടെ ടോപ് സ്കോറർ. സഹീർ ഖാൻ, അമിത് മിശ്ര എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
മഹേളയെപ്പോലെ സഞ്ജുവിന്റെ ബാറ്റിങ്: ഗാവസ്കർ
ഐപിഎൽ ക്രിക്കറ്റിൽ സെഞ്ചുറി നേടിയ മലയാളി ബാറ്റ്സ്മാൻ സഞ്ജു സാംസണ് സുനിൽ ഗോവസ്കറുടെ പ്രശംസ. സഞ്ജു ബാറ്റ് ചെയ്യുന്നതു ശ്രീലങ്കയുടെ മുൻ നായകൻ മഹേള ജയവർധനയെപ്പോലെയാണെന്നാണു ഗാവസ്കർ പറഞ്ഞത്. നല്ല കൃത്യതയോടെ ബാറ്റു ചെയ്യുന്ന മഹേളയുടെ അയത്ന ലളിതമായ ബാറ്റിങ് ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
സഞ്ജു സ്കോറിങ് ഗാഥ
(ക്രീസിലെത്തിയത് 1.2 ഓവറിൽ)
പത്തു പന്തിൽ 25 റൺസ്
20 പന്തിൽ 35
30 പന്തിൽ 43
40 പന്തിൽ 49
50 പന്തിൽ 67
60 പന്തിൽ 95
62 പന്തിൽ 102
അർധസെഞ്ചുറി 41–ാം പന്തിൽ
സെഞ്ചുറി തികച്ചത് 62–ാം പന്തിൽ
50 ൽനിന്ന് 100 ലേക്ക് 21 പന്തുകൾ!
63 പന്ത്, എട്ടു ഫോർ അഞ്ച് സിക്സ്, സ്ട്രൈക് റേറ്റ് 161.9
∙ സഞ്ജു വി. സാംസൺ: 'ദ്രാവിഡ് സാറിനൊപ്പം കുറേ കാലമായി ഞാനുണ്ട്. എന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണിത്. ടൂർണമെന്റിനു മുൻപ് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഞാൻ കഠിനമായി പരിശീലിച്ചിരുന്നു. അതിപ്പോൾ ഫലം കണ്ടു..'