Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ ഇന്ത്യൻസ് ഫൈനലിൽ

PTI5_19_2017_000214A ഗംഭീറിന്റെ വിക്കറ്റെടുത്ത കാൺ ശർമയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു

ബെംഗളൂരു ∙ ജസ്പ്രീത് ബുമ്രയുടെ പന്തുകൾക്കു മുന്നിൽ മുട്ടിടിച്ചു വീണു; കാൺ ശർമയുടെ പന്തുകൾക്കു മുന്നിൽ കറങ്ങിത്തിരി​ഞ്ഞു വീണു. ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ബോളിങ് കരുത്തിൽ കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 18.5 ഓവറിൽ വെറും 107 റൺസിനു പുറത്തായി.

തുടക്കത്തിൽ മുംബൈയും അൽപം സമ്മർദ്ദത്തിലായിരുന്നെങ്കിലും 33 പന്തുകൾ ബാക്കി നിർത്തി വിജയത്തിലെത്തി. നാളെ നടക്കുന്ന ഫൈനലിൽ മുംബൈയും പുണെയും തമ്മിൽ മൽസരിക്കും. ലീഗ് ഘട്ടത്തിലെ രണ്ടു മൽസരങ്ങളിലും ആദ്യ ക്വാളിഫയറിലും രണ്ടു ടീമുകളും തമ്മിലുള്ള പോരാട്ടത്തിൽ വിജയം പുണെയ്ക്കൊപ്പമായിരുന്നു.

34 റൺസിലെത്തുമ്പോഴേക്കു മുംബൈയ്ക്കു മൂന്നു വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റ് 88 റൺസിലും നഷ്ടമായി. ക്രുണാൽ പാണ്ഡെയും(30 പന്തുകളിൽ 45), പൊള്ളാർഡും(ഒൻപത്) ചേർന്നു ടീമിനെ വിജയത്തിലെത്തിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ 24 പന്തുകളിൽ 26 റൺസെടുത്തു. 

നേരത്തെ,  നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ കാൺ ശർമയും മൂന്നോവറിൽ ഏഴു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുമാണ് കൊൽക്കത്തയെ തകർത്തത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ ജോൺസനും ഒരു വിക്കറ്റ് നേടിയ ലസിത് മലിംഗയും പിന്തുണ നൽകി. അ‍ഞ്ചിന് 31 നിലയിൽ വൻ തകർച്ച നേരിട്ട കൊൽക്കത്തയെ ഇഷാങ്ക് ജഗ്ഗിയും (28) സൂര്യകുമാർ യാദവും (31) ചേർന്നാണ് നൂറു കടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കം തൊട്ടെ പിഴച്ചു. രണ്ടാം ഓവറിൽ ക്രിസ് ലിനെ (നാല്) ബുമ്ര, പൊള്ളാർഡിന്റെ കയ്യിലെത്തിച്ചു. സുനിൽ നാരായൻ(10), റോബിൻ ഉത്തപ്പ(ഒന്ന്), ഗൗതം ഗംഭീർ(12), കോളിൻ ഡി ഗ്രാൻഡ്ഹോം (പൂജ്യം) എന്നിവരും ഏഴ് ഓവർ തികഞ്ഞപ്പോഴേക്കു പവലിയനിൽ തിരിച്ചെത്തി.