ആവേശം അവസാന പന്തുവരെ; നെഞ്ചിടിപ്പേറ്റിയ അവസാന ഓവർ കാണാം

ഐപിഎൽ കിരീടം ചൂടിയ മുംബൈ ടീമിന്റെ വിജയാഹ്ലാദം.

ഹൈദരാബാദ് ∙ എങ്ങനെ ജയിച്ചു എന്ന് മുംബൈയ്ക്കും എങ്ങനെ തോറ്റു എന്ന് പുണെയ്ക്കും മനസ്സിലായിക്കാണില്ല! ചെറിയ വിജയലക്ഷ്യത്തിലേക്ക് ചിരിച്ചു കളിച്ചു ബാറ്റു വീശിയ റൈസിങ് പുണെ സൂപ്പർ ജയന്റ്സ് ഒടുവിൽ കരഞ്ഞു. ആവേശം അവസാന പന്തു വരെ ത്രസിച്ച ഫൈനലിൽ പുണെയെ ഒരു റണ്ണിനു തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് പത്താം എഡിഷൻ ഐപിഎൽ ജേതാക്കൾ. സ്കോർ: മുംബൈ–20 ഓവറിൽ എട്ടിന് 129. പുണെ–20 ഓവറിൽ ആറിന് 128. മുംബൈയുടെ മൂന്നാം കിരീടമാണിത്.

അവസാന ഓവറിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ക്രീസിലുള്ളതു വരെ വിജയം ചാഞ്ഞു നിന്നത് പുണെയുടെ പക്ഷത്തേക്ക്. എന്നാൽ മിച്ചൽ ജോൺസന്റെ മൂന്നാം പന്തിൽ സ്മിത്ത് പുറത്തായതോടെ കളി മാറി മറി‍ഞ്ഞു. നാലു റൺസ് വേണ്ട അവസാന പന്ത് ഡാൻ ക്രിസ്ത്യൻ വീശിയടിച്ചെങ്കിലും രണ്ടു റൺ നേടാനേ ആയുള്ളൂ. മൂന്നാം റണ്ണിനായി ഓടിയ ക്രിസ്ത്യനെ റണ്ണൗട്ടാക്കി മുംബൈ താരങ്ങൾ അവിശ്വസനീയ ജയത്തിന്റെ ആഘോഷം തുടങ്ങി. അവസാന ഓവറുകളിൽ പുണെ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കി പന്തെറിഞ്ഞ ബോളർമാരാണ് മുംബൈയുടെ വിജയശിൽപികൾ. ഓസ്ട്രേലിയൻ താരം മിച്ചൽ ജോൺസൺ മൂന്നു വിക്കറ്റും ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര രണ്ടു വിക്കറ്റും വീഴ്ത്തി. അവസാന ഓവറിൽ സ്മിത്തിന്റേത് ഉൾപ്പെടെ രണ്ടു വിക്കര്റുകളാണ് ജോൺസൺ വീഴ്ത്തിയത്.

നേരത്തെ, ഉജ്വല ബോളിങ് പ്രകടനത്തോടെ മുംബൈ ഇന്ത്യൻസിന്റെ ശക്തമായ ബാറ്റിങ് നിരയെ എട്ടു വിക്കറ്റിന് 129 റൺസിലൊതുക്കിയ പുണെ അനായാസം വിജയത്തിലെത്തുമെന്നു തോന്നിച്ചതാണ്. രണ്ടു തവണ ജേതാക്കളായ മുംബൈ ബാറ്റിങിൽ തീർത്തും നിറം മങ്ങിയപ്പോൾ 54 പന്തുകളാണു റണ്ണെടുക്കാതെ പോയത്; അതായത് ഒൻപത് ഓവറുകൾ ! 38 പന്തുകളിൽ 47 റൺസെടുത്ത ക്രുണാൽ പാണ്ഡ്യ ഒഴികെ ആർക്കും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

79 റൺസെടുക്കുമ്പോഴേക്ക് ഏഴു വിക്കറ്റ് നഷ്ടമായ മുംബൈയെ അവസാന ഓവറുകളിൽ ക്രുണാൽ നടത്തിയ വെടിക്കെട്ടു പ്രകടനമാണ് അൽപം ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മൂന്നു ഫോറും രണ്ടു സിക്സറും ക്രുണാൽ നേടി. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ജയ്ദേവ് ഉനദ്കട് ആണ് പുണെയ്ക്കു ഗംഭീര തുടക്കം നൽകിയത്. മൂന്നു പന്തുകൾക്കിടെ പാർഥിവ് പട്ടേലിനെയും(നാല്) ലെൻഡൽ സിമ്മൺസിനെയും(മൂന്ന്) പുറത്താക്കിയ ജയ്ദേവ് കളിയുടെ ഗതി തുടക്കത്തിൽ പുണെയ്ക്ക് അനുകൂലമാക്കി.

ചെറിയ സ്കോറിനെതിരെ പുണെയുടെ തുടക്കം മികച്ചത്. രാഹുൽ ത്രിപാഠി (മൂന്ന്) പെട്ടെന്നു പുറത്തായെങ്കിലും രഹാനെയും (44) സ്മിത്തും (51) ചേർന്ന് പുണെയെ മുന്നോട്ടു കൊണ്ടു പോയി. എന്നാൽ വിക്കറ്റുകൾ കയ്യിലുണ്ടായിട്ടും റൺറേറ്റ് കുറഞ്ഞത് പുണെയെ സമ്മർദ്ദത്തിലാക്കി. 17–ാം ഓവറിൽ ധോണി (10) പുറത്താകുമ്പോഴും പുണെ നൂറിലെത്തിയിരുന്നില്ല. 19–ാം ഓവറിൽ സിക്സറോടെ സ്മിത്ത് പുണെയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും സ്മിത്ത് പുറത്തായതോടെ പുണെ സമ്മർദ്ദത്തിലേക്കും തോൽവിയിലേക്കും വീണു.