നാടകീയം മുംബൈ; പുണെയ്ക്കെതിരെ ഒരു റൺ വിജയം, മൂന്നാം ഐപിഎൽ കിരീടം

ഹൈദരാബാദ്∙ അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന പോരാട്ടത്തിൽ റൈസിങ് പുണെ സൂപ്പർ ജയന്റിനെ ഒരു റണ്ണിനു തോൽപിച്ച മുംബൈ ഇന്ത്യൻസിന് ഇന്ത്യൻ പ്രീമിയർലീഗ് ക്രിക്കറ്റ് കിരീടം. ആദ്യം ബാറ്റു ചെയ്ത മുംബൈ എട്ടു വിക്കറ്റിന് 129 റൺസെടുത്തു. ബോളിങ്ങിലും ഫീൽഡിങ്ങിലും മികവു പുലർത്തിയ മുംബൈ, പുണെയുടെ ഇന്നിങ്സ് ആറു വിക്കറ്റിന് 128 റൺസിൽ അവസാനിപ്പിച്ചു. വിജയികൾക്കു 15 കോടി രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്കു 10 കോടി രൂപ.

നാടകീയമായ അവസാന ഓവറിൽ പുണെയ്ക്കു ജയിക്കാൻ വേണ്ടത് 11 റൺസ്. ആദ്യ പന്തു തന്നെ മനോജ് തിവാരി ബൗണ്ടറി പായിച്ചതോടെ അവർക്കു വിജയപ്രതീക്ഷ. എന്നാൽ അടുത്ത രണ്ടു പന്തുകളിൽ മനോജ് തിവാരിയും ക്യാപ്റ്റൻ സ്മിത്തും(50 പന്തുകളിൽ 51 റൺസ്) പുറത്തായതോടെ കളിയുടെ ഗതി തിരിഞ്ഞു. അവസാന പന്തിൽ പുണെയുടെ ലക്ഷ്യം നാലു റൺസ്. ഡാൻ ക്രിസ്റ്റ്യന്റെ ഷോട്ടിൽ രണ്ടു റൺസെടുത്തു മൂന്നാം റണ്ണിനുള്ള ശ്രമത്തിനിടെ വാഷിങ്ടൺ സുന്ദർ റണ്ണൗട്ടായി. ഒരു റണ്ണകലെ പുണെയുടെ വിജയസ്വപ്നം പൊലിഞ്ഞു. സ്മിത്തിനു പുറമേ രഹാനെയ്ക്കു(44) മാത്രമേ പുണെ നിരയിൽ തിളങ്ങാൻ കഴിഞ്ഞുള്ളു. 13 പന്തുകളിൽ 10 റൺസെടുത്തു സ്മിത്തിനു മികച്ച പിന്തുണ നൽകുന്നതിനിടെ ധോണി പുറത്തായി. ധോണിയുടേതടക്കം ബുമ്ര രണ്ടു വിക്കറ്റെടുത്തപ്പോൾ അവസാന ഓവർ എറിഞ്ഞ മിച്ചൽ ജോൺസൺ മൊത്തം നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ, മുംബൈയ്ക്കു വേണ്ടി ക്രുണാൽ പാണ്ഡ്യ 38 പന്തുകളിൽ നേടിയ 47 റൺസ് നിർണായകമായി. 79 റൺസെടുക്കുമ്പോഴേക്കു ഏഴു വിക്കറ്റ് നഷ്ടമായ ശേഷമാണ് അവസാന ഓവറുകളിൽ ക്രുണാൽ കത്തിക്കയറിയത്. അവസാന ഓവറിന്റെ അവസാന പന്തിൽ പുറത്തായ ക്രുണാൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സറും നേടി.