ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ നാലു തോൽവികളാണ് ഐഎസ്എൽ രണ്ടാം സീസണിൽ പീറ്റർ ടെയ്‌ലർ എന്ന ഇംഗ്ലിഷുകാരൻ പരിശീലകന്റെ രാജിക്കു വഴിവച്ചത്. ആദ്യസീസണിൽ ഫൈനൽ വരെയെത്തിയ ടീം പ്രതീക്ഷകളോടെ തുടങ്ങിയ രണ്ടാംസീസണിൽ ആദ്യ കളി ജയിച്ചു, രണ്ടാം കളിയിൽ സമനില. പിന്നീടു തുടർച്ചയായി നാലു തോൽവികൾ. അകമ്പടിയായി ടീമിലെ പടലപിണക്കങ്ങൾ കൂടിയായതോടെ ജോലി മതിയാക്കാൻ ടെയ്‌ലർ തീരുമാനിച്ചു.
പക്ഷേ, മോശം പരിശീലകനായിരുന്നില്ല ടെയ്‌ലർ. രണ്ടുവട്ടം ഇംഗ്ലണ്ട് അണ്ടർ 21 ടീം പരിശീലകനായിരുന്നിട്ടുള്ള ടെയ്‌ലർ ഇറ്റലിക്കെതിരെ ഒരു മൽസരത്തിന് ഇംഗ്ലണ്ട് ദേശീയ ടീമിനെയും ഒരുക്കിയിട്ടുണ്ട്. ആ കളിയിലാണ് ഡേവിഡ് ബെക്കാം ആദ്യമായി ദേശീയ ടീം ക്യാപ്റ്റനായത്. 1970 കളിൽ ക്രിസ്റ്റൽ പാലസിനു വേണ്ടി കളിക്കുന്ന കാലത്താണു ടെയ്‌ലർ ഇംഗ്ലണ്ട് ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ രണ്ടുനിര ലീഗുകളിൽനിന്നല്ലാതെ ദേശീയ ടീമിലേക്ക് എത്തിയ ചുരുക്കം കളിക്കാരിൽ ഒരാളായിരുന്നു അക്കാലത്ത് ടെയ്‌ലർ. തട്ടിക്കൂട്ടിയ കുറേ കളിക്കാരെ ടീമെന്ന നിലയ്ക്ക് ഒരുമിപ്പിക്കാനും ടീം ക്യാംപിൽ സ്പോർട്സ്മാൻ സ്പിരിറ്റ് നിറയ്ക്കാനും ടെയ്‌ലർക്കു കഴിയാതെ പോയി. ടെയ്‌ലറുമായി താരതമ്യം ചെയ്യുമ്പോൾ റെനി മ്യൂലൻസ്റ്റീന് ഒട്ടേറെ അധികസമയം കിട്ടിയിരുന്നു. കളിക്കാരുടെ ഡ്രാഫ്റ്റ് മുതൽ മ്യൂലൻസ്റ്റീനിന്റെ ഇടപെടലുമുണ്ടായിരുന്നു.