കൊച്ചി ∙ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച വിക്ടര്‍ ഫൊര്ക്കാഡോയെന്ന പുള്‍ഗയും ബ്രസീലിയന്‍ മുന്നേറ്റ താരം നില്‍മറും ബ്ലാസ്റ്റേഴ്സിലേക്ക്. പരുക്കേറ്റ വിദേശതാരങ്ങള്‍ക്ക് പകരമാകും ഇരുവരേയും ടീമിലെത്തിക്കുക. കൊച്ചിയിലെത്തിയ ഇവര്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന
ഡല്ഹിക്കെതിരായുള്ള മല്‍സരത്തിലാണ് മധ്യനിരതാരം ബെര്‍ബറ്റോവ് പരുക്കേറ്റ് മടങ്ങിയത്. ജംഷഡ്പൂരിനെതരായ മല്‍സരത്തില്‍ യുവതാരം കിസിറ്റോയും പരുക്കേറ്റ് പുറത്തായി. പ്രതിരോധതാരം പെസിച്ചും പരുക്കിന്റെ പിടിയിലാണ്. സെമി സാധ്യത നിലനിര്‍ത്താന്‍ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ വിജയം അനിവര്യമായിരിക്കെയാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ ടീം മാനേജ്മെന്റ് ശ്രമം ആരംഭിച്ചത്.
ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി കളിച്ച സ്പാനിഷ് താരം വിക്ടര്‍ ഫൊർക്കാഡോ വീണ്ടും ടീമിലെത്തുന്നത് മധ്യനിരയില്‍ പുത്തനുണര്‍വ് പകരും. ഡേവിഡ് ജെയിംസിനൊപ്പമുള്ള മുന്‍ പരിചയം കൂടിയാണ് താരത്തിന് ടീമിലേക്കുള്ള വഴിയൊരുക്കിയത്
നിലവില്‍ യു.എ.ഇ ക്ലബ് അല്‍ നാസറിന് വേണ്ടി കളിക്കുന്ന നില്‍മര്‍ 26 കളിയില്‍ നിന്ന് 11 ഗോളടിച്ചിട്ടുണ്ട്. 24 തവണ ദേശീയകുപ്പായത്തില്‍ കളിച്ച താരം ബ്രസീലിനായി 9 ഗോളടിച്ചിട്ടുണ്ട്. ഇരുവരും ടീമിലേക്ക് വന്നാല്‍ പരുക്കേറ്റ മൂന്ന് വിദേശതാരങ്ങളില്‍ ഒരാളെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കാനാണ് സാധ്യത.