കൊൽക്കത്ത ∙ കളിക്കിടെ കിട്ടിയ പരുക്കിന്റെ ചുവപ്പുകാർഡുമായി ഹ്യൂമേട്ടൻ മടങ്ങുന്നു. പുണെയ്ക്കെതിരായ കളിക്കിടെ കാൽമുട്ടിനു പരുക്കേറ്റ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഇയാൻ ഹ്യൂം ഈ സീസണിൽ ഇനി കളിക്കാൻ തനിക്കാവില്ലെന്നു പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ ഹ്യൂം തന്നെയാണു മഞ്ഞപ്പടയെ ഞെട്ടിച്ച വിവരം പങ്കുവച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ സ്വപ്നങ്ങൾക്ക് ഇതു കനത്ത തിരിച്ചടിയായി.
‘ഡോക്ടർമാരുമായി ആലോചിച്ചു. എന്നാൽ, ഇതുകൊണ്ട് എന്റെ കരിയർ അവസാനിക്കുന്നില്ല. മറ്റൊരാളായി ഞാൻ തിരിച്ചുവരും കേരളത്തിലെ ഫുട്ബോൾ ആരാധകർ നൽകുന്ന പിന്തുണ ലോകത്തു വേറൊരിടത്തും എനിക്കു കിട്ടില്ല. അവരാണ് എന്നെ ഹ്യൂമേട്ടനാക്കിയത്. എത്രയുംവേഗം തിരിച്ചെത്താൻ വേണ്ടിയാണു ഞാൻ പോകുന്നത്’. – ഹ്യൂം പറഞ്ഞു.
ബ്ലാസ്റ്റേഴ്സിലൂടെ ഐഎസ്എല്ലിൽ അവതരിച്ച്, പിന്നീടു രണ്ടു സീസണുകളിൽ കൊൽക്കത്തയുടെ സൂപ്പർ താരമായി മാറിയ ഹ്യൂമിനെ ഈ സീസണിൽ കേരളത്തിലേക്കു മടക്കിക്കൊണ്ടു വരികയായിരുന്നു. ബുധനാഴ്ച കൊൽക്കത്തയിലെത്തിയ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഹ്യൂമും ഉണ്ടായിരുന്നെങ്കിലും കളിക്കാൻ സാധിക്കില്ലെന്നു സൂചനയുണ്ടായിരുന്നു.