ഇന്നു നോർത്ത് ഈസ്റ്റിനെതിരെ; ബ്ലാസ്റ്റേഴ്സ് ജയിച്ചേ തീരൂ

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ.

ഗുവാഹത്തി ∙ ഇന്നു ജയിക്കണം. ഇനിയൊരു അവസരംകൂടി ബാക്കിയില്ല. കഴിഞ്ഞ സീസണിൽ ഫൈനൽവരെയെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷയുടെ കച്ചിത്തുരുമ്പിലെങ്കിലും പിടിച്ചുനിൽക്കാൻ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കിയേ മതിയാവൂ. സമനിലയ്ക്കും തോൽവിക്കുമെല്ലാം ഒരേ ഫലം; ഈ സീസണിലെ ഐഎസ്എൽ സ്വപ്നങ്ങൾ ബ്ലാസ്റ്റേഴ്സിന് ഇവിടെ വച്ച് അവസാനിപ്പിക്കാം. 

ഈ കളി ജയിച്ചാലും ബ്ലാസ്റ്റേഴ്സിനു മുന്നിൽ കടമ്പകളേറെയുണ്ട്. ജംഷഡ്പുർ, ഗോവ, മുംബൈ എന്നീ ടീമുകളുടെ അടുത്ത കളികളെക്കൂടി ആശ്രയിച്ചാണു ബ്ലാസ്റ്റേഴ്സിന്റെ സെമി പ്ലേ ഓഫ് സാധ്യതകൾ നിർണയിക്കപ്പെടുക. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നോർത്ത്ഈസ്റ്റിനെ കീഴടക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ക്യാംപ്. 

∙ ഒരുക്കം കൊൽക്കത്തയിൽ

കഴിഞ്ഞ കളിയിൽ, രണ്ടുവട്ടം ലീഡ് നേടിയിട്ടും കൊൽക്കത്തയോടു സമനില വഴങ്ങിയതാണു ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്. പിന്നീടു കൊൽക്കത്തയിൽ തന്നെ തുടർന്ന് പരിശീലനം നടത്തുകയാണു ടീം ചെയ്തത്. കാൽമുട്ടിനു പരുക്കേറ്റ സ്ട്രൈക്കർ ഇയാൻ ഹ്യൂമിന്റെ അഭാവമാണു ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രശ്നം. 

പരുക്കു ഭേദമായെങ്കിലും മിഡ്ഫീൽഡർ അറാത്ത ഇസുമി ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ല. കഴിഞ്ഞ കളിയിൽ ഐഎസ്എല്ലിലെ ആദ്യ ഗോൾ നേടിയ ബെർബറ്റോവ് ഫോമിലേക്കുയരുമെന്നാണു ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസിന്റെ പ്രതീക്ഷ. സസ്പെൻഷനിലായിരുന്ന സന്ദേശ് ജിങ്കാൻ പ്രതിരോധനിരയിലേക്കു മടങ്ങിയെത്തുന്നത്, മധ്യനിരയിൽ കെ. പ്രശാന്തിന് കൂടുതൽ ആക്രമിച്ചു കളിക്കാൻ അവസരം നൽകും. 

∙ നോർത്ത് ഈസ്റ്റ് ഹാപ്പിയല്ല

പ്ലേ ഓഫ്‌ മോഹങ്ങൾ ഉപേക്ഷിച്ച നോർത്ത്‌ ഈസ്‌റ്റ്‌ ആരാധകർക്കു ജയം ആരാധകർക്കു നേടിക്കൊടുക്കാനാണ് ഇന്നിറങ്ങുന്നത്. ടീമിന്റെ മൂന്നു വിജയങ്ങളിൽ രണ്ടും ഗുവാഹത്തിയിലെ സ്വന്തം തട്ടകത്തിലായിരുന്നു. നോർത്ത് ഈസ്റ്റ് നിരയിൽ സാംബീഞ്ഞ, നിർമ്മൽ ഛേത്രി, ലെൻ ഡൂങ്ക‍ൽ എന്നിവർ ഫോമിലാണ്.

എന്നാൽ, ഒൻപതാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ്, പത്താം സ്ഥാനക്കാരായ ഡൽഹിയോട് 1–0ന് തോറ്റതിന്റെ ക്ഷീണത്തിൽനിന്നു കരകയറിയിട്ടില്ല. ഇതടക്കം തുടർച്ചയായി മൂന്നു തോൽവികളാണ്‌ അവർക്കു നേരിടേണ്ടി വന്നത്‌. പുണെ , ഡൽഹി, ജാംഷെഡ്‌പുർ എന്നീ ടീമുകളോട്‌ 0-1നാണ്‌ നോർത്ത്‌ ഈസറ്റിന്റെ തോൽവി. ഗോൾമെഷീൻ മാഴ്സീഞ്ഞ്യോയ്ക്ക് പരുക്കേറ്റതും തിരിച്ചടിയാണ്. താരം ഇന്നു കളിച്ചേക്കില്ല. 

ഡിഡിക്കയ്‌ക്കും പരുക്കുമൂലം കഴിഞ്ഞ കളിയിൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പുറത്തുപോകേണ്ടി വന്നു. മായിക്‌ സീമയ്‌ക്കും ഡൽഹിക്കെതിരെ മുഴുവൻ സമയവും കളിക്കാൻ കഴിഞ്ഞില്ല. മധ്യനിരയിൽ റൗളിങ്‌ ബോർഹസ് ഫോമിലല്ലാത്തും തലവേദനയാണ്. 

∙ ഗുരുവും ശിഷ്യനും 

നോർത്ത്‌ ഈസ്റ്റിന്റെ പരിശീലകൻ അവ്‌റാം ഗ്രാന്റും  ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ്‌ ജയിംസും ഗുരുശിഷ്യന്മാരാണ്‌. അവ്‌റാം ഗ്രാന്റ് ഇംഗ്ലിഷ്‌ പ്രീമിയർ ലീഗ്‌ ക്ലബ് പോർട്സ്മൗത്തിന്റെ പരിശീലകനായിരിക്കെ ടീം ക്യാപ്റ്റനായിരുന്നു ഡേവിഡ് ജയിംസ്. 2010ൽ അവ്‌റാം ഗ്രാന്റിന്റെ ശിക്ഷണത്തിൽ പോർട്ട്‌സ്‌മൗത്ത്‌ എഫ്‌എ കപ്പ്‌ ഫൈനലിന് ഇറങ്ങിയപ്പോൾ ടീമിനെ നയിച്ചത്‌ ഡേവിഡ്‌ ജയിംസാണ്‌. കളിയിൽ ചെൽസിയോട് 1–0ന് പോർട്സ്മൗത്ത് തോറ്റു. 

∙ പ്ലേ ഓഫ് പ്രതീക്ഷകൾ 

ബെംഗളൂരു (33), പുണെ(28), ചെന്നൈ (27) എന്നിവർ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. ഇനിയൊരു ടീമിനുകൂടിയാണ് അവസരം. ഇതിനായി ജംഷഡ്പുർ(25), ബ്ലാസ്റ്റേഴ്സ് (21), ഗോവ(20) എന്നിവർ രംഗത്തുണ്ട്. ജംഷഡ്പുരും ബ്ലാസ്‌റ്റേഴ്‌സും 15 മത്സരങ്ങൾ കളിച്ചുകഴിഞ്ഞു. ഗോവയും മുംബൈയും 14 മത്സരങ്ങളും. ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിച്ചാൽ ബ്ലാസ്‌റ്റേഴ്‌സിനു 30 പോയിന്റാകും.

അതേസമയം ജംഷഡ്പുർ രണ്ടു കളി ജയിച്ചാൽ 31ൽ എത്തും. അതായത്‌ ബ്ലാസ്റ്റേഴ്‌സ്‌ മൂന്നു മത്സരങ്ങൾ ജയിച്ചാലും ജംഷഡ്പുർ ശേഷിക്കുന്ന മൂന്നു കളിയിൽ രണ്ടെണ്ണം ജയിച്ചാൽ പ്ലേ ഓഫ് അവർക്കുള്ളതാവും. ഗോവ ശേഷിക്കുന്ന നാല്‌ മത്സരങ്ങളിൽ മൂന്നു മത്സരങ്ങളിൽ ജയിക്കുകയും ഒരു സമനില നേടുകയും ചെയ്‌താൽ അവർ 30ൽ എത്തും. 

ബെംഗളൂരു– പുണെ സമനില

ബെംഗളൂരു ∙ ഐഎസ്എൽ പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടം സമനില. ബെംഗളൂരു എഫ്സിയും പുണെ സിറ്റിയും 1–1 സമനിലയിൽ പിരിഞ്ഞു. ബെംഗളൂരുവിനു 16 കളിയിൽ 34 പോയിന്റായി. പുണെയ്ക്ക് 29 പോയിന്റും. 22–ാം മിനിറ്റിൽ പുണെയ്ക്കായി സാർഥക് ഗോലുയി ആദ്യ ഗോൾ നേടി. 75–ാം മിനിറ്റിൽ മിക്കുവിലൂടെ ബെംഗളൂരു തിരിച്ചടിച്ചു സമനില പിടിച്ചു.