ഡൽഹി∙ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ സെമിയിലെത്താതെ മുംബൈ സിറ്റി എഫ്‌സിയും പുറത്തേക്ക്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഡൽഹി ഡൈനാമോസിനോട് അവർ തോറ്റത്. മുംബൈയിൽ തങ്ങളെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ മധുരമായ പകരം വീട്ടൽ കൂടിയായി ഡൽഹിയുടെ ഈ വിജയം. ഇതോടെ, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി സെമിയിലേക്ക് കയറാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും ജംഷഡ്പുർ എഫ്‌സിയും തമ്മിലായിരിക്കും മത്സരിക്കുക.
ഒന്നാം പകുതിയിൽ ഡൽഹി ഡൈനാമോസ് ഒരു ഗോളിനു മുന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് ബാക്കി നാലു ഗോളുകൾ കൂടി അവർ അടിച്ചത്. ഡൽഹിക്കു വേണ്ടി നന്ദകുമാർ ശേഖർ (അഞ്ച്), മത്തിയാസ് മിരബാജെ (74), മാനുവൽ അരാന (81, പെനൽറ്റി), കാലു ഉച്ചെ (85) ലാലിയൻസുല ചാങ്‌തെ (90+2) എന്നിവർ ഗോൾ നേടിയപ്പോൾ മുംബൈയുടെ ആശ്വാസ ഗോൾ എവർട്ടൺ സാന്റോസിന്റെ (49) വകയായിരുന്നു.
കളി തുടങ്ങി അഞ്ചാം മിനിറ്റിൽ നന്ദകുമാർ ശേഖറും സത്യാസെൻ സിങ്ങും ചേർന്നുള്ള നീക്കമാണ് ആദ്യ ഗോളിൽ കലാശിച്ചത്. മൈതാന മധ്യത്തുനിന്നും ശേഖർ നൽകിയ ത്രൂപാസ് പിടിച്ചെടുത്ത് വലതു വിങ്ങിലൂടെ ഓടിക്കയറിയ സത്യാസെൻ സിങ് ബോക്‌സിലേക്ക് ക്രോസ് നൽകി. മധ്യത്തിലൂടെ ഓടിക്കയറിയ ശേഖർ കൃത്യമായി പന്ത് വലയിലാക്കി.
തുടക്കത്തിലേ ഗോൾ വഴങ്ങിയെങ്കിലും കാര്യമായ ഉണർവൊന്നും മുംബൈയുടെ ഭാഗത്തു കണ്ടില്ല. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയിരുന്ന മുംബൈ താരം അചിലെ ഇമാനെ മധ്യനിരയിൽ നിറം മങ്ങിയതും അവർക്കു തിരിച്ചടിയായി. ഇമാനെയുടെ മിസ് പാസുകൾ മുംബൈയ്ക്കു തന്നെ പലപ്പോഴും വിനയായി. 42–ാം മിനിറ്റിൽ അവർ ഗോളിനടുത്തുവരെ എത്തി. ഇമാന നൽകിയ പാസിൽ സഹിൽ ടവോരെയാണ് പന്ത് വലയിലേക്ക് പായിച്ചത്. ഗോളി സാബിയറിനേയും കടന്ന് പന്ത് പാഞ്ഞെങ്കിലും ഗോൾലൈനിൽ പ്രതീക് ചൗധരി രക്ഷകനായി. ഇതിനിടയിൽ ലീഡ് നേടാനുള്ള ഒരവസരം ഡൽഹിയും പാഴാക്കിയിരുന്നു. മാനുവൽ അരാനയുടെ ക്രോസ് ശേഖറാണ് പാഴാക്കിയത്.
രണ്ടാം പകുതിയിൽ മുംബൈ ഒന്നുണർന്നു. ലിയോ കോസ്‌റ്റ കൂടി കളത്തിലിറങ്ങിയതായിരുന്നു കാരണം. 49–ാം മിനിറ്റിൽ മുംബൈ ഗോൾ മടക്കുകയും ചെയ്തു. ലിയോ കോസ്റ്റ നൽകിയ പാസ് ബൽവന്ത് സിങ് പോസ്റ്റിലേക്ക് ഉതിർത്തു. സാബിയറിന് കൈപ്പിടിയിലൊതുക്കാൻ കഴിയാതെ പോയതോടെ റീബൗണ്ടിൽ ലഭിച്ച പന്ത് എവർട്ടൺ സാന്റോസ് വലയിലാക്കി.
മുംഹൈ കളിയിലേക്കു തിരിച്ചു വരുമെന്ന് കരുതിയ സമയത്താണ് ഡൽഹി തനിസ്വരൂപം പുറത്തെടുത്തത്. അവസാന 20 മിനിറ്റിനിടെ നാലു ഗോളുകൾ കൂടി മുംബൈയുടെ വലയിൽ അവർ അടിച്ചു കയറ്റി. 74–ാം മിനിറ്റിൽ മത്തിയാസ് മിരബാജെ ഒരു ലോങ് റേഞ്ചറിലൂടെയാണ് മുംബൈയെ ഞെട്ടിച്ചത്. അടുത്ത ഗോൾ പെനൽറ്റിയുടെ രൂപത്തിലായിരുന്നു. മാനുവൽ അരാനയെ ബോക്‌സിൽ സഹിൽ ടവോര വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി അരാന തന്നെ വലയിലാക്കി.
രണ്ട് മഞ്ഞക്കാർഡുകൾ കണ്ട ടവോരയ്ക്ക് പുറത്തു പോകേണ്ടിയും വന്നു. നേരത്തെ ഇതേ രീതിയിൽ ഡൽഹിയുടെ പ്രതീക് ചൗധരിയേയും റഫറി പുറത്താക്കിയിരുന്നു. അരാനയുടെ ക്രോസിൽ കാലു ഉച്ചെയാണ് ഡൽഹിയുടെ നാലാം ഗോൾ നേടുന്നത്. അവസാന വിസിലിന് രണ്ട് മിനിറ്റ് ബാക്കി നിൽക്കെ ചാങ്‌തെ പട്ടിക തികച്ചു.