ചെന്നൈ X ബെംഗളൂരു : ഐഎസ്എൽ ഫൈനലിൽ അയൽപോര്

ഐഎസ്എൽ ഫൈനലിൽ കടന്ന ചെന്നൈ താരങ്ങളുടെ ആഹ്ലാദം. ചിത്രം: വിബി ജോബ് ∙ മനോരമ

ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിൽ അയൽപ്പോര്. 17നു ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ബെംഗളൂരു പുണെയെ മറികടന്ന അതേ ശൈലിയിൽ ഇന്നലെ ചെന്നൈ ഗോവയെയും മറികടന്നു. രണ്ടാം പാദത്തിൽ 3–0നാണ് ചെന്നൈയുടെ തകർപ്പൻ ജയം. ഇരുപാദങ്ങളിലുമായി 4–1നാണ് ചെന്നൈയുടെ ജയം. ആദ്യപാദത്തിൽ ഇരുടീമുകളും 1–1 സമനിലയിൽ പിരിഞ്ഞിരുന്നു. 

ചെന്നൈയ്ക്കു വേണ്ടി ജെജെ ലാൽപെഖ്‌ലുവ ഇരട്ടഗോൾ (26,90) നേടി. ധനപാൽ ഗണേഷാണ് ഒരു ഗോൾ (29) നേടിയത്. ഇതു രണ്ടാം തവണയാണ് ചെന്നൈ ഐഎസ്എൽ ഫൈനലിൽ കടക്കുന്നത്. 2015ൽ നടന്ന ഫൈനലിൽ ഗോവയെ 3–ന് തോൽപ്പിച്ച് അവർ കിരീടം നേടിയിരുന്നു. കളിയുടെ തുടക്കത്തിൽ ഗോവ ആക്രമിച്ചു കളിച്ചെങ്കിലും ചെന്നൈ ഗോളി കരൺജിത് സിങ് ഗോൾമുഖത്ത് മതിലു പോലെ നിന്നു. 

തുടക്കത്തിൽ ഒരു സെൽഫ് ഗോളിൽ നിന്നും രക്ഷപെട്ട ചെന്നൈ പിന്നീട് പല അവസരത്തിലും കരൺജിതിന്റെ സേവുകളിലാണ് രക്ഷപെട്ടത്.  20 മിനുട്ടിനുള്ളിൽ ഗോവ നേടിയെടുത്തത് ഏഴ് കോർണർ കിക്കുകളാണ്. 

ഗോവയുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ച് 26–ാം മിനിറ്റിൽ ആദ്യ ഗോൾ അവരുടെ വലയിൽ കയറി. ഇടതു വിങ്ങിലൂടെ കയറിയ ഗ്രിഗറി നെൽസൺ നൽകിയ ക്രോസിൽ ജെജെ കൃത്യമായി തലവെച്ചു. മൂന്നു മിനുട്ടിനുള്ളിൽ വീണ്ടും ഗോവയുടെ വല കുലുങ്ങി. ഇപ്രാവശ്യവും ഗ്രിഗറി തന്നെ സൂത്രധാരൻ. ഫ്രീകിക്ക് ബോക്‌സിലേക്ക് പറന്നിറങ്ങിയപ്പോൾ ധനപാൽ ഗണേഷ് തല കൊണ്ട് ചെത്തിയിട്ടു. 

രണ്ടാം പകുതിയിൽ ചെന്നൈ പ്രതിരോധം ശക്തമാക്കിയാണ് കളിച്ചത്. ഗോവയുടെ എല്ലാ നീക്കങ്ങളും ചെന്നൈക്കോട്ടയിൽ തട്ടിത്തകർന്നു.ഒടുവിൽ 90–ാം മിനിറ്റിൽ ജെജെ ഗോവയുടെ കഥ തീർത്തു.

ബെംഗളൂരു ഇന്ന് എഎഫ്സി കപ്പിന് 

ബെംഗളൂരു∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിലെത്തിയതിന്റെ ആത്മവിശ്വാസത്തിൽ ബെംഗളൂരു എഫ്സി ഇന്ന് എഎഫ്സി കപ്പ് ഫുട്ബോളിൽ കളിക്കാനിറങ്ങുന്നു. ഗ്രൂപ്പ് മൽസരത്തിൽ ബംഗ്ലദേശ് ക്ലബ്ബായ അബഹാനി ധാക്കയാണ് ബെംഗളൂരുവിന്റെ എതിരാളികൾ. കഴിഞ്ഞ ഏപ്രിലിൽ തമ്മിൽ മൽസരിച്ചപ്പോൾ 2–0നു ബെംഗളൂരുവിനായിരുന്നു ജയം.

ഐഎസ്എൽ സീസണിൽ 27 ഗോളുകൾ നേടിയ ഛേത്രി – മിക്കു സഖ്യത്തിലാണു ബെംഗളൂരുവിന്റെ പ്രതീക്ഷ. പ്ലേഓഫ് മൽസരത്തിൽ മാലദ്വീപ് ക്ലബ് ടിസി സ്പോർട്സിനെ 5–0നു തോൽപിച്ചാണ് ബെംഗളൂരു ഗ്രൂപ്പ് ഘട്ടത്തിലേക്കു യോഗ്യത നേടിയത്.