തലച്ചോറുകൊണ്ടും ശരീരംകൊണ്ടും മികച്ച കളി. തലകൊണ്ടും കാലുകൊണ്ടും ഗോളടി. ബ്രസീലിയൻ സ്പർശമുള്ള മൂന്നു ഗോളുകളിൽ ബെംഗളൂരു എഫ്സിയുടെ കിരീടമോഹങ്ങൾക്കുമേൽ ആണിയടിച്ചുകയറ്റി ചെന്നൈയിൻ എഫ്സി രണ്ടാം തവണ ഐഎസ്എൽ ജേതാക്കൾ. ഒരു ഗോളിനു പിന്നിൽനിന്ന ശേഷം പൊരുതിക്കയറിയ കലാശക്കളിയിൽ സൂപ്പർ മച്ചാൻസിന്റെ വിജയം 3–2ന്. തീപാറിയ കളിയിൽ ബെംഗളൂരു പൊരുതിത്തോൽക്കുകയായിരുന്നു. ചെന്നൈയ്ക്കുവേണ്ടി ബ്രസീൽ താരങ്ങളായ മെയിൽസൺ ആൽവെസ് (22’, 45’), റഫായേൽ അഗസ്റ്റോ (67’) എന്നിവർ സ്കോർ ചെയ്തു. ബെംഗളൂരുവിനുവേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രി (9’) മിക്കു (90’) എന്നിവർ ഗോൾ നേടി. മെയിൽസൺ ആണു ഹീറോ ഓഫ് ദ് മാച്ച്.
∙ മിക്കു വന്നു, പക്ഷേ വൈകി
ബെംഗളൂരുവിന്റെ തുരുപ്പുചീട്ടായ മിക്കുവെന്ന വെനസ്വേല താരത്തെ കളിയുടെ ഭൂരിഭാഗം സമയത്തും മെരുക്കി നിർത്തിയാണു ചെന്നൈ കിരീടത്തിലേക്കു പൊരുതിയടുത്തത്. കളിയുടെ അവസാന നിമിഷം മിക്കു ഗോളടിച്ചെങ്കിലും കപ്പടിക്കാൻ അതുപോരായിരുന്നു. മിക്കുവും ഛേത്രിയും തമ്മിൽ പതിവുള്ള ഒത്തിണക്കം ഇന്നലെ കണ്ടതുമില്ല.
ബെംഗളൂരു കോച്ച് ആൽബർട്ട് റോക്ക ഇന്നലെ മിഡ്ഫീൽഡർ പാർത്താലുവിനെ പ്രതിരോധത്തിലേക്കു വലിച്ചു ചെന്നൈയെ നേരിടാൻ തന്ത്രം മെനഞ്ഞെങ്കിലും പാളി. ഉയരക്കാരൻ പാർത്താലു ഉണ്ടായിരുന്നിട്ടും ചെന്നൈയുടെ മെയിൽസൺ കോർണർ കിക്കിൽനിന്നു രണ്ടു ഹെഡ്ഡർ ഗോളുകൾ നേടിയതു തടയാനായില്ല. മധ്യനിരയിൽ കളി നിയന്ത്രിക്കാൻ ശ്രമിച്ച ദിമാസ് ദെൽഗാഡോയുടെ നീക്കങ്ങൾക്കും മൂർച്ചയുണ്ടായില്ല. രണ്ടുപേരെയും കോച്ച് പിന്നീട് പിൻവലിക്കുകയും ചെയ്തു. മറുവശത്തു ചെന്നൈ ഡിഫൻഡർമാർ ഉശിരൻ ഫോമിലായിരുന്നു. പ്രതിരോധിക്കാൻ മാത്രമല്ല, ആക്രമിക്കാനും അവർ മടിച്ചില്ല. അതിന്റെ ഗുണം മൽസരഫലത്തിൽ കണ്ടു.
∙ പറക്കും ഛേത്രി
മധ്യത്തിൽനിന്നു കിട്ടിയ പന്തുമായി വലതു പാർശ്വത്തിലൂടെ പറന്നു കയറുന്നു ഉദാന്ത സിങ്. ബോക്സിന്റെ വലതു വക്കിലെത്തിയ ഉടൻ കിടിലനൊരു ക്രോസ് നടുവിലേക്ക്. പന്തു നിലത്തുകുത്തി ഉയരുന്നു. നെഞ്ചൊപ്പം പോലും ഉയരാത്ത പന്തിനെ സുനിൽ ഛേത്രി തലകൊണ്ടുകുത്തി വിടുമ്പോൾ അതിനു വെടിയുണ്ടയുടെ വേഗമായിരുന്നു.
കണ്ഠീരവ സ്റ്റേഡിയത്തെ ആഹ്ലാദത്തിമിർപ്പിന്റെ ഷോക്കടിപ്പിച്ച ഗോൾ. ഐഎസ്എൽ സീസണിൽ ഛേത്രിയുടെ 14–ാം ഗോൾ.
∙ ഗോൾ മെയിൽ
ഇടതുവശത്തുനിന്നു കോർണർ കിക്ക്. ഗ്രിഗറി നെൽസൺ തൊടുത്തുവിട്ട പന്ത് ഉയർന്നു വരുമ്പോഴേക്ക് ചെന്നൈ ഡിഫൻഡർ ഇനിഗോ കാൽഡെറോൺ പന്തു സ്വീകരിക്കാനെന്നോണം ബോക്സിനകത്ത് ഒരു മിന്നലോട്ടം നടത്തി.
അതു നിർണായകമായി. ആ ഓട്ടത്തിൽ ബെംഗളൂരു ഡിഫൻഡർമാരുടെ കണക്കുകൂട്ടൽ തെറ്റി. പന്തിനായി ചാടിയ മെയിൽസണെ പൂട്ടാൻ ആരുമുണ്ടായിരുന്നില്ല. കിടിലൻ ഹെഡ്ഡർ. തന്റെ ഇടതു പോസ്റ്റിൽത്തട്ടി പന്തു വലയിലാകുന്നതാണു തിരിഞ്ഞുനോക്കുമ്പോൾ ഗോളി ഗുർപ്രീത് സിങ് സന്ധു കണ്ടത് (1–1).
∙ തലപ്പാകം മെയിൽസൺ
വീണ്ടും കോർണർ, വീണ്ടും നെൽസൺ, വീണ്ടും മെയിൽസൺ, വീണ്ടും ഗോൾ. ഇക്കുറി കോർണർ കിക്ക് വലതുവശത്തുനിന്ന്. കിക്കെടുത്തതു നെൽസൺതന്നെ. ഉയർന്നുവന്ന പന്തിലേക്ക് ബെംഗളൂരു ഡിഫൻഡർ ഒപ്പംപിടിച്ചെങ്കിലും മെയിൽസണിന്റെ തലയ്ക്കായിരുന്നു ഗോൾഭാഗ്യം. ലക്ഷ്യം തെറ്റിയില്ല. വലയിലേക്കും ബെംഗളൂരു ആരാധകരുടെ നെഞ്ചിലേക്കും പന്തു തറച്ചുകയറി (2–1).
∙ ജെജെ എഫ്ക്ട്
ബെംഗളൂരുവിന്റെ സമ്മർദനീക്കത്തിന്റെ മുനയൊടിച്ച് ചെന്നൈ പ്രതിരോധം പ്രത്യാക്രമണത്തിന് ഒരുങ്ങുമ്പോൾ എതിർ ഹാഫിൽ മൂന്നുപേർ മാത്രം. മധ്യവൃത്തത്തിൽ പന്തു കാലിലെടുത്ത ഗ്രിഗറി നെൽസൺ ആദ്യത്തെ എതിരാളിയെ മനോഹരമായി വെട്ടിച്ചുകടന്ന് മുന്നോട്ടു കുതിച്ചു. കൂട്ടുകാർ ഒപ്പമെത്താൻ വേഗം അൽപം കുറച്ചു. ഓടിക്കയറിവന്ന ജെജെയ്ക്കു പന്തുമറിച്ചു.
ബോക്സിനകത്തു പന്തുമായി ഒന്നുവട്ടംകറങ്ങിയ ജെജെ ബോക്സിനു പുറത്തു റോന്തുചുറ്റുകയായിരുന്ന അഗസ്റ്റോയ്ക്കു നൽകി. ബ്രസീൽതാരം വലതുകാൽകൊണ്ടു ഷോട്ട് തൊടുത്തു. ഗോളി സന്ധു മൂന്നാം തവണയും തോറ്റു. കരുത്തിനേക്കാളേറെ ദിശാബോധം വിജയംകണ്ട നിമിഷം (3–1).
∙ വൈകിയ മറുപടി
ഉദാന്തയുടെ ക്രോസിൽ ചെന്നൈ പ്രതിരോധം രണ്ടാമതൊരിക്കൽകൂടി കീറിപ്പോയപ്പോൾ പന്തു തട്ടി അകത്താക്കാൻ മിക്കു എന്ന നിക്കോളസ് ഫെഡർ ഉണ്ടായിരുന്നു. പക്ഷേ 90 മിനിറ്റും കഴിഞ്ഞു രണ്ടു നിമിഷം പിന്നിട്ടിരുന്നു. വൈകിപ്പോയി, മിക്കുവും ബിഎഫ്സിയും.
മധ്യനിര ക്ലിക്ക്ഡ്!
മധ്യനിര ‘ക്ലിക്’ ആവാതെ കേരള ബ്ലാസ്റ്റേഴ്സ് വിഷമിച്ചൊരു ലീഗിൽ ഇന്ത്യക്കാരായ മധ്യനിര താരങ്ങളുടെ മികവിലാണു ചെന്നൈയിൻ എഫ്സിയുടെ കിരീട വിജയം. ഇന്ത്യക്കാരായ മിഡ്ഫീൽഡർമാരെ കേന്ദ്രമാക്കിയാണു മുഖ്യപരിശീലകൻ ജോൺ ഗ്രിഗറി നാലാം സീസണിനായി ചെന്നൈ ടീമിനെ കെട്ടിപ്പടുത്തത്. അതിനു പ്രചോദനമായതെന്ത് എന്ന ചോദ്യത്തിനു ഗ്രിഗറിയുടെ ഉത്തരം ലളിതമാണ്: ‘പ്രതിരോധം നല്ലതാണെന്നു തിരിച്ചറിഞ്ഞിരുന്നു. രണ്ടു ചുവടു മുന്നോട്ടു പോകണമെങ്കിൽ മധ്യനിര തിളങ്ങണം. അതും ഇന്ത്യക്കാരായ കളിക്കാർ.’
ഡച്ചുകാരൻ ഗ്രിഗറി നെൽസൺ, ബ്രസീൽതാരം റഫായേൽ അഗസ്റ്റോ എന്നിവർക്കൊപ്പം മധ്യനിരയിൽ മിന്നുംകളിയായിരുന്നു ഇന്ത്യൻ താരങ്ങളുടേത്. . ബിക്രംജീത് ആദ്യപകുതിയിലും രണ്ടാം പകുതിയുടെ ആദ്യനിമിഷങ്ങളിലും ആക്രമണഫുട്ബോളിന്റെ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു. ധനപാൽ ഇന്നലെ പ്രതിരോധച്ചുമതലയുള്ള മിഡ്ഫീൽഡറുടെ റോൾ വിജയകരമാക്കി. ഡിഫൻഡറായാണ് കളത്തിൽ ഇറങ്ങിയതെങ്കിലും ജെറി ലാൽറിൻസുവാല മധ്യനിരയിലേക്കു പലപ്പോഴും കയറിക്കളിച്ചു. സാധാരണ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിലെ പോരായ്മ നികത്തുകയെന്ന ഭാരംകൂടി വിദേശകളിക്കാർക്ക് പേറേണ്ടിവരാറുണ്ടെങ്കിലും ചെന്നൈയിൻ നിരയിൽ കഥ മറിച്ചായിരുന്നു.
ബിക്രംജീത് ലീഗിൽ 18 മാച്ചും കളിച്ചപ്പോൾ ഗണേഷ് 17 കളിയിൽ സാന്നിധ്യം അറിയിച്ചു. ഒപ്പം യുവതാരം അനിരുദ്ധ ഥാപ്പയും. ഗോവയ്ക്കെതിരായ സെമിയുടെ കഥ മാറ്റിയെഴുതിയ ആദ്യപാദഗോൾ ഥാപ്പയുടേതായിരുന്നു. രണ്ടാം പാദത്തിൽ ഗോവയുടെ കഥ കഴിച്ച രണ്ടാം ഗോൾ ഉതിർന്നതു ഗണേഷിന്റെ തലയിൽനിന്ന്. ജർമൻപ്രീതിന് ഏറെ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും കിട്ടിയവേളയിൽ കഴിവു തെളിയിച്ചു. ഫ്രാൻസിസ് ഫെർണാണ്ടസും മധ്യത്തിൽ മോശമല്ലാത്ത പങ്കുവഹിച്ചു. ഇന്നലെ ബിക്രംജീത്തിനു പകരംവന്നതു ഥാപ്പയായിരുന്നു. ഉറച്ച കോട്ടയായ പ്രതിരോധത്തിനും അവസരങ്ങൾ മുതലാക്കുന്നതിൽ മിടുക്കുകാണിച്ച ആക്രമണകാരികൾക്കുമിടയിൽ ഈ ഇന്ത്യൻ മധ്യനിര നല്ലൊരു കണ്ണിയായി. ആക്രമണത്തിലും ഉൽസാഹികളായി. ഗോളടിയിലും സഹായിച്ചു.
തകർന്നുവീണ വിശ്വാസങ്ങൾ
∙ ബിഎഫ്സി അരങ്ങേറ്റ വീരൻമാർ. അരങ്ങേറ്റത്തിൽ ഐ ലീഗും ഫെഡറേഷൻ കപ്പും നേടി. ഇവിടെ തോറ്റു.
∙ ബെംഗളൂരു സ്റ്റേഡിയത്തിൽ ആതിഥേയർ ആദ്യഗോൾ നേടിയാൽപ്പിന്നെ തോൽപിക്കാനാവില്ല.
തകരാത്ത വിശ്വാസങ്ങൾ
∙ ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ ടീമുകൾക്കൊന്നും കിരീടം നേടാനാവില്ല.
∙ ബിഎഫ്സിക്കെതിരെ ബെംഗളൂരുവിൽ ഒന്നിലേറെ ഗോളടിച്ച ഒരേയൊരു ടീം ചെന്നൈ.
ഐഎസ്എൽ 2017–18
ജേതാക്കൾ: ചെന്നൈ
റണ്ണർ അപ്പ്: ബെംഗളൂരു
ഗോൾഡൻ ബൂട്ട്: ഫെറാൻ കൊറോമിനാസ് (എഫ്സി ഗോവ)–18 ഗോൾ
ഗോൾഡൻ ഗ്ലൗ: ഗുർപ്രീത് സിങ് സന്ധു (ബെംഗളൂരു എഫ്സി)
എമേർജിങ് പ്ലെയർ: ലാൽറുവാത്താര (ബ്ലാസ്റ്റേഴ്സ്)