റെക്കോ‍ർഡ് തുകയ്ക്ക് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ സൂപ്പർതാരം; ബെസ്റ്റ് ബെർബ ബെസ്റ്റ്

‘ഇടവേളകളില്ലാതെ പ്രതിരോധക്കോട്ട പിളർന്നു പാഞ്ഞുകയറുന്ന കളിക്കാരെയാണു പലർക്കുമിഷ്ടം. ബെർബറ്റോവ് അങ്ങനെയൊരു കളിക്കാരനല്ല. പക്ഷേ, അങ്ങേയറ്റം പ്രതിഭയുള്ള താരം. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോളുകൾ കണ്ടെത്തുന്നതിലും  മികവു കാട്ടുന്നു’- യുണൈറ്റഡ് കോച്ച് സർ അലക്സ് ഫെർഗൂസൻ ദിമിതർ ബെർബറ്റോവ് എന്ന സൂപ്പർതാരത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞതു 2013ൽ.

2011–ലെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ പകരക്കാരുടെ ബെഞ്ചിൽപ്പോലും അവസരം നൽകാതെ ബെർബറ്റോവിനെ നോവിച്ച അതേ ഫെർഗൂസൻ കഴിഞ്ഞ മാർച്ചിൽ ആ തെറ്റ് ഏറ്റുപറയുകയും ചെയ്തു. ‘ഞാൻ അന്ന് അദ്ദേഹത്തിനു റിസർവ് ബെഞ്ചിലെങ്കിലും ഇടം നൽകേണ്ടതായിരുന്നു!’  പരിശീലകരിലെ ഇതിഹാസ സ്ഥാനീയനായ ഫെർഗൂസന്റെ കുമ്പസാരം. 

സീസണിലെ സൂപ്പർതാരം

ഇക്കുറി ഐഎസ്എലിനു ബൂട്ടു കെട്ടുന്ന കളിക്കാരിൽ താരപ്പകിട്ടിൽ ഒന്നാമനാണു ബെർബെറ്റോവ്. 7.5 കോടി രൂപയെന്ന സീസൺ റെക്കോർഡ് തുകയ്ക്കാണ് ഈ മുപ്പത്താറുകാരനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 1999 മുതൽ 2010 വരെ ബൾഗേറിയൻ ദേശീയ ടീമിന്റെ വജ്രായുധമായിരുന്ന അദ്ദേഹം നാലു വർഷം ടീമിന്റെ നായകനുമായിരുന്നു. ദേശീയ ടീമിനായി 78 കളികളിൽ 48 ഗോൾ. ഇതിഹാസതാരം സ്റ്റോയ്ച്കോവിനൊപ്പം ബൾഗേറിയ ആരാധിക്കുന്ന താരം!

ക്ലബ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കുപ്പായത്തിൽ 108 കളികളിൽ നിന്നു 48 ഗോളുകൾ നേടിയ സെന്റർ ഫോർവേഡ്. ക്ലബ് ഫുട്ബോളിൽ ബൾഗേറിയൻ ക്ലബ് സിഎസ്കെഎ സോഫിയയിലൂടെ അരങ്ങേറിയ അദ്ദേഹം പിന്നീട് എട്ടുവർഷം ജർമൻ ക്ലബ് ബയർ ലെവർകുസന്റെ ജഴ്സിയണിഞ്ഞു. തുടർന്നാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ടോട്ടനം താരമായത്. അവിടെ നിന്നു യുണൈറ്റഡിലേക്ക്. 2008–12 കാലത്തു യുണൈറ്റഡിന്റെ നക്ഷത്രങ്ങളിലൊന്നായി തിളങ്ങി. പുതുതാരങ്ങളുടെ വരവോടെ കോച്ച് ഫെർഗൂസൻ റിസർവ് ബെഞ്ചിലേക്ക് ഒതുക്കിത്തുടങ്ങിയതോടെ അദ്ദേഹം ഫുൾഹാമിലേക്കു കുടിയേറി.

രണ്ടു സീസണു ശേഷം 2014ൽ ഫ്രഞ്ച് ലീഗിൽ മോണോക്കോയുടെ നിരയിലെത്തി. അടുത്ത വർഷം ഗ്രീസിലേക്ക്; പിഎഒകെയുടെ ജഴ്സിയണിഞ്ഞു. 2016ൽ വിശ്രമം. ഈ വർഷം ബ്ലാസ്റ്റേഴ്സ് നിരയിൽ. ബെർബറ്റോവിനു കൊച്ചു കേരളത്തിൽ എത്രത്തോളം ആരാധക പിന്തുണയുണ്ടെന്നറിയില്ല. പക്ഷേ, ഒന്നുറപ്പ്. ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായമണിയുന്നതോടെ ബെർബെറ്റോവാകും കേരളത്തിന്റെ പുതിയ താരം. 

മെസിയല്ല, റൊണാൾഡോയുമല്ല

ബെർബെറ്റോവ് മെസിയെപ്പോലെ കളി നിയന്ത്രിക്കുന്ന താരമല്ല, റോണോയെപ്പോലെ ആക്രമണോൽസുകതയോടെ  കയറിയിറങ്ങിക്കളിക്കുകയുമില്ല. പക്ഷേ, ഗോളടിക്കുകയെന്ന ജോലി കൃത്യതയോടെ ചെയ്യാനുള്ള മികവുണ്ട്. അതിവേഗ ശൈലിയല്ല, അദ്ദേഹത്തിന്റേത്. പക്ഷേ, ബോക്സിനു സമീപത്തെവിടെയെങ്കിലും തന്നെ ലക്ഷ്യമിട്ടെത്തുന്ന പാസ് പിടിച്ചെടുക്കാനും അതീവ കൃത്യതയോടെ ഗോളിലേക്കു നിറയൊഴിക്കാനുമുള്ള കഴിവാണ് അദ്ദേഹത്തെ താരമാക്കിയത്. അപാര മെയ്‌വഴക്കത്തോടെയുള്ള ഷോട്ടുകൾ. സ്വീഡിഷ് താരം ഇബ്രാഹിമോവിച്ചിനെ അനുസ്മരിപ്പിക്കുന്ന ബൈസിക്കിൾ കിക്കുകൾ... വായുവിൽ ചരിഞ്ഞു പറന്നുള്ള ബുള്ളറ്റ് ഷൂട്ടുകൾ.

യുണൈറ്റഡിൽ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയ്ക്കും വെയ്ൻ റൂണിക്കൊപ്പവും കളിച്ചിട്ടുള്ള ബെർബറ്റോവ് യുണൈറ്റഡ് വിട്ടശേഷവും തീർത്തും മങ്ങിപ്പോകാത്ത പ്രതിഭയാണ്. കാൽപ്പന്തിനെ പ്രണയിക്കുന്നവർക്കു കാഴ്ചയുടെ വിരുന്നൊരുക്കിയ ഒരുപാടു ഗോളുകൾക്കു ജന്മം നൽകിയ ബെർബറ്റോവ് എന്താകും ബ്ലാസ്റ്റേഴ്സിനു സമ്മാനിക്കുക? കന്നി ഐഎസ്എൽ കിരീടം! അതാണ് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകന്റെയും മോഹം.

ദിമിതർ ബെർബറ്റോവിനെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് മ്യൂലൻസ്റ്റീൻ

‘ബെർബ സ്വകാര്യത ഇഷ്ടപ്പെടുന്നയാളാണ്. അതു സ്വകാര്യ ജീവിതത്തിൽ. അതു നാം വകവച്ചു കൊടുക്കണം. പക്ഷേ കളിക്കളത്തിൽ വ്യത്യസ്തനാണു ബെർബറ്റോവ്. പന്തു കിട്ടിയാൽ ഗോളടിക്കും. ടീമംഗങ്ങളുമായി നല്ല ബന്ധത്തിലാണ്. ടീമിലെ യുവാക്കളോടു കളിയുടെ സങ്കീർണമായ കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. ജൂനിയർ കളിക്കാർക്കു തെറ്റു പറ്റിയാൽ തിരുത്തിക്കൊടുക്കാൻ ശ്രമിക്കുന്നയാളാണ് അദ്ദേഹം. ബ്ലാസ്റ്റേഴ്സിൽ ചേർന്നതിനുശേഷം ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു ദീർഘനേരം സംസാരിച്ചിരുന്നു. എന്താണു കേരളമെന്നും ബ്ലാസ്റ്റേഴ്സ് എന്ന ടീം എന്നും ഇന്ത്യൻ ഫുട്ബോളിന്റെയും ഈ ലീഗിന്റെയും പ്രത്യേകതകൾ എന്തെല്ലാമെന്നും എനിക്കറിയാവുംവിധം അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിയിരുന്നു. അങ്ങനെയാണു ബെർബ ഈ ക്ലബിലേക്കു വരുന്നത്. അദ്ദേഹം സാധാരണക്കാരനല്ല. കളിക്കളത്തിൽ അസാമാന്യമായ കഴിവുകളുണ്ട്.’’