Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശീലകനും താരങ്ങളുമായി ബ്ലാസ്റ്റേഴ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തരംഗം

Rene-with-Ferguson-Ronaldo ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ സർ അലക്സ് ഫെർഗൂസനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം.

എതിരാളികളുടെ സർവ കണക്കുകൂട്ടലുകളും തെറ്റിക്കുന്നൊരു നെടുനീളൻ പാസ്. മൈതാനത്തിന്റെ ഏതു പാർശ്വത്തിൽ നിന്ന് അതു പ്രതീക്ഷിക്കാം. ഒരുപക്ഷേ സ്വന്തം ബോക്സിൽ തന്നെയാകും ആ ബുള്ളറ്റ് ഷോട്ടിന്റെ ഉറവിടം. എതിർ ഗോൾമുഖം ലക്ഷ്യമാക്കി കുതിച്ചെത്തുന്ന ആ പാസ് സ്വീകരിക്കാൻ ശാന്തഭാവത്തിലൊരു സ്ട്രൈക്കർ കാത്തുനിൽക്കുന്നുണ്ടാകും. ചിതറിനിൽക്കുന്ന എതിർടീം കാവൽനിരയെ സമർഥമായി കബളിപ്പിച്ച് അയാൾ ആ പന്തു ഗോൾവലയ്ക്കുള്ളിലേയ്ക്കു കയറ്റും – പഴയൊരു കളിക്കഥയാണിത്.

ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനോടാണ് ഈ കഥയ്ക്കു കടപ്പാട്. മിന്നൽ ഷോട്ടിന്റെ ഉടമ വെസ്‌ലി ബ്രൗൺ എന്ന പ്രതിരോധതാരം. ആ ഗോൾ സ്കോററുടെ പേര് ദിമിതർ ബെർബറ്റോവ്. ഓൾഡ് ട്രാഫോഡിലും പ്രീമിയർ ലീഗിനും ചാംപ്യൻസ് ലീഗിനും വേദിയൊരുങ്ങിയ തട്ടകങ്ങളിലുമായി ഈ കാഴ്ച ലോകം മുഴുവനും പലകുറി കണ്ടിട്ടുണ്ട്.

ഗോളുകളുടെ വിസ്മയം തീർക്കുന്ന ഈ 'മാഞ്ചസ്റ്റർ ട്രിക്ക്സ്' റീമിക്സ് ആയി തിരികെയെത്തുകയാണ്. പാസ് തൊടുക്കുന്നവനും ഗോൾ കുറിക്കുന്നവനും മാറ്റമില്ല. അതേ വെസ്‌ലി മൈക്കൽ ബ്രൗണും ദിമിതർ ഇവാനോവ് ബെർബറ്റോവും തന്നെ. മാറ്റം ഇതാണ്, മാഞ്ചസ്റ്ററിന്റെ ചെങ്കുപ്പായം മാറി, അവിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായം വന്നു. ഓൾഡ് ട്രാഫോഡിന്റെ സ്ഥാനത്തു കൊച്ചിയായി. യൂറോപ്യൻ ലീഗ് ഇന്ത്യൻ സൂപ്പർ ലീഗായും മാറി.

ബെർബറ്റോവും വെസ് ബ്രൗണും മാത്രമല്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുദ്ധതന്ത്രങ്ങളൊരുക്കിയ റെനി മ്യൂലൻസ്റ്റീനും കൂടി ചേരുമ്പോഴാണു കേരള ടീം മാഞ്ചസ്റ്ററിന്റെ ചെറുപതിപ്പാകുക. റെഡ് ഡെവിൾസിൽ സർ അലക്സ് ഫെർഗൂസന്റെ വലംകൈയായി പ്രവർത്തിച്ച പരിശീലകനാണു മ്യൂലൻസ്റ്റീൻ. മാഞ്ചസ്റ്ററിന്റെ യൂത്ത്, റിസർവ് ടീമുകളുടെ ചുമതലയും ഈ ഹോളണ്ടുകാരൻ വഹിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയും കാർലോസ് ടെവസും വെയ്ൻ റൂണിയുമുൾപ്പെടുന്ന സൂപ്പർ താരങ്ങൾക്കു കളി പറഞ്ഞുകൊടുക്കുന്ന മ്യൂലൻസ്റ്റീന്റെ ചിത്രം മാഞ്ചസ്റ്റർ ആരാധകരുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നുണ്ടാകും.

താരങ്ങളുടെ വ്യക്തിഗതമികവു ടീമിനു ഗുണം ചെയ്യുന്ന വിധത്തിൽ പ്രയോജനപ്പെടുത്താൻ വിദഗ്ധനായ മ്യൂലൻസ്റ്റീൻ തന്നെയാണു ബെർബയെയും ബ്രൗണിനെയും കൊച്ചിയിലെത്തിച്ചത്. ദീർഘകാലത്തെ അനുഭവമില്ലെങ്കിലും മാഞ്ചസ്റ്റർ ബന്ധം പറയാവുന്നൊരു താരം കൂടി ഇവർക്കൊപ്പം വന്നിട്ടുണ്ട് – ഗോൾ കീപ്പർ പോൾ റെച്ചുക്ക.

അലക്സ് ഫെർഗൂസന്റെ വിശ്വസ്ത പ്രതിരോധതാരങ്ങളിലൊരാളായ വെസ് ബ്രൗൺ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി  232 മത്സരം കളിച്ചിട്ടുണ്ട്. ഒന്നരപ്പതിറ്റാണ്ടു കാലം ഡെവിൾസിന്റെ പ്രതിരോധക്കോട്ടയിൽ വാണ ബ്രൗണിന്റെ കാലത്തു ടീം അഞ്ചു തവണ പ്രീമിയർ ലീഗ് കിരീടത്തിലെത്തി. രണ്ടു വട്ടം യുവേഫ ചാംപ്യൻസ് ലീഗിന്റെ കിരീടവുമെടുത്തു. മാഞ്ചസ്റ്ററിന്റെ ചുവപ്പിൽ മൂന്നു സീസണുകൾ ഒരുമിച്ചു പന്തു തട്ടിയവരാണു ബ്രൗണും ബെർബറ്റോവും. ഈ കാലയളവിൽ രണ്ടു തവണ ടീം പ്രീമിയർഷിപ്പ് നേട്ടം കൈവരിച്ചു. നാലു സീസണുകളിൽ മാഞ്ചസ്റ്ററിനു കളിച്ച ബെർബറ്റോവ് ഒരു തവണ പ്രീമിയർ ലീഗിലെ ടോപ്സ്കോറർ നേട്ടവും കുറിച്ചിട്ടുണ്ട്. യുണൈറ്റഡിനു വേണ്ടി 108 മൽസരങ്ങൾക്കു ബൂട്ടണിഞ്ഞ ബൾഗേറിയൻ താരത്തിന്റെ പേരിൽ 48 ഗോളുകളുമുണ്ട്. 

related stories