മഞ്ഞപ്പട കളി തുടങ്ങി; ഇത്തവണ കൊച്ചിക്ക് പുറത്തേക്കും എത്തും

കൊച്ചിയിലെത്തിയ ദിമിതർ ബെർബറ്റോവിനെ സ്വീകരിക്കാനെത്തിയ മഞ്ഞപ്പട അംഗങ്ങൾ

ഇയാൻ ഹ്യൂമുമായി കേരള ബ്ലാസ്റ്റേഴ്സ് നാലാം സീസണിൽ കരാർ‌ ഒപ്പിട്ടത് ഇന്ത്യയിൽ പ്രഖ്യാപിക്കുമ്പോൾ കാനഡയിൽ ഹ്യൂമിനു കുറച്ചു സന്ദർശകരുണ്ടായിരുന്നു. കേരളത്തിലേക്കു മടങ്ങിയെത്തുന്ന ഹ്യൂമിന് ആശംസകൾ അറിയിക്കാനും ഹ്യൂമിനെ സ്വാഗതം ചെയ്യുന്നതിനുമായി എത്തിയ ഒരു കൂട്ടം ആരാധകരായിരുന്നു അത്. അന്നു ഹ്യൂമിനു ശരിക്കും മനസ്സിലായിക്കാണും.... കൊച്ചി പഴയ കൊച്ചി തന്നെയായിരിക്കും. എന്നാൽ ആരാധകർ, അവർ പഴയതിനേക്കാൾ കൂടുതൽ സംഘടിതരായിരിക്കുന്നു.

 ബ്ലാസ്റ്റേഴ്സിന്റെ കാണിക്കൂട്ടമായ‘മഞ്ഞപ്പട’ ഇന്നു ലോകത്തിലെ ഏതൊരു ആരാധക സമൂഹത്തോടും തോളോടു തോൾ ചേർന്നു നിൽക്കാൻ പാകത്തിൽ വളർന്നു കഴി‍ഞ്ഞു. ടീം കപ്പ് അടിക്കുന്നതിനു മുൻപു കാണികൾ കപ്പടിക്കുന്നതു പോലെ ബ്ലാസ്റ്റേഴേ്സിന്റെ മഞ്ഞപ്പട ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകര സമൂഹത്തിനുള്ള ഇന്ത്യൻ‌ സ്പോർട്സ് ഓണേഴ്സ് പുരസ്കാരം ലഭിച്ചത് അടുത്ത ദിവസങ്ങളിലാണ്. മുംബൈയിൽ നടന്ന ചടങ്ങിൽ മഞ്ഞപ്പട ഉപദേശക സമിതിയംഗം സോമു ജോസഫ് ബോളിവുഡ് താരം സൊഹൈൽ ഖാനിൽ നിന്നാണു പുരസ്കാരം ഏറ്റുവാങ്ങിയത്. 

ചെറുതുടക്കം വലിയ വിജയം‌

ഐഎസ്എൽ ഒന്നാം സീസണിൽത്തന്നെ ആരംഭിച്ച ചെറുകൂട്ടായ്മയാണ് ഇന്നത്തെ മഞ്ഞപ്പടയായി വളർന്നു പന്തലിച്ചു നിൽക്കുന്നത്. ആലപ്പുഴ, എറണാകുളം ജില്ലകളിലെ കുറച്ചു ചെറുപ്പക്കാർ ചേർന്നു സാമൂഹിക മാധ്യമങ്ങളിൽക്കൂടി ആരംഭിച്ച കൂട്ടായ്മ പിന്നീടു ജില്ലാ അടിസ്ഥാനത്തിൽ വിപുലപ്പെടുത്തുകയായിരുന്നു.

ഇന്ന് എല്ലാ ജില്ലകളിലും മഞ്ഞപ്പടയ്ക്കു വിങ്ങുകളുണ്ട്. കൂടാതെ ചെന്നൈ, ഡൽഹി, ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങളിലും ഗൾഫ് മേഖല, ഓസ്ട്രേലിയ, അമേരിക്ക, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലും വിങ്ങുകളുണ്ട്. വ്യക്തമായ ഭരണ സംവിധാനമുള്ള ആരാധക സമൂഹമായി മഞ്ഞപ്പട മാറിയിട്ടുണ്ട്. ജില്ലകളിൽ ജില്ലാ കമ്മിറ്റികളും അവിടെ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർ ചേർന്നുള്ള സെൻട്രൽ കോർ കമ്മിറ്റിയും അതിൽ നിന്നു തിരഞ്ഞെടുക്കുന്ന വർക്കിങ് കമ്മിറ്റിയും പ്രവർത്തിക്കുന്നു. കൂടാതെ സ്ഥാപകാംഗങ്ങളുടെ ഉപദേശക സമിതിയുമുണ്ടെന്നു മഞ്ഞപ്പടയുടെ പ്രസിഡന്റ് എൽ‍ദോ സക്കറിയാ പറയുന്നു. ഓൺലൈൻ തിര‍ഞ്ഞെടുപ്പാണു നടത്തുന്നത്. വാട്സാപ് വഴിയാണു പ്രധാന പ്രചാരണങ്ങൾ. 

വിശ്രമമില്ലാത്ത പ്രവർത്തനം

ഐഎസ്എൽ മൂന്നാം സീസണിനും നാലാം സീസണിനും ഇടയിൽ ടീം മാനേജ്മെന്റ് പോലും വിശ്രമിച്ചപ്പോഴും മഞ്ഞപ്പട വെറുതെയിരുന്നില്ല. ജില്ലകൾ തോറും അവർ കൂട്ടായ്മ വിപുലപ്പെടുത്താനും പുതിയ സീസണിനെ വരവേൽക്കാനുമുള്ള തയാറെടുപ്പിലായിരുന്നു. വിദേശ ക്ലബ് ലീഗ് മാതൃകയിൽ ടീം ചാന്റുകളും താരങ്ങളെക്കുറിച്ചുള്ള ചാന്റുകളുമെല്ലാം ഇക്കാലത്ത് ഇവർ തയാറാക്കി കഴിഞ്ഞു.

ഇരുപതോളം ചാന്റുകളാണു മഞ്ഞപ്പട തയാറാക്കി കഴിഞ്ഞിരിക്കുന്നത്. ഇത് എല്ലാ വിങ്ങുകളിലും എത്തിച്ച് എല്ലാവരേയും പഠിപ്പിച്ചും കഴിഞ്ഞു. മഞ്ഞപ്പടയുടെ പ്രവർത്തനങ്ങൾ എല്ലാവരിലും എത്തിക്കുന്നതിനായി ആൻഡ്രോയ്ഡ് മൊബൈൽ ആപ്പും മഞ്ഞപ്പട പുറത്തിറക്കി. ട്വിറ്റർ, ഫെയ്സ്ബുക്ക് എന്നിവയിൽ വളരെ ആക്ടീവാണു മഞ്ഞപ്പട. ടീം മാനേജ്മെന്റിൽ നിന്നും പ്രോൽസാഹനങ്ങൾ കിട്ടുന്നുണ്ടെന്നും എൽദോ പറയുന്നു.

അണ്ടർ 17 ലോകകപ്പിനെ വരവേൽക്കുന്നതിനായും വിവിധ പരിപാടികൾ മഞ്ഞപ്പട സംഘടിപ്പിച്ചു. ന്യൂഡൽഹിയിൽ പരമാവധി ഗാലറി നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണ പരിപാടികൾ വരെ ഈ കാണിക്കൂട്ടം നടത്തി. 

എതിരാളികൾ കരുതിയിരിക്കുക

എതിരാളികൾക്കു ശക്തമായ വെല്ലുവിളിയുയർത്തുന്ന കൊച്ചിയിലെ പന്ത്രണ്ടാമന്മാരെ ഇക്കുറി എല്ലാ സ്റ്റേഡിയത്തിലും കാണാം എന്നു മഞ്ഞപ്പട പറയുന്നു. എല്ലാ എവേ മാച്ചുകളിലും ബ്ലാസ്റ്റേഴ്സിനായി അലറി വിളിക്കാൻ ഗാലറികളിൽ മഞ്ഞപ്പടയുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. എവേ മാച്ചുകളിൽ എല്ലാം ടിക്കറ്റ് ബുക്കിങ് മ‍ഞ്ഞപ്പട വിങ്ങുകൾ നടത്തുന്നുണ്ട്. എല്ലാ സ്റ്റേഡിയത്തിലും ആവേശത്തിന്റെ പീതവർണം നിറയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം. 

ഉദ്ഘാടനത്തിനു കാത്ത്... 

കൊച്ചിയിൽ നടക്കുന്ന ഐഎസ്എൽ ഉദ്ഘാടന മത്സരത്തിനായി കാത്തിരിക്കുകയാണു മഞ്ഞപ്പട. വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന മഞ്ഞപ്പട അംഗങ്ങളെ എറണാകുളം വിങ്ങിൽ നിന്നുള്ളവർ സ്വീകരിക്കും. മത്സരത്തിന്റെ അന്ന് ഉച്ചയോടെ കലൂർ സ്റ്റേഡിയത്തിനു സമീപം മഹാസംഗമം സംഘടിപ്പിക്കുകയാണു ലക്ഷ്യം. തുടർന്ന് സ്റ്റേഡിയം ചുറ്റി പ്രകടനവും നടത്തും.

വിദേശ മാതൃകയിൽ ബ്ലാസ്റ്റേഴ്സ് സ്കാർഫുകൾ എത്തിച്ചു കഴിഞ്ഞു. ഇതടക്കമുള്ള കിറ്റുകൾ ഓരോ അംഗങ്ങൾക്കും വിതരണം നടത്തി. സ്റ്റേ‍ഡിയത്തിലേക്കു ടീം പ്രവേശിക്കുമ്പോൾ സ്കാർഫ് ഉയർത്തി ടീമിനു സ്വാഗതം ഓതുകയാണു ലക്ഷ്യം. മത്സരം തുടങ്ങും വരെ ആർത്തു വിളിച്ച് ആവേശം കളയരുതെന്നാണു മഞ്ഞപ്പട അംഗങ്ങൾക്കു നൽകിയിട്ടുള്ള നിർദേശം. കളി തുടങ്ങി അവസാനിക്കും വരെ ഒരേ തരത്തിൽ ആവേശം നിലനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കളിക്കാതെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ബാനറുകളും സ്റ്റേഡിയത്തിലേക്ക് എത്തിക്കും.

ഒരേ സ്വരത്തിൽ മഞ്ഞപ്പട പറയുന്നു. ഗാലറിയിൽ ആവേശത്തിന്റെ വിസ്ഫോടനം തീർക്കാൻ ഞങ്ങളുണ്ട്. ഇനി ചെയ്യേണ്ടത് പച്ച വിരിച്ച മൈതാനിയിൽ പന്തു തട്ടുന്ന ആ പതിനൊന്നു പേരാണ്. നിങ്ങളുടെ കാലുകളിലേക്ക് ഉരുണ്ടെത്തുന്ന പന്തിൽ ആവേശത്തിന്റെ ശ്വാസം നിറച്ചു ഞങ്ങളുണ്ട്... ഒറ്റ ലക്ഷ്യം... കപ്പടിക്കണം !!!