ആരാധകർ നോക്കിനിൽക്കെ സന്ദേശ് ജിങ്കാൻ മൈതാനത്തോളം വലുതായി

ഒടുവിൽ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ആരാധകരുടെ കാത്തിരിപ്പുകൾക്കു പര്യവസാനം. ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ കേരളത്തിന്റെ മഞ്ഞപ്പടയെ സന്ദേശ് ജിങ്കാനെന്ന 24 കാരൻ നയിക്കും. 2014ൽ ഒന്നാം സീസൺ ഐഎസ്എൽ കളിക്കാനെത്തുമ്പോഴുള്ള 21കാരനല്ല ജിങ്കാൻ. താരമായി. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ പ്രതിരോധ ഭടനായി. ഇപ്പോഴിതാ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാർ കൂടിയായ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആയി! ആരാധകർ സന്തോഷ തിമർപ്പിലാണ്.

വെറുമൊരു പയ്യൻ

ആദ്യ സീസൺ ഐഎസ്എല്ലിൽ ഇന്ത്യൻ ഡ്രാഫ്റ്റിൽ രണ്ടാമതായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതു ചണ്ഡിഗഡിൽനിന്നുള്ള വെറുമൊരു പയ്യനെയായിരുന്നു. ജിങ്കാന്റെ 21ാം പിറന്നാളിന്റെ പിറ്റേന്നായിരുന്നു ആ തിരഞ്ഞെടുപ്പ്. സെന്റ് സ്റ്റീഫൻസ് അക്കാദമിയുടെ താരമായി വളർന്നു യുണൈറ്റഡ് സിക്കിമിലും തുടർന്നു മുംബൈ എഫ്സിയിലും കളിച്ച ആറടി രണ്ട് ഇഞ്ച് ഉയരക്കാരൻ.

ദൃഢതയാർന്ന ശരീരം. നീണ്ട തലമുടി, കണ്ടാൽ ചെറിയൊരു കാളക്കൂറ്റനെപ്പോലെയുള്ള പയ്യൻ. ആദ്യമൊന്നും അത്ര ശ്രദ്ധ ജിങ്കാനിലേക്ക് എത്തിയില്ല. ചെന്നൈയിൻ എഫ്സിക്കെതിരായ എവേ മൽസരത്തിലാണു ജിങ്കാൻ ആദ്യമായി കളത്തിലിറങ്ങുന്നത്. തുടർന്നുള്ള മൽസരങ്ങളിലും അവസരങ്ങൾ ലഭിച്ചു. മറ്റുള്ളവരുടെ ചവിട്ടും കുത്തുമേൽക്കാൻ മാത്രം വിധിക്കപ്പെടുന്ന പ്രതിരോധ നിരക്കാരിലേക്ക് അത്രയൊന്നും ശ്രദ്ധ എത്തുക പതിവില്ല. എന്നാൽ മൈതാനത്തു ജിങ്കാനെന്ന പയ്യന്റെ ആത്മാർഥ പ്രകടനം പതുക്കെ ശ്രദ്ധ അവനിലേക്ക് എത്തിച്ചു.

ഓരോ മൽസരങ്ങൾ കഴിയും തോറും ജിങ്കാൻ ആരാധകരുടെ മനസ്സിലേക്കു നടന്നു കയറുകയായിരുന്നു. ഒന്നിനേയും പേടിക്കാതെ ചങ്കൂറ്റത്തോടെ മൈതാനത്തു തലയുയർത്തി നിൽക്കുന്ന ജിങ്കാനെ ആരാധകർ ഡിങ്കനെന്നു വിളിച്ചു തുടങ്ങി. ഒന്നാം സീസണിൽ ബെസ്റ്റ് എമേർജിങ് പ്ലെയർ പുരസ്കാരം സ്വന്തമാക്കിയാണു സന്ദേശ് ജിങ്കാൻ സീസൺ അവസാനിപ്പിച്ചത്. പിന്നാലെ ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വിളിയുമെത്തി. 

പെർഫെക്ട്

രണ്ടാം സീസണിൽ കേരളത്തിന് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും ജിങ്കാൻ ആത്മാർഥമായി പൊരുതി. മൂന്നാം സീസണിലും ജിങ്കാൻ കേരളത്തിനൊപ്പം വേണമെന്ന് ആരാധകർ ആഗ്രഹിച്ചതും മറ്റൊന്നും കൊണ്ടല്ല.  അപ്പോഴേക്കും മൈതാനത്തെ ആ പയ്യൻ വളർന്നു തുടങ്ങിയിരുന്നു. ഇന്ത്യൻ ഫുട്ബോളിൽ ഒരു കസേര വലിച്ചിട്ടു സ്വന്തം സ്ഥാനമുറപ്പിക്കാൻ തക്കവണ്ണം ജിങ്കാൻ വളർന്നിരുന്നു. മൂന്നാം സീസണിൽ ആരോൺ ഹ്യൂസെന്ന ഇതിഹാസ പ്രതിരോധ നിരക്കാരനൊപ്പം ജിങ്കാനും കേരളത്തിന്റെ പ്രതിരോധ കോട്ട കെട്ടുന്നതിൽ നിർണായക പങ്കുവഹിച്ചു.

ഹ്യൂസ് ഇല്ലാത്ത മൽസരങ്ങളിൽ ‘ഓവർടൈം’ പണിയെടുക്കാനും ജിങ്കാൻ സന്നദ്ധനായിരുന്നു. വെറുമൊരു സ്റ്റോപ്പർ ബാക്കായല്ല ജിങ്കാൻ കളിച്ചിരുന്നത്. മുന്നേറ്റ നിരയിലേക്കു വരെ പന്തെത്തിച്ചു നൽകി അധ്വാനിച്ചു ജിങ്കാൻ കളിച്ചു. ഗ്രൗണ്ട് മുഴുവൻ ഓടിക്കളിച്ച ജിങ്കാനെ സ്നേഹത്തോടെ ‘കേരളത്തിന്റെ ബംഗാളി’ എന്നു വിളിച്ചു. അത്രയധികമായിരുന്നു ഓരോ മൽസരത്തിലും ജിങ്കാന്റെ അധ്വാനം. നിർണായക രക്ഷപ്പെടുത്തലുകളിലൂടെ മൂന്നാം സീസണിൽ കേരളത്തിന്റെ ഫൈനൽ പ്രവേശനത്തിൽ നിർണായക സ്ഥാനമായിരുന്നു ജിങ്കാന്.

നാലാം സീസൺ ആരംഭിക്കുമ്പോൾ ആരാധകർ മുറവിളി കൂട്ടിയതു സി.കെ. വിനീതിനൊപ്പം സന്ദേശ് ജിങ്കാനെയും നിലനിർത്തണമെന്നാണ്. ആരാധകരുടെ ആ ആവശ്യം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചെവിക്കൊണ്ടു. 2020 വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമാണു ജിങ്കാൻ. പ്രതിവർഷം ഒന്നേകാൽ കോടിയോളം രൂപ പ്രതിഫലത്തിനാണു ബ്ലാസ്റ്റേഴ്സ് ജിങ്കാനെ നിലനിർത്തുന്നത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന പ്രതിരോധ നിരതാരമായിക്കൂടി ജിങ്കാൻ മാറി. പ്രതിരോധക്കോട്ട കാക്കുന്നതാണു പണിയെങ്കിലും കളിക്കളത്തിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത താരം കൂടിയാണു ജിങ്കാൻ.

ഇന്ത്യൻ നായകൻ

ഓഗസ്റ്റിൽ നടന്ന ത്രിരാഷ്ട്ര ഫുട്ബോൾ മൽസരത്തിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ അഭാവത്തിൽ ദേശീയ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ വിശ്വസിച്ചു നായകത്വം ഏൽപ്പിച്ചതും ജിങ്കാനെ തന്നെ. മൗറീഷ്യസ്, സെന്റ് കിറ്റ്സ് എന്നിവയ്ക്ക് എതിരെയുള്ള മൽസരത്തിൽ ബെംഗളൂരു എഫ്സി താരമായിരുന്ന ഛേത്രിയുടെ സേവനം വിട്ടുകിട്ടിയില്ല. 

ജിങ്കാനെപ്പോലെയൊരു യുവാവിനെ ക്യാപ്റ്റൻ സ്ഥാനം ഏൽപിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ കോൺസ്റ്റന്റൈന്റെ മറുപടി ജിങ്കാൻ ഒരു യോദ്ധാവും പടനായകനുമാണ് എന്നായിരുന്നു.    അതേ ജിങ്കാൻ ഇന്ത്യയിലെ പ്രമുഖമായ ഒരു ക്ലബ്ബിന്റെ നായകത്വത്തിലേക്കു കൂടി എത്തുന്നു.