കൊച്ചി ∙ ഒരു പെനൽറ്റി ഗോളിന്റെ മുറിവിന് മറ്റൊരു പെനൽറ്റി ഗോളിലൂടെ മറുപടി, മുന്നേറ്റത്തിന്റെ മൂർച്ചയേക്കുറിച്ചുള്ള ആശങ്കകൾക്കിടെ പുതിയ താരോദയമായി ദീപേന്ദ്ര നേഗിയെന്ന പത്തൊൻപതുകാരൻ, ആദ്യ പകുതിയിൽ പിന്നിലായിട്ടും തളരാതെ പൊരുതിയ മനസ്സ്, ഓരോ മൽസരം പിന്നിടുമ്പോഴും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന ഇയാൻ ഹ്യൂം, വിജയവഴിയിൽ ഭാഗ്യചിഹ്നമായി ടീമിനൊപ്പം ചേർന്ന ഐസ്‌ലൻഡ് താരം ഗുഡ്‌യോൻ ബാൾഡ്‌വിൻസൻ... ലീഗിൽ ടീമിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന ആരാധകർക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചം സമ്മാനിച്ചാണ് ഡൽഹിക്കെതിരായ മൽസരം അവസാനിച്ചത്. സ്വന്തം കളിമുറ്റത്ത് വിജയവഴിയിലേക്ക് തിരിച്ചെത്തിയതിനൊപ്പം ബ്ലാസ്റ്റേഴ്സ് ആരാധകരെ സന്തോഷിപ്പിച്ചത് ഈ ഘടകങ്ങളൊക്കെയാകണം.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിപ്പോയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചു വിജയം പിടിച്ചെടുക്കുന്ന കാഴ്ച ഉജ്വലമായിരുന്നു. അതിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ പറ്റിയ ആരാധകരുടെ കാര്യം പറയാനുണ്ടോ? ക്യാപ്റ്റൻ കാലു ഉച്ചെയുടെ പെനൽറ്റി ഗോളിലൂടെ 35–ാം മിനിറ്റിൽ മുന്നിൽക്കയറിയ ഡൽഹിയെ ദീപേന്ദ്ര നേഗി (47), ഇയാൻ ഹ്യൂം (75, പെനൽറ്റി) എന്നിവരുടെ ഗോളുകളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് പിന്തള്ളിയത്.
13–ാം മൽസരത്തിൽ സീസണിലെ അഞ്ചാം വിജയം കുറിച്ച ബ്ലാസ്റ്റേഴ്സ് 17 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. 12 മൽസരങ്ങളിൽനിന്ന് ഒൻപതാം തോൽവി വഴങ്ങിയ ഡൽഹി ഏഴു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു. ഡല്‍ഹിയില്‍ നടന്ന ആദ്യ പാദത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് 3-1നു ഡല്‍ഹിയെ തോല്‍പ്പിച്ചിരുന്നു.
ഗോളുകൾ വന്ന വഴി
ഡൽഹിയുടെ ആദ്യ ഗോൾ: ഡൽഹിയുടെ മികവിനേക്കാൾ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പ്രശാന്തിന്റെ മണ്ടത്തരം സമ്മാനിച്ച ഗോളിലാണ് സന്ദർശകർ കൊച്ചിയുടെ കളിമുറ്റത്ത് ലീഡ് സ്വന്തമാക്കിയത്. ബോക്സിനുള്ളിലേക്ക് ചുവടുവച്ചു കയറിയ ഡൽഹി താരം സെയ്ത്യാസെൻ സിങ്ങിനെ ബോക്സിനുള്ളിൽ വലിച്ചു താഴെയിട്ട പ്രശാന്തിന്റെ പിഴവിൽനിന്ന് ഡൽഹിക്ക് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത കാലു ഉച്ചെയ്ക്ക് പിഴച്ചില്ല. സുഭാശിഷ് റോയിക്ക് യാതൊരു അവസരവും നൽകാതെ പന്ത് വലയിൽ. സ്കോർ 1–0.
ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ: രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ആദ്യ വെടി പൊട്ടിച്ചു. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോർണറിൽനിന്നായിരുന്നു ഗോളിന്റെ വരവ്. ജാക്കിചന്ദ് സിങ് ഉയർത്തിവിട്ട പന്തിന് കണക്കാക്കി ദീപേന്ദ്ര നേഗി കാലുവയ്ക്കുമ്പോൾ ഒപ്പത്തിനൊപ്പം ഡൽഹിയുടെ ആദ്യ ഗോൾ നേടിയ കാലു ഉച്ചെയുമുണ്ടായിരുന്നു. പിൻവലിഞ്ഞു നിന്ന് ദീപേന്ദ്ര നേഗി തഴുകിവിട്ട പന്ത് കാലു ഉച്ചെയുടെ ശിരസിൽ തട്ടി നേരെ വലയിൽ. ഉച്ചെയുടെ സെൽഫ് ഗോളാണോ എന്ന് സംശയം ഉയർന്നെങ്കിലും ഗോൾ നേഗിയുടെ പേരിൽത്തന്നെ. സ്കോർ 1–1. കൊച്ചിയുടെ കളിമുറ്റത്ത് പുത്തൻ താരോദയമായി നേഗി.
ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ: ആദ്യ ഗോളിന് വഴിയൊരുക്കിയ ദീപേന്ദ്ര നേഗി തന്നെ രണ്ടാം ഗോളിന്റെയും വിജയശിൽപി. മികച്ചൊരു മുന്നേറ്റത്തിലൂടെ ഡൽഹി ബോക്സിലേക്കു കയറിയ നേഗിയെ വീഴ്ത്തിയ പ്രതീക് ചൗധരിക്ക് മഞ്ഞക്കാർഡും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനൽറ്റിയും. കിക്കെടുത്ത ഹ്യൂമിന് പിഴച്ചില്ല. പന്തു നേരെ വലയിൽ. പെനൽറ്റിയിലൂടെ പിന്നിലായ ബ്ലാസ്റ്റേഴ്സ് മറ്റൊരു പെനൽറ്റിയിലൂടെ വിജയഗോൾ നേടുന്ന സുന്ദരമായ കാഴ്ച. സ്കോർ 2–1.
പകരം വയ്ക്കാനില്ലാത്ത പകരക്കാരൻ
ആദ്യപകുതിയിൽ തീർത്തും നിറം മങ്ങിയ കരൺ സാഹ്നിക്കു പകരം രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ദീപേന്ദ്ര സിങ് നേഗിയെന്ന പത്തൊൻപതുകാരനാണ് ഈ മൽസരത്തിലെ യഥാർഥ കണ്ടെത്തൽ. കളത്തിലിറങ്ങി മിനിറ്റുകൾക്കുള്ളിൽ സമനില ഗോൾ നേടുകയും ഇയാൻ ഹ്യൂം പെനൽറ്റിയിലൂടെ നേടിയ വിജയഗോളിന് വഴിയൊരുക്കുകയും ചെയ്ത ദീപേന്ദ്ര നേഗിയുടെ പ്രകടനമാണ് ഈ മൽസരത്തിലെ ഹൈലൈറ്റും. ഹീറോ ഓഫ് ദി മാച്ച് പുരസ്കാരം നേടിയതും നേഗി തന്നെ.
ഇത്ര നാൾ എവിടെയായിരുന്നു എന്ന് ആരാധകരെക്കൊണ്ട് ചോദിപ്പിക്കുന്ന പ്രകടനമാണ് മൽസരത്തിൽ നേഗി പുറത്തെടുത്തത്. ചെറുപ്പത്തിന്റെ ആനുകൂല്യം കളത്തിൽ മുതലെടുത്ത നേഗിയുടെ പ്രകടനം ആരാധകർക്കും രസിച്ചു. ഇയാൻ ഹ്യൂമിനൊപ്പം ഓടിയെത്താൻ ശേഷിയുള്ള ഒരു താരത്തെ ലഭിച്ചത് ലീഗ് നിർണായക ഘട്ടത്തിലെത്തി നിൽക്കെ ബ്ലാസ്റ്റേഴ്സിന് തുണയാകുമെന്ന് ഉറപ്പ്. എല്ലാറ്റിനുമുപരി, സാക്ഷാൽ ഐ.എം. വിജയൻ കുറിച്ചപോലെ ഈ യുവാക്കളിൽ വിശ്വാസമർപ്പിച്ച് ഇവർക്ക് അവസരം നൽകിയ പരിശീലകൻ ഡേവിഡ് ജയിംസിനും നൽകണം 100 മാർക്ക്!
മൂന്നു മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ്
കഴിഞ്ഞ മൽസരത്തിൽ തോൽവി രുചിച്ച ടീമിൽനിന്ന് ഡൽഹിക്കെതിരായ ആദ്യ ഇലവനില്‍ മൂന്നു മാറ്റങ്ങളാണ് പരിശീലകൻ വരുത്തിയത്. പോള്‍ റെച്ചൂബ്ക്ക, റിനോ ആന്റോ, സിയാം ഹംഗല്‍ എന്നിവർ പുറത്തിരുന്നപ്പോൾ, പകരം സുഭാശിഷ് റോയ് ചൗധരി, കെ.പ്രശാന്ത്, കരണ്‍ സാഹ്നി എന്നിവര്‍ ടീമിലെത്തി. ആകെ മൂന്നു വിദേശ താരങ്ങൾ മാത്രമെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയം.
ഡല്‍ഹി ഡൈനാമോസാകട്ടെ നാല് മാറ്റങ്ങളാണ് ആദ്യ ഇലവനില്‍ വരുത്തിയത്. സെയ്‌ത്യാസെന്‍, മത്തിയാസ് മിറാബാഹെ, പ്രതീക് ചൗധരി, മുണ്‍മുണ്‍ ലുഗന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ബ്ലാസ്റ്റേഴ്‌സ് 4-1-4-1 ഫോര്‍മേഷനിലും ഡല്‍ഹി 4-2-3-1 ഫോര്‍മേഷനിലുമായിരുന്നു ടീമിനെ വിന്യസിച്ചത്.
ആക്രമണത്തോടെ തുടക്കം
ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ് മൽസരം തുടങ്ങിയത്. നാലാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി കിട്ടിയ കോര്‍ണര്‍ പക്ഷേ, മുതലാക്കാനായില്ല. ഇതിനു പിന്നാലെ തിരിച്ചടിച്ച ഡല്‍ഹി തുടരെ രണ്ടു കോര്‍ണറുകള്‍ കണ്ടെത്തി. 12 -ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് എതിരാളികളുടെ വല ചലിപ്പിച്ചു. പക്ഷേ, ഓഫ് സൈഡ് കൊടി ഉയർന്നതിനാല്‍ ഡല്‍ഹി രക്ഷപ്പെട്ടു. കറേജ് പെക്കൂസന്റെ പാസില്‍ മിലന്‍ സിങ്ങിന്റെ തകര്‍പ്പന്‍ കാര്‍പ്പറ്റ് ഡ്രൈവ് ഡല്‍ഹി ഗോളി അര്‍ണാബ് ദാസ് തടുത്തിട്ടത് അവിശ്വസനീയതോടെയാണ് കാണികൾ കണ്ടത്. റീ ബൗണ്ടില്‍ ഓടിയെത്തിയ ഇയാന്‍ ഹ്യൂം പന്ത് വലയിലാക്കിയെങ്കിലും അപ്പോഴേക്കും ഓഫ് സൈഡ് കൊടി ഉയര്‍ന്നു.
19-ാം മിനിറ്റില്‍ മത്തിയാസ് മിറാബാഹെയെ ഫൗള്‍ ചെയ്‌തിനു ലഭിച്ച ഫ്രീകിക്ക് ബ്ലാസറ്റേഴ്‌സ് ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി. മിറാബാഹെ തന്നെ എടുത്ത കിക്ക് ക്രോസ് ബാറിനു മുകളിലൂടെ അപകടം ഉണ്ടാക്കാതെ കടന്നുപോയി. 24 -ാം മിനിറ്റില്‍ ചാങ്‌തെയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്തെത്തിയെങ്കിലും കാര്യമായ പ്രഹരശേഷി ഇല്ലാത്തതിനാല്‍ ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു. 26-ാം മിനിറ്റില്‍ കാലു ഉച്ചെയുടെ ആദ്യ ഷോട്ട് ജിങ്കന്‍ തടുത്തു. തൊട്ടുപിന്നാലെ ഡിഫ്‌്‌ളക്ഷനായി വന്ന ഷോട്ട് സുഭാശിഷ് റോയ് ചൗധരി കുത്തിയകറ്റി.
ആദ്യ 30 മിനിറ്റ് പൂര്‍ത്തിയാകുമ്പോഴും മൽസരം ഡല്‍ഹിയുടെ പൂര്‍ണ ആധിപത്യത്തിലായിരുന്നു. അഞ്ച് കോര്‍ണറുകളാണ് ബ്ലാസ്‌റ്റേഴ്‌സിനു ഇതിനകം വഴങ്ങിയത്. ആദ്യ പാദത്തില്‍ ഹാട്രിക് നേടിയ ഇയാന്‍ ഹ്യൂമിനെ ഡൽഹി താരങ്ങൾ മാര്‍ക്ക് ചെയ്തതിനാൽ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ മൂർച്ച കുറഞ്ഞു. പ്രശാന്തിന്റെ പിഴവിൽ ആദ്യ ഗോൾകൂടി വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് തളർന്നു.
സാഹ്നിക്കു പകരം ദീപേന്ദ്ര നേഗി
ആദ്യ പകുതയില്‍ പൂര്‍ണപരാജയമായ കരണ്‍ സാഹ‌്‌നിക്കു പകരം രണ്ടാം പകുതിയില്‍ മറ്റൊരു ഇന്ത്യന്‍ താരം ദീപേന്ദ്ര സിങ് നേഗി കളത്തിലിറങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ച ആദ്യ കോര്‍ണര്‍ പാഴായെങ്കിലും തൊട്ടുപിന്നാലെ ലഭിച്ച രണ്ടാമത്തെ കോര്‍ണറില്‍നിന്ന് ബ്ലാസ്‌റ്റേഴ്സ് സമനില ഗോള്‍ നേടി. കോര്‍ണറിൽ നിന്നെത്തിയ പന്ത് ക്ലിയർ ചെയ്യാനുള്ള കാലു ഉച്ചെയുടെ ശ്രമത്തിനിടെ ദീപേന്ദ്ര നേഗി തന്റെ ഇടം കാല്‍ കൊണ്ടു പന്ത് വലയിലാക്കി (1-1).
സമനില ഗോള്‍ വന്നതോടെ കളി മുറുകി. 64–ാം മിനിറ്റില്‍ ഡല്‍ഹി റോമിയോ ഫെര്‍ണാണ്ടസിനു പകരം നന്ദകുമാറിനെയും തൊട്ടടുത്ത മിനിറ്റില്‍ പ്രശാന്തിനു പകരം ബ്ലാസ്റ്റേഴ്സ് ഐസ്‌ലൻഡില്‍ നിന്നുള്ള പുതുമുഖം ഗുഡ്‌യോൻ ബാള്‍ഡ്‌വിന്‍സനെയും ഇറക്കി. 73-ാം മിനിറ്റില്‍ കാലു ഉച്ചെയുടെ ഹെഡ്ഡര്‍ തൊട്ടുതൊട്ടില്ല എന്നപോലെ ക്രോസ്ാബറിനെ ഉരുമ്മി പുറത്തുപോയി.
74–ാം മിനിറ്റിൽ നേഗി തന്നെ അടുത്ത ഗോളിനും വഴിയൊരുക്കി. പന്തുമായി ബോക്‌സിലേക്കു കയറിയ നേഗിയെ ഡല്‍ഹിയുടെ പ്രതീക് ചൗധരി ടാക്ലിങ്ങിലൂടെ വീഴ്‌ത്തി. ഇതിനെ തുടര്‍ന്നു പ്രതീക് ചൗധിരിക്കു മഞ്ഞക്കാര്‍ഡും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനൽറ്റിയും. പെനൽറ്റി എടുത്ത ഇയാന്‍ ഹ്യൂമിനു പിഴച്ചില്ല. പന്ത് വലയിൽ. ഈ സീസണില്‍ ഹ്യൂമിന്റെ അഞ്ചാമത്തെ ഗോളാണിത്.
പോരാട്ടം അവസാന മിനിറ്റുകളിലേക്കു കടന്നതോടെ കളി മുറുകി. സമനില ഗോളിനായുള്ള ഡല്‍ഹിയുടെ ചില ശ്രമങ്ങള്‍ പാതിവഴിയില്‍ അവസാനിച്ചത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം കൊണ്ടു മാത്രം. അവസാന വിസിലിനു സെക്കൻഡുകൾക്കു മുൻപ് ബ്ലാസ്റ്റേഴ്സ് താരം ബാൾഡ്‌വിൻസിനെ ഫൗള്‍ചെയ്ത പ്രതീക് ചൗധരി രണ്ടാം മഞ്ഞക്കാർഡു വാങ്ങി പുറത്തുപോയി.