ഐലീഗിൽ നിന്ന് ഐഎസ്എല്ലിലേക്ക് പറന്നുയർന്നു ബെംഗളൂരു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസൺ അവസാന ഘട്ടത്തിലെത്തുമ്പോൾ ഐഎസ്എല്ലിലെ നവാഗതരായ ബെംഗളൂരു എഫ്സി ഇക്കുറി ഫൈനലുറപ്പിച്ചു കഴിഞ്ഞു. നോക്കൗട്ട്, ഫൈനൽ എന്നിവയിലൂടെ വിജയിയെ നിശ്ചയിക്കുന്ന മത്സരഘടനയുള്ള ഐഎസ്എല്ലിലെ വിജയികൾ ഏതു ടീം ആണെങ്കിലും ലീഗിലെ ഇതുവരെയുള്ള പ്രകടനം വച്ചു നോക്കുമ്പോൾ ബെംഗളൂരു ഒരു പടി മുന്നിൽത്തന്നെ.
എല്ലാ മത്സരവും പൂർത്തിയായപ്പോൾ 13 മത്സരത്തിലും ബെംഗളൂരു ജയിച്ചു കയറി. 40 പോയിന്റായിരുന്നു സമ്പാദ്യം. മറ്റു ടീമുകൾ ബഹുദൂരം പിന്നിൽ. തോറ്റതു നാലിൽ മാത്രം. 35 ഗോളുകൾ അടിച്ചു കൂട്ടി. വഴങ്ങിയതു 16 എണ്ണം മാത്രം. ഈ സീസൺ ഐഎസ്എല്ലിൽ ഏറ്റവും അധികം ഗോൾ സ്കോർ ചെയ്ത രണ്ടാമത്തെ ടീമാണു ബെംഗളൂരു. സെമിയിൽ പുണെ സിറ്റി എഫ്സിയെ തോൽപ്പിച്ച് ഇപ്പോഴിതാ ഫൈനലിലും.
ക്യാപ്റ്റൻ ടീം
ഇന്ത്യൻ നായകൻ സുനിൽ ഛേത്രി മുന്നിൽ നിന്നു നയിക്കുന്ന ബെംഗളൂരു എഫ്സി നേട്ടങ്ങൾ ഒരുപാടു പറയാനുള്ള ടീമാണ്. എഎഫ്സി കപ്പ് ഫൈനൽ കളിച്ച ആദ്യ ഇന്ത്യൻ ടീമാണു ബെംഗളൂരു. ഫൈനലിൽ ഇറാഖിലെ എയർഫോഴ്സ് ക്ലബിനോടു പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത നേട്ടമാണു ടീം അന്നു നേടിയത്. ഞെട്ടിപ്പിക്കുന്ന പ്രകടനം ആരാധകർക്കു നൽകുന്ന ക്ലബ് പങ്കെടുത്ത ആദ്യ സീസണിൽത്തന്നെ ഐ ലീഗ് കിരീടം സ്വന്തമാക്കി. 2013ൽ ആരംഭിച്ച ക്ലബ് രണ്ടു ഐ ലീഗ് കിരീടങ്ങളും രണ്ടു ഫെഡറേഷൻ കപ്പ് കിരീടങ്ങളും ടീം ഷോകേസിലെത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയുടെ കളരിയിൽ നിന്നു ഫുട്ബോൾ പാഠങ്ങൾ സ്വായത്തമാക്കിയ ആഷ്‌ലി വെസ്റ്റ്‌വുഡാണു ബെംഗളൂരു എഫ്സി എന്ന ഇന്നത്തെ ഇന്ത്യൻ ഫുട്ബോളിന്റെ നീലപ്പട പടുത്തുയർത്തിയത്. ഇപ്പോൾ എടികെയുടെ താൽക്കാലിക ഹെഡ് കോച്ചാണ് വെസ്റ്റ്‌വുഡ്.
ജിൻഡാൽ സ്റ്റീൽ വർക്സ് എല്ലാ സ്വാതന്ത്ര്യങ്ങളും നൽകിയാണ് ആഷ്‌ലി വെസ്റ്റ്‌വുഡിനെ ഇന്ത്യയിലേക്കെത്തിച്ചത്. അതിന്റെ ഗുണവുമുണ്ടായി. ഇന്ത്യൻ ഫുട്ബോളിൽ സമാനതകളില്ലാത്ത ടീമായി ബെംഗളൂരു വളർന്നു. അടിമുടി പ്രഫഷനൽ പാഠങ്ങൾ പകർന്നു നൽകി ഉരുക്കിന്റെ കരുത്തുമായി ടീം വളർത്തിയതു വെസ്റ്റ്‌വുഡാണ്. മൂന്നു വർഷങ്ങൾക്കു ശേഷം ആഷ്‌ലി വെസ്റ്റ്‌വുഡ് വഴി പിരിഞ്ഞപ്പോൾ ബാഴ്സലോണയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന ആൽബർട് റോക്കെയെയാണു ടീമിനെ പരിശീലിപ്പിക്കാൻ ജെഎസ്‍ഡബ്ല്യു എത്തിച്ചത്. അപ്പോഴും ടീം ഒറ്റ യൂണിറ്റായി മുന്നോട്ടു പൊയ്ക്കോണ്ടേയിരുന്നു.
യൂറോപ്യൻ ശൈലി
യൂറോപ്യൻ ക്ലബ് ഫുട്ബോൾ ശൈലിയിൽത്തന്നെയാണ് ഉടമകളായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. ടീമിലെ താരങ്ങളെ നിലനിർത്തി അവരെ ഒരുമിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഗുണം ബെംഗളൂരുവിന്റെ ഐഎസ്എൽ പ്രകടനത്തിൽ നിന്നു മനസ്സിലാക്കാനാകും. ടീം തമ്മിലുള്ള ഒത്തിണക്കത്തിൽ ബെംഗളൂരുവിനെ വെല്ലാൻ വേറെ ആരുമില്ല. ഇന്ത്യൻ ഫുട്ബോളിലെ മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിനും ബെംഗളുരു ശ്രദ്ധവച്ചു. ക്യാപ്റ്റൻ സുനിൽ ഛേത്രിയെത്തന്നെ ടീമിനോടൊപ്പം അഞ്ചു വർഷമായി നിലനിർത്തുന്നു. പ്രതിരോധത്തിൽ ഇംഗ്ലിഷ് താരം ജോൺ ജോൺസണും ആദ്യം മുതൽ ടീമിനൊപ്പമുണ്ട്.
പുതിയ താരങ്ങളെ വളർത്തിയെടുക്കുന്നതിലും ടീം ശ്രദ്ധ വയ്ക്കുന്നു. ഇന്നത്തെ ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയ താരം ഉദാന്ത സിങ് അടക്കമുള്ളവർ ബെംഗളൂരുവിനൊപ്പം വളർന്നവർ. ഇന്ത്യയുടെ ഇപ്പോഴത്തെ ഗോൾകീപ്പർ ഗുരുപ്രിത് സിങ് സന്ധുവിനേയും ഈ സീസണിൽ ടീം സ്വന്തമാക്കി. ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ച ഈ സീസണിൽ ടീമിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് വെനസ്വേലൻ താരം നിക്കോളസ് ലാഡിസ്‌ലാവോ ഫെഡോർ ഫ്ലോറസ് എന്ന മിക്കുവാണ്. 17 മത്സരങ്ങളിൽ നിന്നായി 14 ഗോളുകൾ മിക്കു നേടിക്കഴിഞ്ഞു.
ടീമിനൊപ്പം ആരാധക വൃന്ദത്തെയും യൂറോപ്യൻ രീതിയിൽത്തന്നെ സജ്ജമാക്കാൻ ബെംഗളൂരുവിനായി. ഇന്ന് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ ഫുട്ബോൾ ആരാധക വൃന്ദമാണു ബെംഗളൂരുവിന്റെ വെസ്റ്റ്ബ്ലോക് ബ്ലൂസ്. ഫുട്ബോൾ ചാന്റിങ് അടക്കമുള്ള യൂറോപ്യൻ ആരാധകശീലങ്ങൾ ഇന്ത്യയിലേക്കെത്തിച്ചതു വെസ്റ്റ്ബ്ലോക് ബ്ലൂസാണ്.
‘അവർ നന്നായി കളിക്കുന്നു’
ഐഎസ്എല്ലിലെ മികച്ച ടീം ബെംഗളൂരു എഫ്സിയാണ്. അവർ നന്നായി കളിക്കുന്നു. പറയുന്നതു ജംഷഡ്പുർ എഫ്സി പരിശീലകനായ സ്റ്റീവ് കൊപ്പലാണ്. ഗ്രൗണ്ടിലെ ടീം വിന്യാസം മുതൽ ബെംഗളൂരു മോഹിപ്പിച്ചു കൊണ്ടിരിക്കും. കൃത്യമായ പാസുകൾ, കളിമെനയുന്ന മധ്യ നിര, കുന്തമുനകളാകുന്ന മുന്നേറ്റ നിര.. എല്ലാം ബെംഗളൂരുവിന്റെ മെനുവിൽ കിറു കൃത്യം. ഗ്രൗണ്ടിൽ അവർ കളിച്ചു കൊണ്ടേയിരിക്കുന്നു. തോൽവിയും ജയവും പിന്നത്തെ കാര്യം.