ബെംഗളൂരു ∙ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോളർ സുനിൽ ഛേത്രിയെന്ന് എഫ്സി പുണെ സിറ്റി പരിശീലകൻ റാങ്കോ പോപോവിച്ച്; ഛേത്രിയെ വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് ബെംഗളൂരു എഫ്സി പരിശീലകൻ ആൽബർട്ട് റോച്ച. ഐഎസ്എൽ ഫുട്ബോൾ രണ്ടാം പാദ സെമിയിൽ, പുണെയെ 3–1നു തകർത്ത ബെംഗളൂരുവിനു വേണ്ടി ഹാട്രിക് നേടിയ പ്രകടനമാണു ഛേത്രിക്ക് ഇത്രയധികം അഭിനന്ദനങ്ങൾ നേടിക്കൊടുത്തത്.
സ്വന്തം ടീമിന്റെ പരിശീലകനെക്കാൾ ബെംഗളൂരു ക്യാപ്റ്റൻ ഛേത്രിയെ പുകഴ്ത്തിയത് പുണെ കോച്ച് പോപോവിച്ച് ആയിരുന്നു. ഇന്ത്യയിൽ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച താരം സുനിൽ ഛേത്രിയാണെന്നു ഞാൻ കരുതുന്നു. നിർണായക മൽസരങ്ങളിൽ എങ്ങനെയാണു കളിക്കേണ്ടതെന്നു ഛേത്രിയെപ്പോലുള്ള മികച്ച കളിക്കാർക്കു നന്നായി അറിയാം. ചെറുപ്പക്കാരായ കളിക്കാർ ഛേത്രിയെ കണ്ടുപഠിക്കട്ടെ. – പോപോവിച്ച് പറഞ്ഞു.
അതേസമയം, ഛേത്രിയെ വിശേഷിപ്പിക്കാൻ തന്റെ പക്കൽ വാക്കുകളില്ലെന്നായിരുന്നു ബെംഗളൂരു പരിശീലകൻ റോച്ചയുടെ അഭിപ്രായം. ഞാൻ ഛേത്രിയെക്കുറിച്ച് എന്തു പറയാനാണ്! ഇതൊരു പ്രധാനപ്പെട്ട മൽസരമായിരുന്നു. ടീമിന് ആവശ്യമുള്ള നേരത്ത് താൻ രംഗത്തുണ്ടാകുമെന്നു ഛേത്രി തെളിയിച്ചു – റോച്ച പറഞ്ഞു.
പുണെയിൽ നടന്ന ആദ്യപാദം ഗോൾരഹിത സമനിലയായതോടെ ഇരുടീമുകൾക്കും നിർണായകമായിരുന്നു ബെംഗളൂരുവിൽ നടന്ന രണ്ടാംപാദ മൽസരം. എവേ മൈതാനമായതിനാൽ, ഒരു ഗോളെങ്കിലും നേടിയുള്ള സമനില പുണെയെ ഫൈനലിൽ എത്തിച്ചേനെ. ഈ സാഹചര്യത്തിലാണ്, തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബെംഗളൂരുവിനു വേണ്ടി 15, 65, 89 മിനിറ്റുകളിലായി ചേത്രി ഹാട്രിക് തികച്ചത്. പുണെയുടെ ആശ്വാസഗോൾ ജോനാഥൻ ലൂക്ക (82) നേടി.
‘ബെംഗളൂരുവിന് ഇത് അരങ്ങേറ്റ ഐഎസ്എൽ ആണ്. അരങ്ങേറിയ വർഷം തന്നെ ഫൈനലിൽ എത്താൻ കഴിഞ്ഞതിനു പിന്നിൽ ടീമംഗങ്ങൾ ഓരോരുത്തരുടെയും കഠിനാധ്വാനമുണ്ട്’– റോച്ച പറഞ്ഞു. 17നാണ് ഐഎസ്എൽ ഫൈനൽ.