പകരം വീട്ടാൻ ബെംഗളൂരു; ഇന്ന് ചെന്നൈയ്ക്കെതിരെ

ബെംഗളൂരു ∙ ഐഎസ്എല്ലിൽ ഇന്നു കഴി‍ഞ്ഞ വർഷത്തെ ഫൈനലിന്റെ തനിയാവർത്തനം. ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്സിയെ നേരിടുന്ന ബെംഗളൂരു എഫ്സിയുടെ മനസ്സിൽ പകരംവീട്ടൽ മാത്രം. കഴിഞ്ഞ വർഷം ഫേവറിറ്റുകളായിരുന്ന ബെംഗളൂരുവിനെ 3–2നു വീഴ്ത്തിയാണു ചെന്നൈ കിരീടം ചൂടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ‌ പതിനെട്ടിൽ 13 മൽസരങ്ങളും ജയിച്ച് നാലുമൽസരങ്ങൾ ശേഷിക്കെത്തന്നെ പ്ലേഓഫ് ഉറപ്പാക്കിയ ബെംഗളൂരുവിന് അവസാനപടിയിൽ കാലിടറുകയായിരുന്നു. 26 ഗോളുകൾ നേടിയ സുനിൽ ഛേത്രി–മിക്കു സഖ്യമാണ് അന്നു ബെംഗളൂരുവിന്റെ മുന്നേറ്റത്തിനു ചുക്കാൻപിടിച്ചത്. ‌

പിന്നീട് സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു കിരീടം ചൂടിയാണു ബെംഗളൂരു സങ്കടം തീർത്തത്. പ്രീ–സീസണിൽ സ്പെയിനിലേക്കു പോയി ബാർസിലോന, വിയ്യാറയൽ ക്ലബുകളുടെ ബി ടീമുകളുമായി കളിച്ചു മൽസരപരിചയം നേടിയാണു ബെംഗളൂരുവിന്റെ വരവ്. മടങ്ങിയെത്തിയശേഷം ഐ ലീഗ് ക്ലബുകളായ ചെന്നൈ സിറ്റി, ഗോകുലം കേരള എഫ്സി എന്നിവയോടും കളിച്ചു. കഴിഞ്ഞമാസം ചുമതലയേറ്റെടുത്ത കാർലെസ് ക്വാദ്രാതാണു പരിശീലകൻ. കഴിഞ്ഞ സീസണിലെ 12 താരങ്ങളെ നിലനിർത്തിയ ക്ലബ് അക്കാദമി ടീമിൽനിന്ന് അഞ്ചു യുവതാരങ്ങളെ സീനിയർ ടീമിലേക്കു വിളിക്കുകയും ചെയ്തു. മിക്കു–ച്രേതി മുന്നേറ്റനിരതന്നെ ടീമിന്റെ കരുത്ത്. 

മലേഷ്യയിലെ പ്രീ–സീസൺ മൽസരങ്ങളിൽ സമ്പൂർണ പരാജയവുമായാണു ചെന്നൈയുടെ വരവ്. തിരിച്ചെത്തിയശേഷം ഇന്ത്യൻ ആരോസിനോടു ഗോളില്ലാസമനില വഴങ്ങുകയും ചെയ്തു.