ഐഎസ്എൽ ആദ്യ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്ഡബിൾ ബ്ലാസ്റ്റ്

ബ്ലാസ്റ്റേഴ്സ് താരം മതേയ് പോപ്ലാട്നികിന്റെ ഷോട്ട്. മാതേയ് ആണ് ഹെഡറിലൂടെ ആദ്യഗോൾ നേടിയത്. ചിത്രം: സലിൽ ബേറ

കൊൽക്കത്ത ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അഞ്ചാം സീസണിലേക്ക് ഇരട്ട സ്‌ഫോടനവുമായി കേരള ബ്ലാസ്റ്റേഴ്സ്. മുൻ ചാംപ്യൻമാരായ എടികെയെ അവരുടെ തട്ടകത്തിലാണു രണ്ടു ഗോളിനു തോൽപിച്ചത്. ആദ്യമാണ് എടികെയ്ക്കെതിരെ അവരുടെ തട്ടകത്തിൽ വിജയം. 

സ്കോറർമാർ: മതേയ് പോപ്ലാട്നിക് (77’), സ്ലാവിസ സ്റ്റൊയനോവിച് (86’). ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി ഒക്ടോബർ അഞ്ചിന് കൊച്ചിയിൽ മുംബൈയ്ക്കെതിരെ. 

എവിടെയായിരുന്നു ഇതുവരെ?

ബ്ലാസ്റ്റേഴ്സിന്റെ മുൻനിരയിൽ മാരകശേഷയുള്ള ഇരട്ടബോംബുണ്ടെന്ന് ഇന്ത്യൻ ഫുട്ബോൾ തിരിച്ചറിഞ്ഞ രാത്രി. യുവനിര തകർത്താടിയ രാത്രി. എവിടെയായിരുന്നു ഇതുവരെ എന്ന് ആരാധകർ ചോദിച്ചുപോയ രാത്രി. 

ലേറ്റായി വന്നാലും ലേറ്റസ്റ്റാ വരുവേ എന്നു ഡേവിഡ് ജയിംസ് വ്യക്തമാക്കിയ രാത്രി. നാലാം സീസണിൽ വൈകിവന്ന ജയിംസ് അഞ്ചാം സീസണിൽ തന്റെ സിലക്‌ഷൻ തീരുമാനങ്ങളിലൂടെ നയം വ്യക്തമാക്കിയിരിക്കുകയാണ്. വയസ്സൻ പടയല്ല, ചെറുപ്പക്കാരുടെ ചോരത്തിളപ്പും പോരാട്ടവീര്യവുമാണു ബ്ലാസ്റ്റേഴിന്റെ ഊർജമെന്ന്.

ബ്ലാസ്റ്റ് ചെയ്തു മത്തായിച്ചൻ

പൊപ്ലാട്നിക്കിൽനിന്നു പന്തു സ്വീകരിച്ച സ്ലാവിസ സ്റ്റൊയനോവിച് രണ്ടു ഡിഫൻഡർമാരെ വെട്ടിച്ചു ഷോട്ടുതിർത്തു. അത് എടികെയുടെ ബ്രസീലുകാരൻ ഡിഫൻഡർ ജർസൻ വിയേരയുടെ കാലിൽത്തട്ടി ഉയർന്നപ്പോൾ അതിനൊപ്പം നർത്തകന്റെ മെയ്‌വഴക്കത്തോടെ മതേയ് തലകൊണ്ടു പന്തിനെ ചെത്തി വലയിലേക്കു വിട്ടു (1–0)

സ്ലാവിസ വക കിടിലൻ വോളി

ഗോൾ നേടാനാവാതെ പോയതിന്റെ കേടുതീർത്ത വോളിയായിരുന്നു സ്ലാവിസ സ്റ്റൊയനോവിച്ചിന്റേത്. നർസാരി മധ്യത്തിൽനിന്നുനീട്ടിക്കൊടുത്ത പന്തു കാലിലെടുത്ത് വെട്ടിത്തിരിഞ്ഞ്, കിടുങ്ങിപ്പോയ ഡിഫൻഡറെ മറികടന്നു സ്ലാവിസയുടെ കിടിലൻ വോളി (2–0).

അഞ്ചു വിദേശികൾ, രണ്ടു ഗോൾ

അഞ്ചു വിദേശികളെ ഒരേ സമയം കളത്തിൽ ഇറക്കാമെന്നിരിക്കെ നാലുപേരെയാണു ബ്ലാസ്റ്റേഴ്സ് ആദ്യ 11ൽ ഉൾപ്പെടുത്തിയത്. പ്രതിരോധത്തിൽ നെമാന്യ ലാസിച് പെസിച്, മധ്യത്തിൽ നിക്കോള കിർച്‌മാരെവിച്, ആക്രമണത്തിൽ മതേയ് പൊപ്ലാട്നിക്, സ്ലാവിസ സ്റ്റൊയനോവിച്. പക്ഷേ, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ കണ്ണൂർ സ്വദേശി സഹൽ അബ്ദുൽ സമദിനു പകരം ഘാനക്കാരൻ കറേജ് പെക്കുസൻ വന്നു. സെയ്മിൻലെൻ ദുംഗൽ, ഹാലിചരൺ നർസാരി, സഹൽ അബ്ദുൽ സമദ് എന്നിവരായിരുന്നു മധ്യനിരയിൽ നിക്കോളയ്ക്കൊപ്പം. സന്ദേഷ് ജിങ്കാനും ലാൽറുവാത്താരയും മുഹമ്മദ് റാകിപും ഉൾപ്പെട്ട പ്രതിരോധം ആദ്യപകുതിയിൽ ഒറ്റത്തവണയേ പതറിയുള്ളൂ. അതൊരു കോർണർ കിക്കിനെത്തുടർന്ന് ആയിരുന്നു. ഗോളിലേക്ക് ചുമ്മാ കാൽകൊടുത്താൽ മതിയെന്ന അവസ്ഥയിൽ പ്രണോയ് ഹൽദാറിന്റെ ഷോട്ട് പുറത്തേക്കു പോയതു ഭാഗ്യമായി. അണ്ടർ 17 ലോകകപ്പ് ഗോളി ധീരജ് സിങ്ങിന്റെ ഐഎസ്എൽ അരങ്ങേറ്റമായിരുന്നു. ആദ്യ 11ന്റെ ശരാശരി പ്രായം 23.7. 

ചെറുപ്പമുള്ള വിജയം 

ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. കളിയിൽ 62% നിയന്ത്രണം. നീണ്ടപാസുകളിലൂടെ തുടരെ ആക്രമണം. മുറിയാത്ത പാസുകൾ. മൂന്നു ഗോളിനെങ്കിലും മുന്നിൽ എത്തേണ്ടതായിരുന്നു. പന്ത്രണ്ടാം മിനിറ്റിൽ പൊപ്ലാട്നിക് എടുത്ത കോർണർ കിക്കിൽനിന്നു പെസിച് തൊടുത്ത ഹെഡ്ഡർ എടികെ ഗോളിയെ കീഴടക്കിയെങ്കിലും ഗോൾരേഖയിൽനിന്ന സെനെ റാൾട്ടെ തലകൊണ്ടു കുത്തിപ്പുറത്താക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ കുറേക്കൂടി ആക്രമണ വൈവിധ്യവും ഭാവനാത്മകതയും പ്രകടമാക്കി എടികെ. സഹലിനു പകരം പെക്കുസനും ദുംഗലിനു പകരം സി.കെ.വിനീതും വന്നു. മധ്യനിരയിൽ അതിവേഗനീക്കങ്ങളുമായി ആദ്യപകുതിയിൽ സഹലും നർസാരിയും കളംനിറഞ്ഞതു കൊൽക്കത്തക്കാരുടെ നെഞ്ചകം തകർത്തുകൊണ്ടായിരുന്നു. 

Star Player

മതേയ് പൊപ്ലാട്നിക് (26) – സ്ട്രൈക്കർ

അഞ്ചടി 10 ഇഞ്ച് ഉയരം

സ്വദേശം: സ്ലൊവേനിയ

സ്ലൊവേനിയൻ ലീഗിൽ ട്രിഗ്‌ലാഗ് ക്രാന്യയ്ക്കായി 2016–18 സീസണുകളിൽ 68 കളിയിൽ 46 ഗോളടിച്ച ഫോം തുടരുകയാണ് ഈ പത്താം നമ്പർ. കയറിക്കളിക്കുകയും മധ്യത്തിലേക്ക് ഇറങ്ങി പന്തെടുക്കുകയും ചെയ്തു. എടികെയുടെ ഓരോ കളിക്കാരനും വെല്ലുവിളി ഉയർത്തി. സഹസ്ട്രൈക്കർ സ്ലാവിസയും ഗോൾ നേടിയെങ്കിലും കളിയിൽ വ്യക്തമായ ആധിപത്യം മഞ്ഞപ്പടയ്ക്കു നേടിക്കൊടുത്തതു മതേയ് തന്നെ.

മൽസരത്തിനു മുൻപ് സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മാർച്ച് പാസ്റ്റ്