ചെന്നൈ തകർത്തു; പുണെയ്ക്കെതിരെ 4–2 ജയം

ഗോൾ നേടിയ പുണെ താരം ആഷിഖ് കുരുണിയന്റെ ആഹ്ലാദം

പുണെ ∙ ഐഎസ്എൽ ഫുട്ബോളിൽ പുണെയെ 4–2നു തകർത്ത് ചെന്നൈ കുറിച്ചത് സീസണിലെ ആദ്യജയം. മലയാളി താരം ആഷിഖ് കുരുണിയൻ പുണെയ്ക്കു വേണ്ടി ആദ്യം ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിലെ ഉജ്വല പ്രകടനത്തോടെ ചെന്നൈ മൽസരം സ്വന്തമാക്കി. ബ്രസീലിയൻ സ്ട്രൈക്കർ മാഴ്സലീഞ്ഞോ ചുവപ്പുകാർഡ് കണ്ടതിനെത്തുടർന്ന് പത്തു പേരുമായിട്ടാണ് പുണെ മൽസരം പൂർത്തിയാക്കിയത്.

ഒൻപതാം മിനിറ്റിൽ റോബിൻ സിങിന്റെ ക്രോസ് ഫീൽഡ് പാസിൽ നിന്നായിരുന്നു ആഷിഖിന്റെ ഗോൾ. ആദ്യ പകുതിയിൽ കൂടുതൽ‌ സമയവും പന്ത് കൈവശം വച്ചെങ്കിലും ചെന്നൈയ്ക്കു ഗോൾ തിരിച്ചടിക്കാനായില്ല. 53–ാം മിനിറ്റിൽ മെയിൽസൺ ആൽവസാണ് ചെന്നൈയുടെ തിരിച്ചുവരവിനു തുടക്കമിട്ടത്. രണ്ടു മിനിറ്റിനകം ഗ്രിഗറി നെൽസൺ ലീഡും നൽകി. ഇനിഗോ കാൽഡറോൺ, തോയ് സിങ് എന്നിവർ ചെന്നൈയുടെ ജയമുറപ്പിച്ച ശേഷമായിരുന്നു പുണെയ്ക്ക് ആശ്വാസമായി ജൊനാതൻ വിലയുടെ ഗോൾ.