വീണ്ടും പടിക്കൽ കലമുടച്ചു; നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി(2–1)

നോർത്ത് ഈസ്റ്റ് താരങ്ങൾ വിജയം ആഘോഷിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് താരം മാതേയ് പൊപ്ലാട്‌നിക്കിന്റെ നിരാശ. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

ക്ലൈമാക്സിൽ ബ്ലാസ്റ്റേഴ്സിന്റെ ‘കിളിപോയി’! ഒരു ഗോൾ ലീഡുമായി ജയം ഉറപ്പിച്ച് ഫൈനൽ വിസിലിനു കാതോർത്തു നിന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ചെവിയടപ്പിച്ച് ഇൻജറി ടൈമിൽ ബോംബ് പൊട്ടുംപോലെ രണ്ടുഗോളുകൾ. ത്രില്ലർ സിനിമകൾ തോറ്റുപോകുന്ന ആന്റി ക്ലൈമാക്സ്. 

93–ാം മിനിറ്റിൽ യുവാൻ മസിയയെ അനാവശ്യ ചാലഞ്ചിനു ശ്രമിച്ച സന്ദേശ് ജിങ്കാൻ വരുത്തിവച്ച പെനൽറ്റിയിലൂടെ നോർത്ത് ഈസ്റ്റിന്റെ സമനില ഗോൾ. സമനിലയെങ്കിൽ സമനിലയെന്നാശ്വസിച്ച ബ്ലാസ്റ്റേഴ്സിന്റെ നെഞ്ച് തകർത്ത് ഇൻജറി ടൈമിന്റെ അവസാന നിമിഷം 96–ാം മിനിറ്റിൽ ജുവാൻ‌ മസിയയുടെ തണ്ടർബോൾട്ട് ഷോട്ട് ബ്ലാസ്റ്റേഴ്സ് വലയിൽ. വീണ്ടും തോറ്റെന്നു ബ്ലാസ്റ്റേഴ്സ് വിശ്വസിച്ചത് ഫൈനൽ വിസിൽ കേട്ടപ്പോൾ. സ്കോർ 2–1. എട്ടു മൽസരങ്ങളിൽ ഏഴു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തു തുടരുന്നു. 

∙ ക്ലൈമാക്സ് ദുരന്തം

അവസാന നിമിഷം വരെ വില്ലന്റെ ഇടിയേറ്റു ചോരയൊലിപ്പിച്ചു കിടന്ന ശേഷം ഉയിർത്തെഴുന്നേൽക്കുന്ന നായകനെപ്പോലെയായിരുന്നു നോർത്ത് ഈസ്റ്റിന്റെ പോരാട്ടം. അതുവരെ വിജയനായക വേഷത്തിൽ വിലസിയതും ബ്ലാസ്റ്റേഴ്സും. 90 മിനിറ്റിന്റെ പതിവു സമയം അവസാനിക്കുമ്പോൾ 1–0നു ലീഡ് ചെയ്യുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. പക്ഷേ, ഈ സീസണിലെ മൂന്നു കളികളിൽ കേരളത്തെ പിന്തുടർന്ന ക്ലൈമാക്സ് ഭൂതം ഇത്തവണയും അവതരിച്ചു. 

 ഇൻജറി ടൈമിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ പന്തിനായി ഉയർന്നു ചാടിയ സ്ട്രൈക്കർ യുവാൻ മസിയയെ സന്ദേശ് ജിങ്കാൻ അനാവശ്യ ചാലഞ്ചിലൂടെ തലയ്ക്കിടിച്ചു വീഴ്ത്തി. 

റഫറി വിധിച്ച പെനൽറ്റിയെടുത്തത് ടൂർണമെന്റ് ടോപ്സ്കോറർമാരിലൊരാളായ ഓഗ്ബെച്ചെ തന്നെ. ഗോൾകീപ്പർ ധീരജിനെ അനങ്ങാൻ അനുവദിക്കാതെ പന്ത് ഇടതുമൂലയിൽ കയറി. സ്കോർ 1–1. 

∙ പോകാൻവരട്ടെ

സമനിലയുടെ നിരാശയുമായി ബൂട്ട്സ് അഴിക്കാൻ ഒരുങ്ങിയ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മുഖമടച്ചാണ് തോൽവിയുടെ അടിവീണത്. ഇൻജുറി ടൈം തീരാനൊരുങ്ങവേ 96–ാം മിനിറ്റിൽ റൗളിൻ ബോർഹസിനു മുന്നിൽ വീണുകിട്ടിയ പന്ത് ബോക്സിനുള്ളിൽ ജുവാൻ മസിയയ്ക്കു നീട്ടിനൽകി. ഒറ്റ ബൗൺസിന്റെ ഇടവേളയിൽ മസിയ പന്ത് വല ലക്ഷ്യമാക്കി തൊടുത്തു. ബാലിസ്റ്റിക് മിസൈൽ കണക്കെ കുതിച്ച പന്ത് ധീരജിനെ മറികടന്നു വലയിൽ. ഒന്നു കൈ ഉയർത്തി പന്ത് തടയാനുള്ള സാവകാശം പോലും ധീരജിനു ലഭിച്ചില്ല. പകരക്കാരനായി ഇറങ്ങി പെനൽറ്റിക്കും വിജയഗോളിനും അവസരം ഒരുക്കിയ മസിയയെ സഹതാരങ്ങൾ ആകാശത്തേക്കുയർത്തി. അപ്രതീക്ഷിത തോൽവിയോടെ ബ്ലാസ്റ്റേഴ്സ് മണ്ണിൽ കമിഴ്ന്നടിച്ചുവീണു. തോൽവി 2–1ന്.

∙ കൊള്ളാം, മാതേയ്

മാതേയ് പൊപ്ലാട്നിക്കിന്റെ തലയ്ക്ക് ഉന്നവും ഭാഗ്യവുമുണ്ടായിരുന്നെങ്കിൽ നോർത്ത് ഈസ്റ്റിന്റെ ഗോൾവല ആദ്യപകുതിയിൽ തന്നെ കീറിയേനെ. പൊപ്ലാട്നിക്കിന്റെ തലയ്ക്കു നേരെ ഗോളവസരങ്ങളായി പറന്നെത്തിയ ഒന്നിലധികം പന്തുകൾ വലയ്ക്കു പുറത്തും ഗോളിയുടെ ഗ്ലൗസിലും പോരാട്ടം അവസാനിപ്പിച്ചു. 

 ആദ്യപകുതിയിൽ ഗോളെന്നുറപ്പിച്ച ഒന്നിലധികം അവസരങ്ങൾ ഇരുവശത്തും വാതിൽതുറന്നെത്തിയെങ്കിലും ഒന്നും ഗോൾപോസ്റ്റിന്റെ പടികടന്നില്ല. നോർത്ത് ഈസ്റ്റിന്റെ മുന്നേറ്റംകണ്ട രണ്ടാം പകുതിയിൽ 73ാം മിനിറ്റിൽ പൊപ്ലാട്നിക് തന്നെയാണ് കേരളത്തെ പ്രതീക്ഷയുടെ പർവത മുകളറ്റത്ത് എത്തിച്ചത്. 

പകരക്കാരനായെത്തിയ മലയാളിതാരം സക്കീർ മുണ്ടംപാറയുടെ സെറ്റ്പീസിൽ നിന്നായിരുന്നു കളിയുടെ ഗതിക്കെതിരായ ഗോൾപിറവി. സക്കീറിന്റെ കോർണർകിക്ക് ഒന്നാംപോസ്റ്റിനരികിലേക്കു താഴ്ന്നു പറന്നെത്തിയപ്പോൾ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന പൊപ്ലാട്നിക് നിലംകുഴിക്കുന്ന ഹെഡറിലൂടെ ഗോളാക്കി മാറ്റി. പിന്നീടങ്ങോട്ടു തോൽക്കാതിരിക്കാനുള്ള കളിയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. മരിക്കാതിരിക്കാനുള്ള കളി നോർത്ത് ഈസ്റ്റും. 90 മിനിറ്റും ജയിക്കാൻ കളിച്ച ബ്ലാസ്റ്റേഴ്സിനെ അവസാന അഞ്ച് മിനിറ്റിലെ മരണക്കളിയിൽ നോർത്ത് ഈസ്റ്റ് മറികടന്നു.