കൊച്ചി ∙ ആരാധകരുടെ മോശം പെരുമാറ്റത്തിന്റെ പേരിൽ ബെംഗളൂരു എഫ്സിക്ക് 15 ലക്ഷം രൂപ പിഴ. ഇന്ത്യയിൽ ആദ്യമായാണ് ആരാധകരുടെ മോശം പെരുമാറ്റത്തിന്റെ പേരിൽ ക്ലബിനു പിഴയിടുന്നത്.
കഴിഞ്ഞ സീസണിലെ ഐഎസ്എൽ മൽസരങ്ങളിൽ ഒഫിഷ്യലുകൾക്കെതിരെ ബിഎഫ്സി ആരാധകരുടെ മോശം പെരുമാറ്റത്തിനു കഴിഞ്ഞ മാർച്ചിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പിഴയിട്ടിരുന്നു. ഇതിനെതിരെ ബിഎഫ്സി നൽകിയ അപേക്ഷ എഐഎഫ്എഫ് അപ്പീൽ കമ്മിറ്റി തള്ളുകയായിരുന്നു. പിഴ ഈടാക്കാനുള്ള തീരുമാനം അച്ചടക്ക സമിതിയുടേതായിരുന്നു.
ഐഎസ്എൽ സീസൺ 4ലെ മാച്ചുകളിൽ ഒഫിഷ്യലുകൾക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നാണു കണ്ടെത്തൽ. ലീഗ് ഘട്ടത്തിൽ എഫ്സി പുണെ സിറ്റി, കേരള ബ്ലാസ്റ്റേഴ്സ് ടീമുകൾക്കെതിരായ മാച്ചുകളിലും ചെന്നൈയിൻ എഫ്സിക്കെതിരായ ഫൈനലിലും ആയിരുന്നു സംഭവം. മൂന്നു വ്യത്യസ്ത ദിനങ്ങളിലാണു മോശം പെരുമാറ്റം ഉണ്ടായതെങ്കിലും തുടർച്ചയായ സംഭവമായാണു സമിതി വിലയിരുത്തിയത്.