ബെംഗളൂരുവിന് തുടർച്ചയായ ആറാം വിജയം

ബെംഗളൂരു ∙ എഫ്സി പുണെ സിറ്റിയെ 2–1നു കീഴടക്കിയ ബെംഗളൂരു എഫ്സിക്ക് ഐഎസ്എല്ലിൽ തുടർച്ചയായ ആറാം വിജയം. സെൽഫ് ഗോൾ വഴങ്ങി ബെംഗളൂരുവിന്റെ വില്ലനായി മാറിയ രാഹുൽ ഭീകേ തന്നെയാണ് വിജയഗോൾ നേടി ഒടുവിൽ നായകനായതും.

11–ാം മിനിറ്റിൽ ഉദാന്ത സിങ്ങിലൂടെ ബെംഗളൂരു ലീഡ് നേടി. പക്ഷേ, 4 മിനിറ്റിനകം ഭീകേയുടെ സെൽഫ് ഗോളിൽ പുണെ ഒപ്പമെത്തി. എന്നാൽ, അധ്വാനിച്ചു കളിച്ച റൈറ്റ് ബായ്ക്ക് ഭീകേ 89–ാം മിനിറ്റിൽ ബെംഗളൂരുവിന്റെ വിജയഗോൾ കുറിച്ചു. 5 പോയിന്റ് ലീഡോടെ പട്ടികയിൽ ഒന്നാമതാണു ബെംഗളൂരു. പുണെ ഒൻപതാം സ്ഥാനത്തും.