മുംബൈ∙ ശത്രുക്കൾക്കുപോലും ഈ ഗതി വരുത്തരുതേ എന്നാകും മുംബൈ സിറ്റി എഫ്സിക്കെതിരായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മൽസരം കണ്ട ആരാധകരുടെ പ്രാർഥന! അക്ഷരാർഥത്തിൽ ഗോൾമഴ പെയ്ത ആവേശപ്പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെ കുത്തിനോവിച്ച മുംബൈയ്ക്ക് ഈ സീസണിലെ ഏറ്റവും വലിയ വിജയം. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ മുക്കിയത്.
ഹാട്രിക്കും കടന്ന് ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി നാലു ഗോൾ എന്ന നേട്ടം കൈവരിച്ച സെനഗൽ താരം മോദൗ സൗഗുവാണ് ഈ വർഷത്തെ അവസാന ഐഎസ്എൽ പോരാട്ടത്തിൽ മുംബൈയ്ക്ക് അവിസ്മരണീയ വിജയമൊരുക്കിയത്. 12, 15, 30, 90+4 മിനിറ്റുകളിലായിരുന്നു സൗഗുവിന്റെ ഗോളുകൾ. റാഫേൽ ബാസ്റ്റോസ് (70), മിരാബാജെ (89) എന്നിവരാണ് മുംബൈയുടെ ഗോൾപട്ടിക പൂർത്തിയാക്കിയത്. ബ്ലാസ്റ്റേഴ്സിന്റ ആശ്വാസഗോൾ ലെൻ ഡുംഗൽ (27) നേടി. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട മലയാളി താരം സക്കീർ മുണ്ടംപാറ പുറത്തുപോയതിനാൽ 10 പേരുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി കളിച്ചത്.
ഇതോടെ 12 മൽസരങ്ങളിൽനിന്ന് 24 പോയിന്റുമായി മുംബൈ സിറ്റി എഫ്സി ബെംഗളൂരുവിന് പിന്നിൽ രണ്ടാം സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. 11 മൽസരങ്ങളിൽനിന്ന് 27 പോയിന്റുമായാണ് ബെംഗളൂരു ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്നത്. സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആകട്ടെ, 12 മൽസരങ്ങളിൽനിന്ന് ഒൻപതു പോയിന്റുമായി എട്ടാം സ്ഥാനത്തു തുടരുന്നു.
ഗോളുകൾ വന്ന വഴി
മുംബൈ, ആദ്യ ഗോൾ: കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധം തീർത്തും പാളിപ്പോയ നിമിഷത്തിലാണ് മുംബൈ ആദ്യ ഗോൾ നേടിയത്. ഇടതുവിങ്ങിലൂടെ ഓടിക്കയറിയ പൗളോ മച്ചാഡോ ബോക്സിന് ഒത്ത നടുവിലേക്ക് പന്തു നീട്ടിനൽകുമ്പോൾ ഗോൾ ലക്ഷ്യമിട്ട് സൗഗുവും തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ രണ്ടു പേരുമുണ്ടായിരുന്നു. ഓഫ് സൈഡ് പ്രതീക്ഷിച്ച് വേഗം കുറച്ച ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കു പിഴച്ചു. പന്തിലേക്കു നിരങ്ങിയെത്തിയ സൗഗു അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.
മുംബൈ, രണ്ടാം ഗോൾ: ആദ്യ ഗോളിന്റെ ആവേശം തീരും മുൻപേ രണ്ടാം ഗോൾ പിറന്നു. സ്വന്തം ബോക്സിനു സമീപം അപകടകരമായ രീതിയിൽ മൈനസ് പാസ് നൽകി കളി ‘കെട്ടിപ്പടുക്കാനുള്ള’ ശ്രമമാണ് മുംബൈയുടെ രണ്ടാം ഗോളിൽ കലാശിച്ചത്. അനസിൽനിന്നു കിട്ടിയ മൈനസ് പാസ് മുന്നോട്ടു നീട്ടിനൽകാനുള്ള ധീരജ് സിങ്ങിന്റെ ശ്രമം പാളി. പന്തു നേരെ റായ്നിയറിലേക്ക്. പന്തുമായി വട്ടം കറങ്ങി സൗഗുവിനെ ഉന്നമിട്ട് ബോക്സിനു മുന്നിലേക്ക് റായ്നിയറിന്റെ പാസ്. ചെറിയൊരു കാത്തുനിൽപ്പിനുശേഷം സൗഗു തൊടുത്ത ഷോട്ട് ക്രോസ് ബാറിന്റെ അടിയിൽത്തട്ടി വലയ്ക്കുള്ളിൽ. സ്കോർ 2–0.
ബ്ലാസ്റ്റേഴ്സ്, ആദ്യ ഗോൾ: 15 മിനിറ്റിനിടെ രണ്ടു ഗോൾ വഴങ്ങി പിന്നിലായിപ്പോയ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഗോളെത്തിയത്. സഹൽ അബ്ദുൽ സമദിന്റെ കഠിനാധ്വാനത്തിന്റെ കൂടി ഫലമായിരുന്നു ഗോൾ. മുംബൈ ബോക്സിനു മുന്നിൽ നഷ്ടമാക്കിയ പന്ത് റായിനിയറിൽനിന്നു പിടിച്ചെടുത്ത് മുന്നേറാൻ സഹലിന്റെ ശ്രമം. ഇതിനിടെ സൗവിക്കിന്റെ കാലിൽത്തട്ടി വീണെങ്കിലും പന്തു ബോക്സിനുള്ളിൽ ലെൻ ഡുംഗലിന്. ഇടത്തേ പോസ്റ്റു ലക്ഷ്യമാക്കി ഡുംഗൽ തൊടുത്ത ഷോട്ട് പോസ്റ്റിൽത്തട്ടി വലയ്ക്കുള്ളിൽ. സ്കോർ 1–2.
മുംബൈ, മൂന്നാം ഗോൾ: മൽസരത്തിന് കൃത്യം അര മണിക്കൂർ പ്രായമാകുമ്പോഴാണ് ഹാട്രിക് തികച്ച് സൗഗു മുംബൈയുടെ ലീഡ് വർധിപ്പിച്ചത്. ഇക്കുറിയും സൗഗുവിന് ഗോൾ നേടാനുള്ള പന്തെത്തിയത് ഇടതുവിങ്ങിൽനിന്ന്. ഇടതുവിങ്ങിലൂടെ ഓടിക്കയറി സുഭാശിഷ് ബോസ് സൗഗുവിനു പന്തു മറിക്കുമ്പോൾ തടയാൻ മുന്നിലും പിന്നിലുമായി രണ്ടു ബ്ലാസ്റ്റേഴ്സ് താരങ്ങളുണ്ടായിരുന്നു. ഒരു ഫലവുമുണ്ടായില്ല. പന്തിനു കണക്കാക്കി ഉയർന്നു ചാടിയ സൗഗു അതു വലതു മൂലയിലേക്ക് ഹെഡ് ചെയ്തു. ധീരജ് സിങ്ങിനെ കാഴ്ചക്കാരനാക്കി പന്തു വലയിൽ. സ്കോർ 3–1.
മുംബൈ, നാലാം ഗോൾ: പത്തു പേരുമായി രണ്ടാം പകുതി കളിച്ചിട്ടും പൊരുതിനിന്ന ബ്ലാസ്റ്റേഴ്സിന്റെ സമനില തെറ്റിച്ച് മുംബൈ നാലാം ഗോൾ നേടുമ്പോൾ മൽസരത്തിനു പ്രായം 70 മിനിറ്റ്. വലതുവിങ്ങിലൂടെ കുതിച്ചുകയറിയ ഇസ്സോക്കോയെ ലാൽറുവാത്താര ബോക്സിനു മുന്നിൽ ഫൗൾ െചയ്തെങ്കിലും പന്ത് നേരെ ബാസ്റ്റോസിന്. ബോക്സിന്റെ വലതുമൂലയിൽനിന്ന് ബാസ്റ്റോസ് തൊടുത്ത പൊള്ളുന്ന ഷോട്ട് ധീരജിന്റെ നീട്ടിയ കൈകളെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ. സ്കോർ 4–1.
മുംബൈ, അഞ്ചാം ഗോൾ: ഗോൾമഴയ്ക്ക് ശമനമായെന്ന് ആശ്വസിച്ചിരുന്ന ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് 89–ാം മിനിറ്റിൽ മുംബൈ അഞ്ചാം ഗോളും നേടി. ഇക്കുറിയും ഗോളിനു വഴിയൊരുക്കിയത് ഇസ്സോക്കോ. ഗോൾ നേടാനുള്ള ഭാഗ്യം മിരാബാജെ കൊറിയയ്ക്ക്. വലതുവിങ്ങിൽനിന്നും ഇസ്സോക്കോ ബോക്സിനു മുന്നിൽ കൊറിയയ്ക്ക് പന്തു നീട്ടിനൽകുമ്പോൾ അപകടം പ്രതീക്ഷിച്ചവർ ചുരുക്കം. എന്നാൽ, പൊസിഷൻ കൃത്യമാക്കി കൊറിയ തൊടുത്ത തകർപ്പൻ ഷോട്ട് പെസിച്ചിന്റെ നീട്ടിയ കാലുകളെയും ധീരജിന്റെ നീട്ടിയ കൈകളെയും മറികടന്ന് കൃത്യമായി വലയിൽ. സ്കോർ 5–1.
മുംബൈ, ആറാം ഗോൾ: എല്ലാം അവസാനിച്ചെന്ന് ആശ്വസിച്ചുനിന്ന ബ്ലാസ്റ്റേഴ്സിന്റെ ആണിയിൽ മൽസരത്തിന്റെ ഇൻജുറി സമയത്ത് മുംബൈ അവസാന ആണിയും അടിച്ചു. അഞ്ചു ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ സമനില തെറ്റിയെന്നു വ്യക്തമാക്കുന്നതായിരുന്നു ആറാം ഗോൾ. ഇക്കുറി വലതു വിങ്ങിൽനിന്ന് ഇസ്സോക്കോയുടെ ക്രോസ് തടയാനുള്ള പെസിച്ചിന്റെ ശ്രമം പാളി. പന്തു ബോക്സിനു സമാന്തരമായി സൗഗുവിലേക്ക്. ഗോൾകീപ്പർ ധീരജ് സിങ് സ്ഥാനം തെറ്റിനിൽക്കെ സൗഗു അനായാസം പന്തു തട്ടി വലയിലിട്ടു. സ്കോർ 6–1.